Sunday 31 May 2020
നാടും നഗരവും ഒരുങ്ങി; പൊങ്കാല മഹോത്സവം 1-ന്

By online desk.29 Feb, 2020

imran-azhar

 


തിരുവനന്തപുരം: ലക്ഷകണക്കിന് ഭക്തര്‍ കാത്തിരിക്കുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ക്ഷേത്രവും നഗരവും ഒരുങ്ങി. മാർച്ച് 1 ഞായറാഴ്ച്ച  മുതല്‍ നഗരം ഭക്തിയുടെ ആനന്ദത്തിരയിലമരും. ക്ഷേത്രം ഗ്രൗണ്ടില്‍ പ്രധാന പന്തലിന്റെയും ഭക്തര്‍ക്ക് വിശ്രമിക്കാനുള്ള പന്തലുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. നഗരവീഥികളിലെല്ലാം പൊങ്കാലയ്ക്ക് വേണ്ട മണ്‍കലങ്ങളും കൊതുമ്പും ഓലച്ചൂട്ടും ഇടം പിടിച്ച് കഴിഞ്ഞു. പൊങ്കാലയ്ക്ക് മുന്നോടിയായി നഗരത്തിലെ വിവിധ കവലകളില്‍ പതിവുള്ള ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളും അവസാന മിനുക്കുപണികളിലാണ്. നാളെ രാവിലെ 9.30ന് കാപ്പുകെട്ടി കുടിയിരുത്തലോടെയാണ് ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കമാകുന്നത്.

 

അംബ, അംബിക, അംബാലിക, തുടങ്ങി മൂന്ന് വേദികളിലായാണ് കലാപരിപാടികള്‍. വൈകിട്ട് 6.30ന് കലാപരിപാടികള്‍ ചലച്ചിത്ര താരം അനു സിത്താര ഉദ്ഘാടനം ചെയ്യും. ആറ്റുകാല്‍ അംബാ പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും. രാത്രി 7.30ന് ശ്രീവത്സന്‍ ജെ. മേനോന്റെ സംഗീതകച്ചേരി, 9.30ന് സംഗീത സംവിധായകന്‍ ഇഷാന്‍ ദേവും പിന്നണി ഗായകന്‍ നിഖില്‍ മാത്യുവും നയിക്കുന്ന ഫ്യൂഷന്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. എല്ലാ ദിവസവും തോറ്റം പാട്ടുണ്ടാകും. പത്തിന് രാത്രി കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും. ഈ വര്‍ഷത്തെ പൊങ്കാല പൂര്‍ണമായും ഹരിത പൊങ്കാലയാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ.

 

മേഖലയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മേയര്‍ അറിയിച്ചു. പൊങ്കാലയ്ക്കു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധ റോഡുകളുടെയും, ഡ്രയിനേജുകളുടെയും നവീകരണം, തെരുവു വിളക്കുകളുടെ പ്രവര്‍ത്തനം എന്നിവയുടെ പുരോഗതിയും മേയറുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തിയിരുന്നു. പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. പുഷ്പലത, ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ബീന. ആര്‍.സി, ഫോര്‍ട്ട് വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. സുരേഷ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉണ്ണി തുടങ്ങിയ ഉദ്യോഗസ്ഥ സംഘമാണ് പൊങ്കാലയുടെ അവസാനവട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയത്.

 


ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മാര്‍ച്ച് എട്ടിന് വൈകിട്ട് ആറുമണി മുതല്‍ ഒന്‍പത് വൈകിട്ട് ആറുവരെ നഗരസഭാ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും മദ്യ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ബന്ധപ്പെട്ട പ്രദേശങ്ങളില്‍ മദ്യം വിതരണം ചെയ്യാനോ വില്‍പ്പന നടത്താനോ പാടില്ല. പൊങ്കാല ദിവസം 3500 പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടാകും. മറ്റ് ദിവസങ്ങളിലും ഭക്തരുടെ സൗകര്യത്തിനായി പൊലീസ് സേന പ്രവര്‍ത്തിക്കും. നാളെ മുതല്‍ 8 വരെ മാത്രം 760 പൊലീസുകാരെ സുരക്ഷാ ചുമതലകള്‍ക്കു നിയോഗിക്കും. 3500 പോലീസുകാരെ പൊങ്കാല ഉത്സവദിനത്തിലെ മാത്രം സുരക്ഷയ്ക്കായി നിയോഗിക്കും. 2000 വനിതാ പൊലീസുകാരാണ് ക്ഷേത്രത്തിലെയും പരിസരത്തെയും സുരക്ഷാ ചുമതല നിര്‍വഹിക്കുക. മോഷണം തടയുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. ബൈക്ക് പട്രോളിംഗ് സംഘങ്ങളെയും നിയോഗിക്കും. സിസിടിവി ക്യാമറകള്‍ക്ക് പുറമെ ഡ്രോണില്‍ ഘടിപ്പിച്ച ക്യാമറകള്‍ വഴിയും നിരീക്ഷണം നടത്തും.

 


അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിനു മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ആംബുലന്‍സുകളും പരിസരത്തുണ്ടാവും. ഫയര്‍ ഫോഴ്‌സിനെ വിന്യസിക്കുന്നതിനൊപ്പം അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് ക്ഷേത്രജീവനക്കാര്‍ക്കു കൂടി പരിശീലനം നല്‍കും. ഉത്സവദിവസങ്ങളില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തും. മുന്നൂറിലധികം ബസുകളാണ് ഇത്തവണ സര്‍വീസ് നടത്തുക. 9 പ്രത്യേക ട്രെയിന്‍ സര്‍വീസുകളും കൂടുതല്‍ സ്റ്റോപ്പുകളും പൊങ്കാല ദിവസം ഉണ്ടാകും. ക്ഷേത്രത്തിനു മുന്നില്‍ തന്നെ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസ് വേണമെന്നാണു കെഎസ്ആര്‍ടിസിയുടെ ആവശ്യമെങ്കിലും തിരക്കു പരിഗണിച്ച് തീരുമാനം എടുത്തിട്ടില്ല.

 


ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ തട്ടുകടകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാത്രികാല പരിശോധന കര്‍ശനമാക്കിയതായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എ.ആര്‍. അജയകുമാര്‍ അറിയിച്ചു. 54 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ 14 സ്‌ക്വാഡുകളാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. ഇതുവരെ 97 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡം ലംഘിച്ച 47 സ്ഥാപനങ്ങള്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നോട്ടീസ് നല്‍കി. ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയ 10 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായും മാര്‍ച്ച് പത്തുവരെ പരിശോധന തുടരുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യ സംരക്ഷ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം. ജില്ലയിലെ വിവിധ ഭക്ഷ്യ വിതരണ കേന്ദ്രങ്ങളില്‍ വകുപ്പ് പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ 18004251125, 8943346181, 8943346195, 7593862806.