Tuesday 02 June 2020
കോവിഡ് കാലത്തെ വ്‌ളാദിമിര്‍ പുടിന്റെ പൊതുജനപ്രേമം

By online desk .25 Mar, 2020

imran-azhar

 

കോവിഡ് 19 ലോകമെങ്ങും സംഹാരതാണ്ഡവമാടി പടര്‍ന്നു പിടിക്കുകയാണ്. ഇറ്റലി അടക്കമുള്ള പല രാജ്യങ്ങളും ആ മഹാമാരിക്ക് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്. പല രാജ്യങ്ങളും സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലായിക്കഴിഞ്ഞു. വീടുവിട്ട് പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം മിക്ക രാജ്യങ്ങളും ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.പുറത്തിറങ്ങിയാല്‍ അറസ്റ്റും കനത്ത പിഴയുമുണ്ട് പലേടത്തും.
എന്നാല്‍, ഇതില്‍ നിന്ന് ഒരല്പം വ്യത്യസ്തമാണ് റഷ്യയിലെ കാര്യങ്ങള്‍. സ്വന്തം ഭരണത്തിനും അധികാരശക്തിക്കും തുടര്‍ച്ചയുണ്ടാക്കാന്‍ വേണ്ടി പലപദ്ധതികളും വരും ദിവസങ്ങളില്‍ത്തന്നെ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കൊറോണാ വൈറസ് പരിഭ്രാന്തിക്കിടയിലും പുടിന്‍.

 

കോവിഡ് 19 കാരണം രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യം, ക്രൂഡ് ഓയിലിന്റെയും റൂബിളിന്റെയും നിരക്കിലുണ്ടായ ഇടിവ് എന്നിവ പുടിന്റെ പദ്ധതികള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

 

എണ്‍പതു വയസ്സുകഴിഞ്ഞിട്ടും അധികാരം തന്നില്‍ത്തന്നെ കേന്ദ്രീകരിച്ച് നിര്‍ത്താന്‍ വരുന്ന ഏപ്രിലില്‍ റഷ്യയുടെ ഭരണഘടന തന്നെ തിരുത്തി എഴുതാനുള്ള തയ്യാറെടുപ്പിലാണ് പുടിന്‍. വിക്ടറി ഡേയുടെ എഴുപത്തഞ്ചാം വാര്‍ഷികത്തിന് നടത്തുന്ന വമ്പിച്ച പരേഡും അനുബന്ധ ആഘോഷങ്ങളും കാണാന്‍ കാത്തുകാത്തിരിക്കയാണ് റഷ്യയില്‍ ബഹുഭൂരിപക്ഷ ജനങ്ങളും. അതിനിടെയാണ് പ്രതിബന്ധമായി കോവിഡ് 19 രോഗമെത്തുന്നത്. റഷ്യയിലും രോഗബാധ ഉണ്ടായിട്ടുണ്ടെങ്കിലും വിക്ടറി ഡേ വാര്‍ഷികാഘോഷങ്ങളോ മെഗാ പരേഡോ ഒന്നും മാറ്റി വച്ചതായി ഇതുവരെ അറിയിപ്പ് വന്നിട്ടില്ല. ഒപ്പം, ഭരണഘടന പൊളിച്ചെഴുതുന്നത് സംബന്ധിച്ച ഹിതപരിശോധനയും മുന്‍കൂട്ടി നിശ്ചയിച്ച സമയത്തു തന്നെ നടക്കുമെന്നാണ് പുടിന്‍ വ്യക്തമാക്കുന്നത്.

 

 

ഈ ദുര്‍ഘട സന്ധിയില്‍ സംയമനവും സമാധാനവും തന്റെ മുഖത്ത് വരുത്താന്‍ പാടുപെടുകയാണ് പുടിന്‍. യഥാസമയം സ്വീകരിച്ച മുന്‍കരുതലുകളും ഫലപ്രദമായ നിയന്ത്രണങ്ങളും കാരണം കോവിഡ് 19 രോഗകാര്യത്തില്‍ റഷ്യയില്‍ കാര്യങ്ങള്‍ സമ്പൂര്‍ണ നിയന്ത്രണത്തിലാണ് എന്നാണ് പുടിന്‍ പറയുന്നത്. രാജ്യത്ത് 438 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ മാത്രമേ അസുഖം ബാധിച്ച് മരിച്ചുള്ളുവെന്നാണ് റഷ്യ ഔദ്യോഗികമായി പറയുന്നത്. സര്‍ക്കാര്‍ നിയന്ത്രണ മാദ്ധ്യമം കോവിഡ് 19 വൈറസിനെ തുരത്താനുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യാതിരുന്ന യൂറോപ്യന്‍ യൂണിയനെ വിമര്‍ശിക്കുകയാണ്. അത് യൂണിയന്റെ വീഴ്ചയായി എടുത്തു കാണിക്കാനും റഷ്യന്‍ മാദ്ധ്യമം മടിക്കുന്നില്ല.

