Friday 21 February 2020




വെള്ളായണി കായല്‍ പുനരുജ്ജീവനം: രണ്ടാംഘട്ട ശുദ്ധീകരണം തുടങ്ങി

By online desk .05 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: വെള്ളായണി കായലിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടം സഹകരണ - ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ വകുപ്പുകളും സ്വസ്തി ഫൗണ്ടേഷനും സഹകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ നാവിക സേനയും പിന്തുണയുമായി എത്തി. പുനരുജ്ജീവിപ്പിക്കുന്ന വെള്ളായണി കായല്‍മേഖല പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ഉത്തരവാദിത്ത ടൂറിസം സൗഹൃദ മേഖലയാക്കി മാറ്റാനാണ് ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നത്. ശുചീകരണത്തിന് ശേഷം കായല്‍ ആഴം കൂട്ടും. ബാര്‍ട്ടന്‍ ഹില്‍ എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ കായല്‍ ഉത്തരവാദിത്വ ടൂറിസം പദ്ധതി തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കായലിന്റെ സംരക്ഷണത്തിന് 60 വീതം കുടുംബങ്ങളെ ഉള്‍പ്പെടുത്തി ജനജാഗ്രതാ സമിതികളും രൂപീകരിക്കും.


കഴിഞ്ഞ മേയ് മുതല്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ 40 ഏക്കറോളം വിസ്തൃതിയില്‍ കായലിലെ കളകള്‍ മാറ്റാനും മാലിന്യം നീക്കാനുമായിട്ടുണ്ട്. ഇന്ത്യന്‍ നേവി കമാന്റിംഗ് ഓഫീസര്‍ കമഡോര്‍ ജി. പ്രകാശ് എന്‍.എം മുഖ്യാതിഥിയായിരുന്നു. എം.വിന്‍സന്റ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സ്വസ്തി ഫൗണ്ടേഷന്‍ ഭാരവാഹി മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, പ്രധാനമന്ത്രിയുടെ മുന്‍ അഡൈ്വസര്‍ ടി.കെ.എ നായര്‍, സംവിധായകന്‍ മധുപാല്‍, കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ജയലക്ഷ്മി, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, മറ്റ് സാംസ്‌കാരിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റിവൈവ് വെള്ളായണി ജനറല്‍ കണ്‍വീനര്‍ വി.ശിവന്‍കുട്ടി സ്വാഗതവും ഇന്ത്യന്‍ നേവി ക്യാപ്റ്റന്‍ സനൂജ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങുകളോടനുബന്ധിച്ച് വിവിധ സ്‌കൂളുകളിലെ കുട്ടികള്‍, എന്‍.എസ്.എസ്, എന്‍.സി.സി വിഭാഗങ്ങളുടെ ഘോഷയാത്ര, നീന്തല്‍ താരങ്ങളുടെ പ്രകടനം, നേവിയുടെ കയാക്കിംഗ്, കനോയിംഗ്, ഫയര്‍ ആന്റ് റസ്‌ക്യൂവിന്റെ വാട്ടര്‍ റെസ്‌ക്യൂ ഡെമോ, കുട്ടികളുടെ കരാട്ടെ ഡെമോ എന്നിവ അവതരിപ്പിച്ചു. ആദ്യഘട്ട ശുചീകരണത്തില്‍ കായലിലെ വവ്വാമൂല മേഖലയില്‍ നിന്ന് 6451 ലോഡ് മാലിന്യങ്ങളാണ് നീക്കിയത്.