Sunday 23 July 2017

നടിയെ ആക്രമിച്ച കേസില്‍ സ്ത്രീകളുള്‍പ്പെടെ ആറുപേര്‍ പ്രതികളാവും

By Subha Lekshmi B R.04 Jul, 2017

imran-azhar

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ആറുപേര്‍ പ്രതികളാവുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടും. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടു രണ്ടു പേരെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മുഖ്യപ്രതിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുളള രണ്ടുപേര്‍ അജ്ഞാതരായി തുടരുകയാണ്. ഇവരെ കണ്ടെത്താനുള്ള കഠിനശ്രമത്തിലാണ് അന്വേഷണസംഘം.

 

അതിനിടെ, പള്‍സര്‍ സുനിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നാണു നടപടി. പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കാനായി രംഗത്തത്തിയ അഡ്വ ബി.എ ആളൂര്‍ ഇന്ന് കോടതിയിലെത്തിയേക്കുമെന്നാണ് വിവരം. സുനി മാധ്യമങ്ങളോടു വെളിപ്പെടുത്തല്‍ നടത്താനും സാധ്യതയുണ്ട്.

 

കുറ്റകൃത്യവുമായി ബന്ധപ്പെട്ടു നാലുപേര്‍ അന്നുമുതല്‍ ഗൂഢാലോചനകള്‍ നടത്തിയതിന് തെളിവുകള്‍ ലഭിച്ചു. അതേസമയം, കേസിലെ അന്വേഷണം ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി എന്ന എ.എസ്. സുനില്‍രാജിലേക്കു കേന്ദ്രീകരിക്കാനും പൊലീസ് നീക്കമുണ്ട്. കേസില്‍ നിര്‍ണ്ണായക അറസ്റ്റിനു തടസ്സമായി നില്‍ക്കുന്ന ചില കണ്ണികള്‍ കൂട്ടിയോജിപ്പിക്കാന്‍ സംവിധായകന്‍ നാദിര്‍ഷായെയും നടന്‍ ദിലീപിനെയും പൊലീസ് വീണ്ടും ചോദ്യംചെയ്യും. അപ്പുണ്ണിയെ തിങ്കളാഴ്ച അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച ചില സംശയങ്ങള്‍ നീക്കിയശേഷമാകും അറസ്റ്റ് എന്നാണു പൊലീസ് നല്‍കുന്ന സൂചന.