 


യൂറോപ്യന്‍ രാഷ്ട്ര നേതാക്കള്‍ സാമൂഹികമായ അകലം പാലിക്കേണ്ടതിന്റെ ആള്‍ക്കൂട്ടങ്ങളും ആഘോഷങ്ങളും ഒഴിവാക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി നിരന്തരം പ്രസംഗിക്കുന്നതിനിടെ പുടിന്‍ പോകുന്നത് ക്രിമിയയിലേക്കാണ്. അവിടെ യുക്രെയിനില്‍ നിന്ന് വേര്‍പെടുത്തി ക്രിമിയയെ റഷ്യയുടെ ഭാഗമാക്കിയതിന്റെ ആറാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുകയാണ്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്ന വാക്ക് പുടിന്റെ നിഘണ്ടുവില്‍ ഇല്ലെന്നാണ് തോന്നുന്നത്. പുടിന്‍ ക്രിമിയയില്‍ ചെന്നിറങ്ങിയ അന്നുതൊട്ട്, നിരന്തരം ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നതിന്റെ, ആളുകള്‍ക്ക് ഹസ്തദാനം നല്‍കുകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഔദ്യോഗിക റഷ്യന്‍ മാദ്ധ്യമങ്ങള്‍ പുറത്തു വിടുന്നുണ്ട്. ഇതൊക്കെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച്് റഷ്യയില്‍ എല്ലാം ശാന്തമാണെന്ന പ്രതീതി ജനിപ്പിക്കാനാണ് പുടിന്റെ ശ്രമം.

 


എന്നാല്‍, ഈ കാട്ടിക്കൂട്ടലൊക്കെയും വെറും പ്രഹസനങ്ങള്‍ മാത്രമാണ്. കോവിഡ് 19 ഭീതിക്കിടയിലും കെട്ടിപ്പിടിച്ചും കൈകൊടുത്തും ഒക്കെ നടക്കാന്‍ പുടിന്‍ കാണിക്കുന്ന ധൈര്യം കണ്ട് അമ്പരപ്പ് തോന്നുന്നുണ്ടോ നിങ്ങള്‍ക്ക് ? എങ്കില്‍ അമ്പരപ്പ് വേണ്ട, മീഡിയയ്ക്ക് മുന്നില്‍ ഈ കെട്ടിപ്പിടിത്തവും ഹസ്തദാനവുമൊക്കെ നടത്താന്‍ വന്നെത്തുന്ന ഓരോ ക്രിമിയക്കാരനും ആഴ്ചകള്‍ക്ക് മുമ്പേ കോവിഡ് 19 സ്‌ക്രീനിംഗുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് പുടിന്റെ ഏഴയലത്തെത്താനുള്ള അനുമതി നല്‍കിയിരിക്കുന്നത്. ക്രെംലിന്‍ സ്റ്റാഫ്, ഔദ്യോഗിക അംഗീകാരമുള്ള പത്രക്കാര്‍ അങ്ങനെ ഈ പരിപാടിയില്‍ പുടിനുമായി സമ്പര്‍ക്കം വരാന്‍ സാദ്ധ്യതയുള്ള എല്ലാവരും കോവിഡ് 19 പരിശോധനകള്‍ കഴിഞ്ഞവരാണ്.


പുടിന്‍ സ്വയം ടെസ്റ്റിംഗിന് വിധേയനായിട്ടില്ല ഇതുവരെ. ഈ 67 -കാരന് ഇതുവരെ യാതൊരു വിധ ലക്ഷണങ്ങളും കണ്ടുതുടങ്ങിയിട്ടില്ല എന്നതുതന്നെ കാരണം. നേരിയ തോതിലുള്ള വര്‍ദ്ധനവ് കോവിഡ് 19 സംബന്ധിച്ച് റഷ്യന്‍ സര്‍ക്കാര്‍ കണക്കുകളിലും വരുന്നുണ്ട്. എങ്കിലും ഈ കണക്കുകളൊന്നും വിശ്വസനീയമല്ലെന്നാണ് റഷ്യയിലെ പല സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകരുടെയും അഭിപ്രായം.

