Sunday 12 July 2020




ചൈനയില്‍ സത്യം വിളിച്ച് പറയുന്നവരുടെ ഗതി

By online desk.13 Feb, 2020

imran-azhar

 

എന്റെ തൊട്ടുമുന്നില്‍ മഹാവ്യാധിയാണ്. എനിക്ക് പിന്നാലെ, ചൈനയിലെ ഭരണകൂടവും നിയമവ്യവസ്ഥയുമുണ്ട്. എന്നാലും എനിക്ക് ഭയമില്ല. എനിക്ക് ജീവനുള്ളിടത്തോളം കാലം, എന്റെ കണ്‍മുന്നിലുളള ദുരിതങ്ങളെപ്പറ്റി ഞാന്‍ ലോകത്തോട് വിളിച്ചു പറയും. എനിക്ക് മരണഭയമില്ല, ആ ഞാന്‍ പിന്നെയെന്തിന് നിങ്ങളെപ്പേടിക്കണം, കമ്യൂണിസ്റ്റ്് പാര്‍ട്ടീ? ചെന്‍ ക്വിഷി എന്ന ചൈനീസ് സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തകന്‍ ജനുവരി 30ന് പുറത്തുവിട്ട യൂട്യൂബ് വീഡിയോയില്‍ പറഞ്ഞ വാക്കുകളാണിത്.

 

തന്റെ മകനെ കുറച്ചു ദിവസമായി കാണാനില്ലെന്നും ഗവണ്‍മെന്റ് അവനെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാകാമെന്നും അവനെ ഗവണ്‍മെന്റ് ഉന്മൂലനം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നുമൊക്കെ പരാതിപ്പെട്ട്് ചെന്നിന്റെ അമ്മ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ പുറംലോകത്തെ അറിയിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ചെന്‍ ക്വിഷിയെ നിശ്ശബ്ദനാക്കിയോ എന്നുള്ള ആശങ്കകള്‍ ചൈനീസ് മാദ്ധ്യമലോകത്ത് പരക്കുകയാണ്.

 

ഒരു സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തകന്‍ എന്നതിലുപരി അറിയപ്പെടുന്ന ഒരു മനുഷ്യാവകാശപ്രവര്‍ത്തകനും അഭിഭാഷകനുമാണ് ചെന്‍ ക്വിഷി. കൊറോണാ വൈറസ് ബാധയെപ്പറ്റി ആദ്യം ലോകത്തെ അറിയിച്ച ഡോ. ലീ വെന്‍ ലിയാങ്ങിന്റെ അവസ്ഥ ചെന്‍ ക്വിഷിക്കും നേരിടുമോ എന്ന ഭയം അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവര്‍ക്കുണ്ട്. ഡോ. ലീയുടെ ഇടപെടലുകള്‍ ഭരണകൂടത്തിന്റെ അപ്രീതിക്ക് കാരണമാവുകയും അദ്ദേഹം അറസ്റ്റുചെയ്യപ്പെടുകയുമുണ്ടായി. പിന്നീട് അദ്ദേഹത്തിന് കൊറോണാ വൈറസ് ബാധയുണ്ടാവുകയും അസുഖം മൂര്‍ച്ഛിച്ച് അദ്ദേഹം മരിക്കുകയുമായിരുന്നു.

 

അതുപോലൊരന്ത്യം ചെന്‍ ക്വിഷിയെയും കാത്തിരിക്കുന്നുണ്ട് എന്നുള്ള ഉത്കണ്ഠയിലാണ് അദ്ദേഹത്തിന്റെ അമ്മയടക്കമുള്ളവര്‍. വീഡിയോയില്‍ അദ്ദേഹം ചൈനയിലെ ആശുപത്രികള്‍ നേരിട്ട് സന്ദര്‍ശിച്ചപ്പോള്‍ താന്‍ കണ്ട ദുരിതം നിറഞ്ഞ കാഴ്ചകളെപ്പറ്റി വിവരിക്കുന്നുണ്ട്. രോഗികള്‍ നിറഞ്ഞു കവിഞ്ഞ ആശുപത്രികള്‍. കിടക്കാനിടമില്ലാതെ ഇടനാഴികളിലും മറ്റും നിലത്ത് വിരിപ്പുവിരിച്ച്, ഓക്‌സിജന്‍ സിലിണ്ടറും ഘടിപ്പിച്ച് രോഗികളെ കിടത്തിയിരിക്കുന്നു.

