Saturday 11 July 2020




വിധികാത്ത് തമിഴകം

By SUBHALEKSHMI B R.20 Sep, 2017

imran-azhar

ചെന്നൈ: പുരട്ച്ചിതലൈവി ജെ.ജയലളിതയുടെ മരണത്തോടെ പ്രതിസന്ധിയിലായ തമിഴ്നാട് സര്‍ക്കാരിന്‍റെ ഭാവി ഇന്ന് ഹൈക്കോടതി തീരുമാനിക്കും. സ്പീക്കര്‍ അയോഗ്യരാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിനകരന്‍ പക്ഷത്തെ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും തമിഴ്നാട് നിയമസഭയില്‍ എടപ്പാടി സര്‍ക്കാര്‍ വിശ്വസവോട്ടെടുപ്പു തേടണമെന്ന് ആവശ്യപ്പെടുന്ന ഡിഎംകെയുടെ ഹര്‍ജിയും മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ ഡിഎംകെയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുമുണ്ട്.

 

ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായില്ളെങ്കില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും കൂട്ടര്‍ക്കും വലിയ തിരിച്ചടിയാകും. എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയില്‍ കോടതി ഇടപെടുന്നില്ളെങ്കില്‍ തിരിച്ചടി ദിനകരന്‍ പക്ഷത്തിനാകും. വിപ്പ് ലംഘിക്കാത്ത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ളെന്നും ഇതിനു മുന്‍പു പല സംസ്ഥാനങ്ങളിലും നടന്ന ഇത്തരം നടപടികള്‍ കോടതി റദ്ദാക്കിയിട്ടുണ്ടെന്നുമുള്ള വാദമാകും ദിനകരന്‍ വിഭാഗം ഉന്നയിക്കുക.

 

ഹൈക്കോടതി വിധിക്കുശേഷം പാര്‍ട്ടി സമര പരിപാടികള്‍ വ്യക്തമാക്കുമെന്നു പ്രതിപക്ഷമായ ഡിഎംകെയുടെ വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിടാന്‍ വരെ പാര്‍ട്ടി സജ്ജമാണെന്ന സൂചനയും അദ്ദേഹം നല്‍കി. ചൊവ്വാഴ്ച വൈകിട്ട് ഡിഎംകെ സാമാജികരുടെ യോഗത്തിനുശേഷമാണു സര്‍ക്കാരിനെ വീഴ്ത്താന്‍ ഒരുക്കമാണെന്നു സ്റ്റാലിന്‍ വ്യക്തമാക്കിയത്. സര്‍ക്കാരിനെ മറിച്ചിടുമെന്ന പ്രഖ്യാപനം ടി.ടി.വി. ദിനകരനും ആവര്‍ത്തിച്ചു