Wednesday 20 June 2018

ശശികലയ്ക്ക് തിരിച്ചടി; അഴിമതിക്കേസില്‍ ജയിലിലേക്ക്

By Subha Lekshmi B R.14 Feb, 2017

imran-azhar

ചെന്നൈ: അനധികൃത സ്വത്തുസന്പാദനക്കേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയ്ക്കു തിരിച്ചടി. ഹൈക്കോടതി വിധിയെ വിമര്‍ശിച്ച കോടതി ബംഗലുരു വിചാരണക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. 2014ല്‍ ബെംഗളൂരുവിലെ വിചാരണ കോടതി പ്രതികള്‍ക്കു നാലു വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു. ഇതു ശരിവച്ചതോടെ ശശികലയും മറ്റു പ്രതികളും മൂന്നു വര്‍ഷവും 10 മാസം തടവും 10 കോടി രൂപ പിഴയും അടയ്ക്കണം. 2015ല്‍ ഹൈക്കോടതി എല്ളാവരെയും കുറ്റവിമുക്തരാക്കിയിരുന്നു. ഇതേത്തുടര്‍ന്നു കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ.അന്‍പഴകനും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അതേസമയം, ബംഗളൂരു വിചാരണകോടതിയില്‍ കീഴടങ്ങാന്‍ ശശികലയ്ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. വിചാരണക്കോടതി വിധിയനുസരിച്ച് രണ്ടുമാസം ജയില്‍ശിക്ഷ അനുഭവിച്ചതിനാല്‍ ബാക്കി തടവാണ് ശശികലയ്ക്കും കൂട്ടര്‍ക്കും അനുഭവിക്കേണ്ടി വരിക.

ഇതോടെ 20 വര്‍ഷം നീണ്ട നിയമയുദ്ധത്തിനാണ് അന്ത്യമായിരിക്കുന്നത്. ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയാണ്. 1991~'96 കാലത്ത് ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ 66.65 കോടിയുടെ അനധികൃത സ്വത്ത് സന്പാദിച്ചെന്ന് ആരോപിച്ച് പരാതി നല്കിയത്. ശശികല, ജയയുടെ വളര്‍ത്തുമകനായിരുന്ന വി.എന്‍. സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവരും പ്രതികളായിരുന്നു. അഞ്ചു വര്‍ഷത്തിനിടെ 66.65 കോടി രൂപ അനധികൃതമായി സന്പാദിച്ചെന്നാണു കേസ്. മുഖ്യമന്ത്രിയെന്നനിലയില്‍ ഇക്കാലയളവില്‍ ജയയുടെ മൊത്തം ശന്പളമാകട്ടെ 60 രൂപ മാത്രവും. പ്രതിമാസം ഒരു രൂപ മാത്രം. 60 രൂപയില്‍ത്തന്നെ 27 രൂപ മാത്രമാണു ജയ കൈപ്പറ്റിയത്. 33 രൂപ ഖജനാവിലേക്കു മുതല്‍ക്കൂട്ടിയിരുന്നു. എന്നാല്‍, ശശികല നയിച്ച മന്നാര്‍ഗുഡി മാഫിയ ജയയെ അഴിമതിയില്‍ മുക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.