Friday 17 August 2018

ബാലറ്റ് ഉപയോഗിക്കാന്‍ ധൈര്യമുണ്ടോ? ബിഎസ്പി ചരിത്രവിജയം നേടുമെന്ന് മായാവതി

By SUBHALEKSHMI B R.02 Dec, 2017

imran-azhar

ലക്നൌ: ഉത്തര്‍പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയ ബിജെപിയെ വെല്ളുവിളിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി. ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പു നടത്തിയാല്‍ ബിജെപിയെ കശക്കിയെറിഞ്ഞ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി ചരിത്രവിജയം നേടുമെന്ന് മായാവതി അവകാശപ്പെട്ടു. നഗരസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു പിന്നില്‍ രണ്ടാമതെത്തിയതിനു പിന്നാലെയാണു ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പു നടത്താമോയെന്ന് വെല്ളുവിളിച്ച് മായാവതി രംഗത്തെത്തിയത്.

 

ബിജെപിക്കാര്‍ സത്യസന്ധരും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുമാണെങ്കില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പു നടത്തണം. 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുകയാണല്ളോ. ജനങ്ങള്‍ ഒപ്പമുണ്ടെന്ന് ബിജെപി ഇപ്പോഴും കരുതുന്നുണ്ടെങ്കില്‍ അവര്‍ ബാലറ്റ് പേപ്പറില്‍ വോട്ടെടുപ്പ് നടത്തട്ടെ. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാല്‍ ബിജെപി അധികാരം നിലനിര്‍ത്തില്ളെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു മായാവതി പറഞ്ഞു. ലക്നൌവില്‍ മാധ്യപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍.

ഈ വര്‍ഷമാദ്യം ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതു മുതല്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിനെതിരെ വിമര്‍ശനവുമായി മായാവതി രംഗത്തുണ്ട്. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയാണു ബിജെപി തിരഞ്ഞെടുപ്പു ജയിക്കുന്നതെന്ന ആരോപണം ആദ്യം ഉയര്‍ത്തിയതും മായാവതിയാണ്. ഇതു പിന്നീടു ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുക്കുകയായിരുന്നു.

 

അതേസമയം, വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് ബിജെപി ജയിച്ചതെന്ന മായാവതിയുടെ ആരോപണത്തെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ തള്ളിക്കളഞ്ഞു. അനാവശ്യമായി വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചവര്‍ക്കാണ് ഈ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതെന്നും അദ്ദേഹം പരിഹസിച്ചു.