Friday 17 August 2018

സഭയുടെ വാതിലുകള്‍ അടച്ച് വിശ്വാസവോട്ടെടുപ്പ്; രഹസ്യബാലറ്റ് ഇല്ല

By Subha Lekshmi B R.18 Feb, 2017

imran-azhar

 ചെന്നൈ: തമിഴ്നാട്ടില്‍ പളനിസാമി സര്‍ക്കാരിന്‍റെ വിശ്വാസവോട്ടെടുപ്പ് തുടങ്ങി. സഭ തുടങ്ങിയപ്പോള്‍ ഒ.പനീര്‍സെല്‍വത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്‍റ്എം.കെ.സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിച്ച സ്പീക്കര്‍ പി.ധനപാല്‍ രഹസ്യബാലറ്റ് വേണമെന്ന ഒപിഎസിന്‍റെ ആവശ്യവും തളളി. 234 അംഗങ്ങളാണ് സഭയിലുളളത്. രണ്ട് എംഎല്‍എമാര്‍ സഭയിലെത്തിയില്ല. അനാരോഗ്യം കാരണം ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയും എത്തിയിട്ടില്ല. തുടര്‍ന്ന് സഭയുടെ വാതിലുകള്‍ അടച്ചാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

 

എംജിആറിന് ശേഷം ജാനകിയും ജയലളിതയും തമ്മില്‍ നടന്ന അധികാരവടംവലിക്ക് സമമായ സാഹചര്യങ്ങളില്‍ കൂടിയാണ് തമിഴകം ഇപ്പോള്‍ കടന്നുപോകുന്നത്.ജയലളിതയ്ക്ക് ശേഷം തോഴി ശശികലയും വിനീതവിധേയന്‍ ഒ.പനീര്‍സെല്‍വവും തമ്മിലായി തര്‍ക്കം . ജയിലില്‍ പോയ ശശികല ഒപിഎസിനെ പുറത്താക്കി തന്‍റെ തിരുവായ്ക്ക്എതിര്‍വാ മൊഴിയാത്ത പളനിസാമിയെ നിയമസഭാക്ഷി നേതാവാക്കി. പളനിസാമി മുഖ്യനുമായി. ഇനി സഭയില്‍ വിശ്വാസവോട്ട് തേടണം.

1988~ലാണ് ഇതിനു മുന്‍പു തമിഴ്നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജയ പക്ഷത്തെ എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കിയതോടെ ജാനകി പക്ഷം വിശ്വാസ വോട്ട് നേടി. എന്നാല്‍ 23 ദിവസത്തിനു ശേഷം കേന്ദ്രം ഈ സര്‍ക്കാരിനെ പിരിച്ചുവിട്ടു. ഇന്ന് പളനിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ വീഴും.