By Subha Lekshmi B R.21 Jun, 2017
മനില: ഫിലിപ്പീന്‍സിലെ കോട്ടബാറ്റോ പ്രവിശ്യയിലുള്ള ഗ്രാമത്തിലെ സ്കൂളില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ 12 പേരെ തടങ്കലിലാക്കി. ആറു പുരുഷന്മാരും ആറു കുട്ടികളുമാണു ഭീകരരുടെ തടവിലുള്ളതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിഗ്കാവായന്‍ നഗരത്തിനു സമീപമുള്ള മാലഗാകിറ്റ് ഗ്രാമത്തെയാണു ബാങ്സാമൊറോ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്സ് (ബിഐഎഫ്എഫ്) എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഐഎസ് ബന്ധമുള്ളവരാണ് ബിഐഎഫ്എഫ് ഭീകരസംഘടന.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഇരുന്നൂറോളം പേര് വരുന്ന ഭീകരര്‍ ക്രിസ്ത്യന്‍ മുസ്ലിം ഭൂരിപക്ഷം താമസിക്കുന്ന ഗ്രാമത്തിലേക്ക് ഇരച്ചുകയറിയത്. പ്രദേശത്താകെ ഇപ്പോള്‍ മുന്നൂറോളം ഭീകരരാണ് ഉള്ളതെന്നു പിഗ്കാവായന്‍ മേയര്‍ എലീസിയോ ഗാര്‍സെസ അറിയിച്ചു. സ്ഥലത്തെത്തിയ ഫിലിപ്പീന്‍സ് സേനയ്ക്കുനേരെ ഇവരെ മനുഷ്യകവചമാക്കി ഉപയോഗിക്കുകയാണ് ഭീകരര്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികനു പരുക്കേറ്റു.
ഫിലിപ്പീന്‍സിലെ രണ്ടാമത്തെ വലിയ ദ്വീപായ മിന്‍ഡാനോയുടെ തലസ്ഥാനമായ മാറാവിയില്നിന്ന് ഒരു മാസമായി ഭീകരരെ തുരത്താനുള്ള പോരാട്ടത്തിലായിരുന്നു സൈന്യം. 20ല്‍പരം വിദേശ, പ്രാദേശിക ജിഹാദി സംഘടനകള്‍ ഫിലിപ്പീന്‍സില്‍ സജീവമാണ്