By online desk .01 Apr, 2020
അശ്ഖാബത്ത : കൊറോണ വൈറസ് എന്ന വാക്ക് ഉപയോഗിക്കുന്നതും ഫെയ്സ് മാസ്ക് ധരിക്കുന്നത്തിനും വിലക്കേർപ്പെടുത്തി തുര്ക്മെനിസ്താന്. ഇതുവരെ തങ്ങളുടെ രാജ്യത്ത് ഒരു കൊറോണ വൈറസ് ബാധ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് തുര്‍ക്മെനിസ്ഥാന്റെ വാദം. ഇതിനിടയിലാണ് ഭരണകൂടത്തിന്റെ ഉത്തരവ്. എന്നാൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് തുർക്ക്മെനിസ്ഥാന്റെ തെക്ക് അയൽ രാജ്യമായ ഇറാൻ
കൊറോണയെക്കുറിച്ച് ചര്‍ച്ച ചെയ്താലും മാസ്ക് ധരിച്ച് പുറത്തിറങ്ങിയാലും അറസ്റ്റ് ചെയ്യുമെന്നാണ് മധ്യ ഏഷ്യന്‍ രാജ്യമായ തുര്‍ക്മെനിസ്താനിലെ ഭരണകൂടത്തിന്റെ ഉത്തരവ്. കൊറോണ എന്ന വാക്ക് മാധ്യമങ്ങള്‍ പോലും ഉപയോഗിക്കരുതെന്നും ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ഫെയ്സ് മാസ്ക് ധരിച്ചിരിക്കുന്നത് നിരോധിച്ചിരിക്കുകയാണെന്നും അഥവാ ധരിച്ചാല്‍ അത് അറസ്റ്റിലേക്ക് നയിക്കുമെന്നും രാജ്യത്തെ സ്വതന്ത്ര റേഡിയോ നെറ്റ്വര്ക്കായ അസാത്ലൈക്കും അറിയിച്ചു.
ആരോഗ്യമേഖലുമായി ബന്ധപ്പെട്ട പ്രസ്താവനകളിലോ നോട്ടീസുകളിലോ അറിയിപ്പുകളിലോ കൊറോണ, കോവിഡ്-19 തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. അടുത്തിടെ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ലഘുലേഖയില്‍ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായ പ്രഖ്യാപിച്ച വൈറസ് ബാധയെക്കുറിച്ച് ഒരു പരാമര്‍ശം പോലുമില്ലെന്ന് തുര്ക്മെനിസ്താന് ക്രോണിക്കള്‍ റിപ്പോര്‍ട്ട് ചെയ്തു.