 


വിദേശ വൈറസ് എന്ന് കോവിഡിനെ വിശേഷിപ്പിച്ച പുടിന്‍ രാജ്യത്ത് അതിനെതിരെ പല നിയന്ത്രണങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ എടുത്തിട്ടുണ്ട്. യൂറോപ്പുമായുള്ള അതിര്‍ത്തികളും രാജ്യത്തെ സ്‌കൂള്‍ കോളേജുകളും ഒക്കെ അടച്ചിട്ടു കഴിഞ്ഞു. പ്രശ്നമുള്ളിടങ്ങളില്‍ സംഘം ചേരുന്നതിനും വിലക്കുണ്ട്. എന്നാല്‍, ജനങ്ങള്‍ക്ക് ഇനിയും വീടുകളില്‍ത്തന്നെ തുടരാനുള്ള നിര്‍ദ്ദേശമില്ല. തലസ്ഥാന നഗരമായ മോസ്‌കോ ലോക്ക് ഡൗണ്‍ ചെയ്യുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പുടിന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള മൗനം എന്തിനെന്ന് പക്ഷേ പലര്‍ക്കും നല്ല നിശ്ചയമുണ്ട്. അത് പുടിന്റെ അധികാരം സ്ഥിരപ്പെടുത്തുന്നതിന് ഭരണഘടന പൊളിച്ചു പണിയാന്‍ വേണ്ടി ജനങ്ങളില്‍ നിന്ന് സമ്മതം കിട്ടാന്‍ വേണ്ടിയുള്ള പോളിംഗ് തടസപ്പെടാതിരിക്കാന്‍ വേണ്ടിയാണ്.

 

വളരെ പ്ലാന്‍ഡ് ആയി, ഒരു സ്പെഷ്യല്‍ ഓപ്പറേഷന്‍ പോലെയാണ് പുടിന്‍ തനിക്ക് അനുകൂലമായി ഈ ഹിതപരിശോധനാ ഫലങ്ങള്‍ വരാന്‍ പരിശ്രമിക്കുന്നത്. ജനങ്ങളോട് വീടുകളില്‍ത്തന്നെ അടച്ചിരിക്കാന്‍ പറയേണ്ട ഈ കോവിഡ് 19 കാലത്ത് അവരെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുക വഴി റഷ്യയിലെ വയോധിക ജനതയെ കൊലക്ക് കൊടുക്കാനാണ് പുടിന്റെ പരിശ്രമം എന്ന് രാജ്യത്തെ പ്രതിപക്ഷ നേതാവ് അലക്‌സി നവാലനി മുന്നറിയിപ്പ് നല്‍കി. അത് ഒരു ക്രിമിനല്‍ കുറ്റത്തില്‍ കുറഞ്ഞൊന്നും ആകില്ല എന്ന് അദ്ദേഹം പറഞ്ഞു.


എന്നാല്‍ ഈ ഹിത പരിശോധന സുരക്ഷാ കാരണങ്ങളാല്‍ നീട്ടിവെക്കപ്പെടാനോ ഓണ്‍ലൈന്‍ വഴി നടത്താനോ സാദ്ധ്യതയുണ്ടെന്ന് അധികാരികള്‍ പറയുന്നു. എന്നാല്‍, വോട്ടര്‍മാരെ പുറത്തിറക്കാതെ വീടുകളിലേക്ക് ബാലറ്റ് പേപ്പര്‍ എത്തിച്ച് ഹിതപരിശോധന എങ്ങനെയെങ്കിലും നടത്താനാണ് റഷ്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്.

 

റഷ്യയില്‍ പലരും കോവിഡ് 19 നെപ്പറ്റി ഒട്ടും ആശങ്ക ഇല്ലാതെയാണ് ജീവിക്കുന്നത്. നിങ്ങള്‍ എത്ര കുറച്ച് കാര്യങ്ങള്‍ അറിയുന്നുവോ അത്രയും സുഖമായി ഉറങ്ങും എന്നാണല്ലോ പഴമൊഴി. അതുതന്നെയാണ് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്. കോവിഡ് വൈറസ് ഏതുവഴി പോയാലും അത് ജനങ്ങളെ ബാധിച്ചാലുമില്ലെങ്കിലും രാജ്യത്തെ സാഹചര്യം സ്വാഭാവികമാണ് എന്ന പ്രതീതി നിലനിര്‍ത്തിക്കൊണ്ട് വരുന്ന ഏപ്രില്‍ 22 -ന് തന്നെ വ്‌ളാദിമിര്‍ പുടിന് രാഷ്ട്രീയ അമരത്വം നല്‍കുന്ന എന്നെന്നേക്കുമായി അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഹിതപരിശോധന പൂര്‍ത്തിയാക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കയാണ് റഷ്യയില്‍ പുടിന്‍ പാളയം.