Tuesday 02 June 2020




'ഇന്നത്തെ ദിവസം രാജ്യത്തെ പെൺകുട്ടികൾക്ക് സമർപ്പിക്കുന്നു'; നിർഭയയുടെ അമ്മ

By online desk.20 Mar, 2020

imran-azhar

 


ന്യൂഡൽഹി: നീണ്ട ഏഴു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചെന്ന് നിർഭയയുടെ അമ്മ. ഇന്നത്തെ ദിവസം രാജ്യത്തെ പെൺകുട്ടികൾക്ക് സമർപ്പിക്കുന്നുവെന്നും നിയമവ്യവസ്‌ഥതയോടും സർക്കാരിനോടും നന്ദി രേഖപ്പെടുത്തുന്നെന്നും നിർഭയയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. നിർഭയ ആവർത്തിക്കാതിരിക്കാൻ പോരാടുമെന്നും നിർഭയയുടെ അമ്മ പറഞ്ഞു. ഈ ശിക്ഷ ഒരു പാഠമാകണമെന്ന് നിർഭയയുടെ അച്ഛൻ പ്രതികരിച്ചു. തിഹാർ ജയിലിനും നിർഭയയുടെ വീടിനു പുറത്തും ആയിരക്കണക്കിനു ആളുകളാണ് ആഹ്ലാദ പ്രകടനം കാഴ്ചവെക്കുന്നത്.

 


അതേസമയം, വധ ശിക്ഷ കൃത്യസമയത്ത് തന്നെ നടന്നുവെന്ന് തിഹാർ ജയിൽ അധികൃതർ അറിയിച്ചു. ശിക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ അഭിഭാഷകൻ കോടതിയുടെ മുന്നിൽ പ്രതിക്ഷേധിച്ചിരുന്നു. അക്ഷയ് താക്കൂർ, പവൻ ഗുപ്ത, മുകേഷ് സിംഗ്, വിനയ് ശർമ്മ എന്നിവരെയാണ് തൂക്കിലേറ്റിയത്. . കുറ്റവാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. അഞ്ചു ഡോക്ടർമാർ ഉൾപ്പെടുന്ന സംഘമാണ് പോസ്റ്റുമോർട്ടം ചെയ്യുന്നത്. ഇന്ന് പുലർച്ചെ മൂന്നരയോട് കൂടിയാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്ന് വധശിക്ഷ തടയാൻ ആകില്ലെന്ന നിർദ്ദേശം ലഭിക്കുന്നത്. തുടർന്ന് അഞ്ചരയോടെ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കുകയായിരുന്നു. അരമണിക്കൂറോളം പ്രതികളുടെ മൃത ദേഹങ്ങൾ തൂക്കു കയറിൽ നിർത്തി മരണം ഉറപ്പാക്കിയതിനു ശേഷമാണ് മൃതദേഹങ്ങൾ പുറത്തേക്കെടുത്തത്. അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കുന്നത്.