Wednesday 15 July 2020




അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി

By online desk .23 Oct, 2019

imran-azhar

 

 

തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യത കൂടാതെയാണ് കാബിനറ്റ് മന്ത്രിയുടെ പദവി നല്‍കുന്നത്. അഡ്വക്കേറ്റ് ജനറലിന്റേത് ഭരണഘടനാ പദവിയാണെന്നും നിയമകാര്യങ്ങളില്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും ഉപദേശിക്കുന്ന നിര്‍ണ്ണായക പദവിയെന്ന നിലയില്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ കാബിനറ്റ് പദവി ആവശ്യമാണെന്നാണ് നിയമവകുപ്പിന്റെ വിശദീകരണം. മറ്റു പല സംസ്ഥാനങ്ങളിലും അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവിയുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിലവിലെ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് വിരമിക്കും വരെ അദ്ദേഹത്തിന് കാബിനറ്റ് റാങ്ക് അനുവദിക്കാനായിരുന്നു ആദ്യം ആലോചിച്ചത്. എന്നാല്‍ അഡ്വക്കേറ്റ് ജനറല്‍ പദവി തന്നെ കാബിനറ്റ് റാങ്കിലേക്ക് സര്‍ക്കാര്‍ ഉയര്‍ത്തുകയായിരുന്നു. നിലവില്‍ എജിക്ക് ഔദ്യോഗിക വാഹനവും വസതിയും ജീവനക്കാരുമുണ്ട്. സാങ്കേതികമായി പദവി നല്‍കുക മാത്രമാണ് ഇപ്പോള്‍ ചെയ്തത്. എജിയുടെ ഓഫീസില്‍ നിന്നു തന്നെയാണ് ഇതു സംബന്ധിച്ച ശുപാര്‍ശ വന്നത്.

 

ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കാബിനറ്റ് പദവി കിട്ടുന്ന അഞ്ചാമത്തെ ആളാണ് അഡ്വക്കറ്റ് ജനറല്‍. ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍, മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള, സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി എ. സമ്പത്ത്, ചീഫ് വിപ്പ് കെ. രാജന്‍ എന്നിവര്‍ക്കാണ് നിലവില്‍ കാബിനറ്റ് പദവിയുള്ളത്.