Friday 05 June 2020
നെഹ്‌റു വധത്തിന് പിന്നിലെ ലക്ഷ്യങ്ങള്‍

By Online Desk .05 Oct, 2019

imran-azhar

 

 

ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് തടയിട്ട് ജനാധിപത്യത്തിന്റെ അപ്രതിരോധ്യ ശക്തിയായി ഇന്നും നിലനില്‍ക്കുന്ന ഏറ്റവും കരുത്തന്‍ ജവഹര്‍ലാല്‍ നെഹ്റുവാണ്. തങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ത്തിക്കാണിക്കാന്‍ മറ്റൊരാളില്ലാത്തതുകൊണ്ട് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ നെഹ്റുവിനു മുകളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതും പട്ടേലിന്റെ കൂറ്റന്‍ പ്രതിമ നിര്‍മ്മിച്ചതും ഏറ്റവും ഒടുവിലായി രാജ്യത്തിന്റെ പരമോന്നത സിവിലയിന്‍ ബഹുമതിയായി 'സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പുരസ്‌കാരം' കൊണ്ടുവരുന്നതും 'നെഹ്റു വിമുക്തമായ ഇന്ത്യ'യെ സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇന്ത്യയുടെ ചരിത്രത്തിലും വികാസത്തിലുമുള്ള നെഹ്‌റുവിന്റെ അനിഷേധ്യമായ പ്രസക്തിയാണ് അവരെ ഏറ്റവും അസ്വസ്ഥമാക്കുന്നത്. നെഹ്‌റുവിനെപ്പോലെ അവര്‍ ഭയപ്പെടുന്നതും അവരാല്‍ അക്രമിക്കപ്പെടുന്നതുമായ മറ്റൊരു നേതാവുണ്ടാവില്ല.സ്വതന്ത്ര ഇന്ത്യയുടെ വികാസ പരിണാമങ്ങളില്‍ സ്തുത്യര്‍ഹമായ ഇടപെടലുകള്‍ നടത്തിയ, ഇന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിലും ലോകത്തിലെ ജനാധിപത്യ സമൂഹങ്ങളിലും പ്രസക്തനായ നെഹ്‌റുവിനെ ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ ചെറുതല്ല.


2019 സെപ്റ്റംബര്‍ 22ന് 'ഹൗഡി മോദി' പരിപാടിയില്‍ മോദിയെ സ്വാഗതം ചെയ്ത്് അമേരിക്കയുടെ പാര്‍ലമെന്റിലെ സീനിയര്‍ നേതാവായ സ്റ്റെനി ഹോയര്‍ പറഞ്ഞ വാക്കുകള്‍, നെഹ്‌റുവിനെ വട്ടപൂജ്യമാക്കി പട്ടേലായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാകേണ്ടിയിരുന്നതെന്ന് പ്രസംഗിച്ചു നടക്കുന്ന നരേന്ദ്രമോദിക്ക് അക്ഷരാര്‍ത്ഥത്തില്‍ കിട്ടിയ ചെകിടത്തടി കൂടിയായിരുന്നു. അമേരിക്കയെപ്പോലെ ഇന്ത്യയും ഗാന്ധിയന്‍ ആശയങ്ങളിലും നെഹ്രുവിന്റെ ദര്‍ശനങ്ങളിലും ഊന്നി ഓരോ വ്യക്തിയുടേയും മനുഷ്യാവകാശങ്ങളെയും ബഹുസ്വരതയേയും മാനിക്കുകയും ഇന്ത്യയുടെ മതേതര-ജനാധിപത്യ പാരമ്പര്യങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ ഭാവിയെ കെട്ടിപ്പടുക്കുന്നതില്‍ അഭിമാനിക്കുന്നവരാണെന്ന ഹോയറിന്റെ പ്രസ്താവന 'ഹൗഡി മോദി'യെ 'ഹൗഡി ഗാന്ധി'യും 'ഹൗഡി നെഹ്‌റു'വുമാക്കി എന്ന് പറഞ്ഞാലും അതിശയോക്തിയില്ല.' നെഹ്‌റുവുമായി ബന്ധപ്പെട്ട പാഠപുസ്തകങ്ങള്‍, പുരസ്‌കാരങ്ങള്‍, സ്മാരകങ്ങള്‍, കലാലയങ്ങള്‍, പ്രതിമകള്‍ എന്നുവേണ്ട എവിടേയും നെഹ്റുവിനുമേലുള്ള നിഗൂഢമായ യുദ്ധം മോദിഭരണകൂടം തുടര്‍ന്നു കൊണ്ടിരിക്കുന്നത് രാജ്യം കണ്ണുതുറന്ന് കാണേണ്ടതുണ്ട്.


