Thursday 27 February 2020




ആദിത്യയുടെ അവയവങ്ങള്‍ 5 പേര്‍ക്ക് പുതുജീവിതമേകി

By online desk .10 Jan, 2020

imran-azhar

 

 

 

 

തിരുവനന്തപുരം: പ്രിയപ്പെട്ട മകനെ വിധി അപ്രതീക്ഷിത മരണത്തിന്റെ രൂപത്തില്‍ കവര്‍ന്നെടുത്ത ദുഖത്തിനിടയിലും ശാസ്തമംഗലം ബിന്ദുല വീട്ടില്‍ മനോജ് കുമാര്‍ മകന്റെ അവയവങ്ങള്‍ ദാനം ചെയ്തതിലൂടെ അഞ്ച് പേര്‍ക്ക് ജീവിതമേകി. സംസ്ഥാനത്ത് മരണാനന്തര അവയവദാനങ്ങള്‍ക്ക് ഉണര്‍വേകി 2020ലെ ആദ്യ ദാതാവായി മാറി മനോജ് കുമാറിന്റെ മകന്‍ ആദിത്യ (21). തിരുവനന്തപുരം മാര്‍ഗ്രിഗോറിയസ് ലോ കോളേജില്‍ നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായിരുന്നു ആദിത്യ ബി മനോജ്. ഡിസംബര്‍ 29 ന് ശാസ്തമംഗലം വെള്ളയമ്പലം റോഡില്‍ രാത്രി വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തില്‍ വന്ന കാര്‍ ശാസ്തമംഗലം- വെള്ളയമ്പലം റോഡില്‍ വച്ച് ആദിത്യ ഓടിച്ചിരുന്ന ബൈക്കിലും മറ്റൊരു ബൈക്ക് യാത്രക്കാരനായ യൂബര്‍ ഇറ്റ്‌സ് ജീവനക്കാരന്‍ അബ്ദുള്‍ റഹിമിനെയും ഇടിച്ചിട്ടു നിറുത്താതെ പോയി. അബ്ദുള്‍ റഹിം സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. അപകടം വരുത്തിയ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തലയ്ക്ക് ഗുരുതര പരിക്കേറ്റ ആദിത്യക്ക് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് അച്ഛന്‍ മനോജ് കുമാറും അമ്മ ബിന്ദുവും മകന്റെ ആന്തരിക അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. ആദിത്യന്റെ ഇളയ സഹോദരി സ്വാതിക സര്‍വോദയ സ്‌കൂളില്‍ എട്ടാം ക്ലാസിലാണ്. സെയില്‍സ് ഓഫീസറാണ് മനോജ് കുമാര്‍. ആദിത്യന്റെ മസ്ത്ഷിക മരണം സ്ഥിരീകരിച്ചപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യൂര്‍മെന്റ് മാനേജര്‍ ഡോ. മുരളീധരന്‍ കുടുംബാംഗങ്ങളോട് അവയവദാനത്തിന്റെ പ്രസക്തി അറിയിച്ചതോടെ മനോജ് കുമാര്‍ അവയവദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. ആദിത്യന്റെ ശവസംസ്‌കാര ശുശ്രൂഷ ഇന്ന് ഉച്ചയ്ക്ക് 1.30 ന് ശാസ്തമംഗലത്തുള്ള വീട്ടില്‍ നടക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് നാലാഞ്ചിറ മാര്‍ ഇവാനിയോസ് നഗറിലുള്ള സെന്റ് മേരിക്യൂന്‍ ഓഫ് പീസ് ബസിലിക്കാ സെമിത്തേരിയില്‍ ശവസംസ്‌കാരം നടക്കും.