 

വീല്‍ ചെയറില്‍ മരിച്ചു കിടക്കുന്ന ഒരാളെ കയ്യില്‍ ചേര്‍ത്ത് പിടിച്ചുനില്‍ക്കുന്ന ഒരു സ്ത്രീയെയും ആ വീഡിയോയില്‍ കാണാം. ലോകത്തിനു മുന്നില്‍ വാര്‍ത്തകളെത്തിക്കാന്‍ വേണ്ടി ചൈനീസ് ഗവണ്മെന്റ് അംഗീകൃത റിപ്പോര്‍ട്ടര്‍മാര്‍ ഹാസ്മാത്ത് സ്യൂട്ടുകളും മറ്റും ധരിച്ച് മാസ്‌കും സേഫ്റ്റി ഗോഗിളുകളും ഒക്കെ ഇട്ടാണ്്് ആശുപത്രികള്‍ സന്ദര്‍ശിക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തനായിരുന്നു ചെന്‍. കാരണം, അദ്ദേഹം ധരിച്ചിരിക്കുന്നത് വെറുമൊരു സാധാരണ മാസ്‌കും കണ്ണ് സംരക്ഷിക്കാന്‍ വേണ്ടി ഒരു സേഫ്റ്റി ഗോഗിളും മാത്രമാണ്.

 


എന്നാല്‍ സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് റിപ്പോര്‍ട്ടര്‍മാരുടെ പ്രക്ഷേപണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെന്നിന്റെ വീഡിയോകളില്‍ കുറച്ചുകൂടി ദൃശ്യങ്ങള്‍ സത്യസന്ധമാണ്.
ഇതിനുമുമ്പ് ചെന്‍ ക്വിഷിയെ കണ്ടിട്ടുള്ളത് ഹോങ്കോംഗ് പ്രതിഷേധ സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി അവിടെ സമരമുഖത്ത് നേരിട്ട് ചെന്നപ്പോഴായിരിക്കും. അവിടെ നിന്ന്് നിരന്തരം വിഡിയോകള്‍ ക്വിഷി പുറത്തുവിട്ടിരുന്നു അന്ന്. അന്നും ആ വീഡിയോകളിലൂടെ സത്യം പുറത്തുവിട്ടതിന് പൊലീസ് പിടിച്ച് അകത്തിട്ടിരുന്നു ക്വിഷിയെ.

 

ഇന്നിപ്പോള്‍ വൈറസ്ബാധിതമായ വുഹാനിലെ തെരുവുകളില്‍ നിന്ന് സ്റ്റേറ്റ്അക്രെഡിറ്റഡ് അല്ലാത്ത മാദ്ധ്യമക്കാര്‍ക്ക് വിലക്കുള്ള ആശുപത്രികളില്‍ നിന്നുമെല്ലാം ക്വിഷി അതിസാഹസികമായി, സ്വന്തം ജീവന്‍ വരെ അപകടപ്പെടുത്തി പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ കൊറോണാവൈറസ് ബാധയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ വിലപ്പെട്ട തെളിവുകളാണ്. സോഷ്യല്‍ മീഡിയയില്‍ ക്വിഷിയുടെ മോചനത്തിനുള്ള കാമ്പെയ്നുകള്‍ സജീവമാണ്. ക്വിഷിയെ മറ്റൊരു ഡോ. ലീ ആക്കരുത്, ജനങ്ങളെ സത്യം വിളിച്ചു പറയാന്‍ അനുവദിക്കണം, എന്നെക്കൊന്നാല്‍, എന്റെ ചോരയില്‍ നിന്ന് പതിനായിരങ്ങള്‍ ഇനിയും ഉയിര്‍ത്തെണീക്കും, പാട്ടുകള്‍ അധികാരികള്‍ക്കുവേണ്ടിയല്ല, ജനങ്ങള്‍ക്കുവേണ്ടിയാകണം എന്നിങ്ങനെ പല മുദ്രാവാക്യങ്ങളും ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

ചെന്‍ ക്വിഷിക്ക് ട്വിറ്ററില്‍ രണ്ടു ലക്ഷം ഫോളോവര്‍മാരും അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് നാലുലക്ഷത്തോളം സബ്‌സ്‌ക്രൈബര്‍മാരുമുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ രണ്ടു മാദ്ധ്യമങ്ങളിലൂടെയും നിരന്തരം വീഡിയോ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ക്വിഷി. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ചെന്‍ ക്വിഷിയെ ബന്ധപ്പെടാന്‍ പറ്റാത്ത അവസ്ഥയായത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏതോ ഡിറ്റെന്‍ഷന്‍ സെന്ററില്‍ അടച്ചിരിക്കുകയാണ് ചെന്‍ ക്വിഷിയെ എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ ഊഹിക്കുന്നത്. എന്തായാലും ഡോ. ലീയുടെ മരണത്തെ തുടര്‍ന്ന് ചൈനയില്‍ ഉയര്‍ന്ന ജനരോഷത്തിന് ചെന്‍ ക്വിഷിയുടെ തിരോധനത്തോടെ വീണ്ടും കാറ്റുപിടിച്ചിരിക്കുകയാണ്.