2016ല്‍ രാജസ്ഥാനിലെ എട്ടാം ക്‌ളാസ്സ് പാഠപുസ്തകത്തില്‍ നിന്നും നെഹ്രുവിനെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും നീക്കം ചെയ്തത് അതിലെ ഒരു ചെറിയ ഉദാഹരണം മാത്രമായിരുന്നു. അങ്ങനെയുണ്ടായ വിവാദങ്ങളൊക്കെ ആറിത്തണുക്കുമെന്നും ആളുകള്‍ മറക്കുമെന്നും അവര്‍ക്കറിയാവുന്നത് കൊണ്ട് അതൊക്കെത്തന്നെയാണ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.കശ്മീരിലേത് ഉള്‍പ്പടെ ഇന്ത്യയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം നെഹ്‌റുവാണെന്നാണ് ബി.ജെ.പിയുടെ പഞ്ചായത്ത് മെമ്പര്‍ മുതല്‍ പ്രധാനമന്ത്രിവരെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്.ജവഹര്‍ലാല്‍ നെഹ്രുവിന്റെയും അദ്ദേഹത്തിന്റെ പെണ്‍സുഹൃത്തുക്കളുടേയും സ്വകാര്യനിമിഷങ്ങള്‍ ചേര്‍ത്തു വച്ച് ഫോട്ടോഷോപ്പ് കഥകള്‍ ഉണ്ടാക്കുന്നതില്‍ പ്രത്യേക ഗ്രൂപ്പുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.


ബിജെപിയിലെ ബലാത്സംഗ വീര•ാരെ ന്യായീകരിക്കുന്നവരാണ് നെഹ്രുവിന്റെ വ്യക്തിപരമായ സൗഹൃദങ്ങളെ തേജോവധം ചെയ്യുന്നത്. ചുരുക്കത്തില്‍ സംഘപരിവാര്‍ നിര്‍മ്മിക്കുന്ന പല കഥകള്‍ക്കും അഡോബ് ഫോട്ടോഷോപ്പിനോടാണ് അവര്‍ കടപ്പെട്ടിരിക്കുന്നത്. 'നെഹ്‌റു വിരുദ്ധര്‍' വ്യാപകമായി പ്രചരിപ്പിക്കുന്ന നെഹ്‌റുവിനെ സംബന്ധിക്കുന്ന ഒരാരോപണമാണ് 'നെഹ്‌റു നെഹ്രുവിനു' ഭാരതരത്ന നല്‍കിയെന്നും അങ്ങനെ 'സ്വയം' പുകഴ്ത്താനും ഉയര്‍ത്താനും ശ്രമിച്ചു എന്നതും. പ്രധാനമന്ത്രി ശുപാര്‍ശ ചെയ്യുന്നതനുസരിച്ചാണ് രാഷ്ട്രപതി 'ഭാരതരത്ന പുരസ്‌കാരം' പ്രഖ്യാപിക്കുന്നത് എന്നതാണ് ഈ ആരോപണത്തെ സാധുകരിക്കാന്‍ ആളുകള്‍ പറയുന്നത്.


