Thursday 14 December 2017

റെക്കോര്‍ഡ് മഴ ഒപ്പം വിഷപ്പതയും ബാംഗ്ളൂരില്‍ ജനം വലഞ്ഞു

By Subha Lekshmi B R.17 Aug, 2017

imran-azhar

ബംഗളൂരു: കനത്ത മഴയ്ക്കു പിന്നാലെ ബംഗളൂരു നഗരത്തെ പ്രതിസന്ധിയിലാക്കി വിഷപ്പതയും. വര്‍ത്തൂര്‍ നദിയില്‍ നിന്നും പുറത്തുവന്ന വിഷപ്പത ബുധനാഴ്ച റോഡിലേക്ക് പരന്നതോടെ ഗതാഗതം സ്തംഭിച്ചു. വൈറ്റ്ഫീല്‍ഡ് റോഡില്‍ ഏതാണ്ട് പത്തടിയോളം ഉയരത്തിലാണ് വിഷപ്പത നിറഞ്ഞത്. വ്യാഴാഴ്ച രാവിലെയും പലയ ിടത്തും വിഷപ്പത മൂലം ജനങ്ങള്‍ ബുദ്ധിമുട്ട് നേരിട്ടു.വിഷപ്പതയെ വകവയ്ക്കാതെ ബസ് തുടങ്ങിയ വലിയ വാഹനങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ ചെറിയ വാഹനങ്ങള്‍ ബുദ്ധിമുട്ടിലായി. കാറുകളുടെ ചില്ളുകള്‍ പൊക്കിവച്ചാലും രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായി യാത്രക്കാര്‍ പ്രതികരിച്ചു.

 

 

ചെറിയ മഴയില്‍പ്പോലും വര്‍ത്തൂര്‍ തടാകത്തില്‍ നിന്നും വിഷപ്പത റോഡിലേക്കും സമീപത്തെ വീടുകളിലേക്കും വ്യാപിക്കുന്നത് നേരത്തേ തന്നെ വാര്‍ത്തയായിരുന്നു. വിഷപ്പത ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും പരാതിയുണ്ട്. എച്ച്എഎല്‍, ഡൊംലൂര്‍, കോറമംഗല, അഗര ഭാഗങ്ങളിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ പുറന്തള്ളുന്ന അവശിഷ്ടമാണ് വര്‍ത്തൂര്‍, ബെലന്തൂര്‍ തടാകങ്ങളിലെ വിഷപ്പതപ്രശ്നത്തിനു കാരണമെന്ന് സംസ്ഥാന മലിനീകരണ ബോര്‍ഡ് നേരത്തേ കണ്ടെത്തിയിരുന്നു.

 

 

അതേസമയം, 127 വര്‍ഷത്തിനുശേഷമാണ് നഗരത്തില്‍ ഇത്രയും കനത്ത മഴ പെയ്യുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ ആറുവരെ റെക്കോര്‍ഡ് മഴയാണ് ബംഗളൂരുവില്‍ പെയ്തത്. ഇതോടെ, താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്നവര്‍ ദുരിതത്തിലായിരുന്നു.