Saturday 06 June 2020




ആളുകൾ തമ്മിൽ ഒരു മീറ്റര്‍ അകലം പാലിച്ചില്ലെങ്കിൽ ആറുമാസം ശിക്ഷ; നടപടി കടുപ്പിച്ച് സിംഗപൂര്‍

By Online Desk .27 Mar, 2020

imran-azhar

 


സിംഗപ്പൂർ: കോവിഡ് 19 പ്രതിരോധന പ്രവർത്തനത്തിന്റെ ഭാഗമായി രണ്ടു മാസമായി കടുത്ത നടപടികളുമായി മുന്നോട്ട് പോകുകയാണ് സിംഗപ്പൂർ സർക്കാർ. ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കാതെ മറ്റൊരാളുടെ അടുത്തേയ്ക്ക് ചെന്നാൽ ഉടൻ ജയിലിലടയ്ക്കുമെന്നും ആറു മാസം വരെ ശിക്ഷ ലഭിക്കുമെന്ന പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് സിംഗപ്പൂർ സർക്കാർ. രാജ്യത്ത് പകര്‍ച്ചവ്യാധി നിയമം നടപ്പാക്കിക്കൊണ്ട് വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബാറുകള്‍ അടയ്ക്കുകയും 10ലധികം പേര്‍ കൂടിച്ചേരുന്നത് നിരോധിക്കുകയും ചെയ്തിട്ടണ്ട്. കഴിഞ്ഞ ദിവസങ്ങളായി സിംഗപ്പൂരിൽ കൂടുതൽ വൈറസ് ബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

 


ഉറപ്പിച്ച കസേരകളാണെങ്കിൽ ഇടയ്ക്കുള്ള കസേരകള്‍ ഒഴിച്ചിട്ട് അകലംപാലിച്ച് വേണം ഇരിക്കാന്‍. വരിനില്‍ക്കുമ്പോഴും ഈ അകലം പാലിച്ചിരിക്കണം. അങ്ങനെയല്ലാത്തവരെ കുറ്റവാളികളായി കരുതി ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കും. ഷോപ്പിങ് മാളുകളും റസ്റ്റോറന്റുകളും അടക്കമുള്ള പൊതു ഇടങ്ങളില്‍ ശക്തമായ സുരക്ഷാ മുന്‍കരുതലുകളാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പതിനായിരം സിംഗപുര്‍ ഡോളര്‍ വരെ പിഴയോ ആറു മാസം തടവോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. ഏപ്രില്‍ 30 വരെയാണ് സിംഗപ്പൂരിൽ ഈ നിയമം നിലനില്‍ക്കുക. ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ കൂടുതല്‍ കടുത്ത നിയമങ്ങള്‍ നടപ്പാക്കാന്‍ മടിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.