പ്രധാനമന്ത്രിയോ, മന്ത്രിസഭയോ രാഷ്ട്രപതിക്ക് നാമനിര്‍ദ്ദേശം ചെയ്യുന്ന പ്രക്രിയ ഒരു കീഴ്വഴക്കം പോലെ പൊതുവേ തുടരുന്നുവെങ്കിലും ഭാരതരത്ന ഉള്‍പ്പടെയുള്ള സിവിലിയന്‍ അവാര്‍ഡുകള്‍ പ്രധാനമന്ത്രി തന്നെ ശുപാര്‍ശ ചെയ്യണം എന്നതില്‍ ലിഖിതമായ ഒരു പ്രത്യേക നിയമവും രാജ്യത്തില്ല. 1955 ജനുവരി 15ന് പ്രസിദ്ധീകരിച്ച സിവിലിയന്‍ അവാര്‍ഡുകള്‍ സംബന്ധിച്ച വിജ്ഞാപനത്തില്‍ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അങ്ങനെ ഏതെങ്കിലും പരാമര്‍ശങ്ങളില്ല. അതിന്റെ പരമാധികാരി രാഷ്ട്രപതിയാണ്.
സോവിയറ്റ് യൂണിയനിലും യൂറോപ്യന്‍ രാജ്യങ്ങളിലും ശീതയുദ്ധം കൊടുമ്പിരികൊണ്ടിരുന്ന കാലത്തില്‍ സമാധാനങ്ങള്‍ക്ക് വേണ്ടി ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ വിദേശപര്യടനങ്ങളും ഇടപെടലുകളും ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.തന്റെ വിഖ്യാതമായ 'ചേരിചേരാ നയത്തിലൂടെ' ആഫ്രിക്കന്‍-ഏഷ്യന്‍ രാജ്യങ്ങളുടെ വക്താവായി ലോകസമാധാനത്തിനുവേണ്ടി സംസാരിക്കാന്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു എന്നത് ഒരു ചെറിയ കാര്യമായിരുന്നില്ല.


ശീതയുദ്ധ കാലത്തെ ലോകപര്യടനത്തിനൊടുവില്‍ ഇന്ത്യയിലേക്ക് മടങ്ങിവന്ന നെഹ്‌റുവിനെ ആവേശത്തോടെയാണ് ഇന്ത്യ വരവേറ്റത്.1955 ജൂലായ് 13ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ നെഹ്‌റുവിനെ പ്രോട്ടോക്കോളുകള്‍ ലംഘിച്ച് അന്നത്തെ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ് നേരിട്ട്.ഒരു ലോകനേതാവിന്റെ പരിവേഷം നല്‍കിയാണ് ജനങ്ങള്‍ നെഹ്‌റുവിനെ കാണാന്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. നെഹ്‌റു മടങ്ങിയെത്തിയതിന്റെ രണ്ടാമത്തെ ദിവസം(1955 ജൂലായ് 15)രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ് രാഷ്ട്രപതി ഭവനില്‍ നല്‍കിയ അത്താഴ വിരുന്നിലാണ് നെഹ്‌റുവിന് 'ഭാരതരത്ന പുരസ്‌കാരം' നല്‍കുന്ന കാര്യം പ്രഖ്യാപിക്കുന്നത്.'നമ്മുടെ കാലത്തിലെ സമാധാനത്തിന്റെ മഹാശില്പി'യെന്നാണ് നെഹ്‌റുവിനെ ഡോ.പ്രസാദ് വിശേഷിപ്പിച്ചത്.


അവാര്‍ഡ് നിര്‍ണ്ണയിക്കാനും പ്രഖ്യാപിക്കാനുമുള്ള തന്റെ അവകാശത്തെ ഉപയോഗിക്കുക മാത്രമാണ് രാഷ്ട്രപതി ചെയ്തതെങ്കിലും പതിവില്‍ നിന്ന് വ്യത്യസ്തമായി പ്രധാനമന്ത്രിയുടേയോ, മന്ത്രിസഭയുടേയോ ശുപാര്‍ശയില്ലാതെ നെഹ്‌റുവിന് ഭാരതരത്ന സ്വയം പ്രഖ്യാപിച്ചതില്‍ ഡോ.രാജേന്ദ്ര പ്രസാദ് ക്ഷമ ചോദിക്കുകയും ചെയ്തു.'നെഹ്‌റു നെഹ്‌റുവിന്' ഭാരത രത്ന നല്‍കിയെന്ന സംഘപരിവാറിന്റെ നുണപ്രചാരണത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്.


