Sunday 18 April 2021




ഇന്ത്യക്കാരന്റെ മാന്യത ഇല്ലാത്ത പെരുമാറ്റം; എയർ ഫ്രാൻസ് വിമാനം അടിയന്തരമായി ബൾഗേറിയയിൽ ഇറക്കി

By Aswany Bhumi.07 Mar, 2021

imran-azhar

 


സോഫിയ: ഇന്ത്യക്കാരനായ യാത്രികന്റെ ശല്യം സഹിക്കാനാകാതെ പാരിസിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള എയർ ഫ്രാൻസ് വിമാനം അടിയന്തരമായി ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ ഇറക്കി.

 

വിമാനസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പെരുമാറ്റത്തിന് ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന് ബൾഗേറിയൻ അധികൃതർ അറിയിച്ചു.

 

വിമാനം യാത്രതിരിച്ചതിന് തൊട്ടുപിന്നാലെ യാത്രക്കാരൻ മറ്റു യാത്രക്കാരുമായി കലഹിക്കാൻ ആരംഭിച്ചതായും ഫ്‌ളൈറ്റ് അറ്റൻഡന്റിനെ കയ്യേറ്റം ചെയ്തതു കൂടാതെ കോക്ക്പിറ്റിന്റെ വാതിൽ തള്ളിത്തുറക്കാൻ ശ്രമം നടത്തിയതായും ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥനായ ഇവൈലോ ആംഗലോവ് പറഞ്ഞു.

 

 

യാത്രക്കാരന്റെ പെരുമാറ്റം അസ്സഹനീയമായതിനെ തുടർന്ന് ഫ്‌ളൈറ്റ് കമാൻഡർ എമർജൻസി ലാൻഡിങ്ങിനായി അനുമതി തേടുകയായിരുന്നു.

 


കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പത്ത് കൊല്ലം വരെ ജയിൽശിക്ഷ ലഭിച്ചേക്കാം. ഇന്ത്യാക്കാരനാണെന്നതൊഴികെ ഇയാളുടെ പേരോ മറ്റു വിവരങ്ങളോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

 

ഇയാളുടെ പ്രവൃത്തികളെ കുറിച്ചും ലക്ഷ്യത്തെ കുറിച്ചും പ്രത്യേക അന്വേഷണം ആരംഭിച്ചതായി ഇവൈലോ ആംഗലോവ് അറിയിച്ചു.