Tuesday 19 March 2024




എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ക്ക് 40 ശതമാനം ഡിസ്‌കൗണ്ട്; അവസാന നിമിഷം ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രം

By Sooraj Surendran .12 May, 2019

imran-azhar

 

 

മുംബൈ: അവസാന നിമിഷം വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് പലപ്പോഴും യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കാറുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ സമയത്തിന് എത്താന്‍ വിമാനയാത്രയല്ലാതെ മറ്റ് മാര്‍ഗങ്ങളുമില്ല. എന്നാല്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി രംഗത്തെത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ പുത്തന്‍ പദ്ധതി പ്രകാരം യാത്രയ്ക്ക് വെറും മൂന്ന് മണിക്കൂര്‍ മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് വലിയ ഡിസ്‌കൗണ്ടുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.


അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരുന്നവരില്‍ നിന്ന് ഉയര്‍ന്ന നിരക്കാണ് ഈടാക്കാറുള്ളതെന്നും ഇതിന് പരിഹാരമായാണ് എയര്‍ ഇന്ത്യയുടെ തീരമാനമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മൂന്ന് മണിക്കൂര്‍ മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് സാധാരണ നിരക്കിനേക്കാള്‍ 40 ശതമാനം കുറവില്‍ ലഭ്യമാക്കാനാണ് തീരുമാനം. ജെറ്റ് എയര്‍വെയ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതും, ബോയിംഗ് 737 മാക്‌സ് എയര്‍ക്രാഫിന്റെ പ്രവര്‍ത്തനം സ്‌പൈസ് ജെറ്റ് നിര്‍ത്തിയതും എയര്‍ലൈനുകളുടെ ടിക്കറ്റ് നിരക്കിനു മേല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ വേനലവധി ആയിരുന്നിട്ടും നിരക്ക് കുത്തനെ കൂടിയതോടെ യാത്രക്കാരുടെ എണ്ണത്തില്‍ കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്.


ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) യുടെ കണക്ക് പ്രകാരം 2019 ജനുവരിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 9 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. എന്നാല്‍ ഫെബ്രുവരിയില്‍ ഇത് 5.6% ആയി കുറഞ്ഞു. എന്നാല്‍ മാര്‍ച്ച് ആയതോടെ 0.14 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ അവസാന മിനിറ്റ് ടിക്കറ്റിനുള്ള ഇളവുകള്‍ വെള്ളിയാഴ്ച നടന്ന വാണിജ്യ അവലോകന യോഗത്തിന് കൈമാറിയതായി കമ്പനി അറിയിച്ചു. ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ്, ട്രാവല്‍ ഏജന്‍സി തുടങ്ങി എല്ലാ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റുകള്‍ക്കും ഇളവ് ബാദ്ധകമാണ്.