ഡോ.രാജേന്ദ്ര പ്രസാദ് 'രാഷ്ട്രപതി' സ്ഥാനത്തേക്ക് വന്നതാകട്ടെ സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന്റെ ശക്തമായ പിന്തുണയോടു കൂടിയാണ്.1949-50ല്‍ നടന്ന ഇന്ത്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് നെഹ്‌റു ശുപാര്‍ശ ചെയ്തത് സി.രാജഗോപാലാചാരിയെ ആയിരുന്നുവെന്നതും ഇവിടെ ഓര്‍ക്കണം.മാത്രമല്ല ഡോ.രാജേന്ദ്രപ്രസാദും നെഹ്‌റുവും അനവധി വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവരും ഹിന്ദുകോഡ് പോലെയുള്ള വിഷയങ്ങളില്‍ വിരുദ്ധ ചേരിയിലുമായിരുന്നു.നെഹ്‌റു വസ്തുനിഷ്ഠതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയ അവിശ്വാസിയും ഡോ.രാജേന്ദ്ര പ്രസാദ് ഹിന്ദു വിശ്വാസനിഷ്ഠനും ജ്യോതിഷവിശ്വാസിയുമായിരുന്നു.അങ്ങനെ മതപരവും രാഷ്ട്രീയനിലപാടുകളിലും അവര്‍ തമ്മില്‍ ഏറെ അന്തരം ഉണ്ടായിരുന്നു. എന്നിരുന്നാലും വിയോജിപ്പുകള്‍ക്കപ്പുറത്ത് പരസ്പരം അംഗീകരിക്കാനും ആദരിക്കാനും അവര്‍ കാണിച്ചുതന്ന മാതൃകകള്‍ ജനാധിപത്യബോധമില്ലാത്തവര്‍ക്ക് ഒരുകാലത്തും മനസ്സിലാകാന്‍ പോകുന്നില്ല. നെഹ്‌റുവിന് 'ഭാരതരത്ന' ലഭിച്ചതില്‍ എന്തെങ്കിലും പരാതിയുള്ളവര്‍ അക്കാര്യത്തില്‍ ഡോ.രാജേന്ദ്ര പ്രസാദിനെയാണ് കുറ്റപ്പെടുത്തേണ്ടത്.

 

'ശാസ്ത്രാവബോധം' വളര്‍ത്തിയെടുക്കാന്‍ ഓരോ പൗരനും പരിശ്രമിക്കണം എന്നതുള്‍പ്പടെ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ലോകത്തെ ഏറ്റവും മികച്ചതും മനോഹരവുമായ ഒരാമുഖം തയ്യാറാക്കി നല്‍കിയ, ഇന്ത്യയുടെ സാമൂഹികവും വ്യാവസായികവും ശാസ്ത്ര-സാങ്കേതികവുമായ ചലനങ്ങള്‍ക്ക് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ചരിത്രത്തില്‍ അപ്രസക്തനാക്കാനുള്ള സംഘപരിവാരങ്ങളുടെ കുല്‍സിത ശ്രമങ്ങള്‍ വിലപ്പോകില്ലെന്ന് ഹൂസ്റ്റണില്‍ നടന്ന 'ഹൗഡി മോദി'യില്‍ സ്റ്റെനി ഹോയര്‍നെപ്പോലെയുള്ളവര്‍ ഉള്‍പ്പടെ നടത്തിയ ഓര്‍മ്മപ്പെടുത്തലുകള്‍ മോദിയും അമിത് ഷായും സംഘപരിവാര്‍ കേന്ദ്രങ്ങളും തിരിച്ചറിയേണ്ടതുണ്ട്. നെഹ്‌റു നൂറുശതമാനവും കുറ്റമറ്റയാളാണെന്ന വാദമൊന്നും നെഹ്രുവിനുവേണ്ടി നിലകൊളളുന്ന ആര്‍ക്കുമുണ്ടാവില്ല. ഇന്ത്യയുടെ ജനാധിപത്യപരവും മതേതരവും ശാസ്ത്രോ•ുഖവുമായ മുന്നേറ്റങ്ങള്‍ക്ക് നെഹ്‌റുവിന്റെ ദര്‍ശനങ്ങള്‍ ഇന്ത്യയ്ക്ക് എക്കാലവും ആവശ്യമുണ്ട്. ആ വെളിച്ചത്തെ കെടുത്തതിരിക്കാന്‍ ശ്രമിക്കണമെന്നാണ് സമകാലിക ഇന്ത്യ നമ്മളോട് ആവശ്യപ്പെടുന്നത്.