Saturday 22 September 2018



എ കെ ജിയുടെ ആത്മകഥ വീണ്ടും വിപണിയില്‍

By praveen prasannan.12 Jan, 2018

imran-azhar

തിരുവനന്തപുരം: വി ടി ബല്‍റാം നടത്തിയ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ എ കെ ജിയുടെ ആത്മകഥ വീണ്ടും വിപണിയിലെത്തിക്കുന്നു. എന്‍റെ ജീവിത കഥ എന്ന പുസ്തകം ചിന്ത പബ്ളിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഓണ്‍ലൈനിലൂടെയാണ് പുസ്തകം വില്‍ക്കുന്നത്. പുസ്തകക്കട എന്ന ഓണ്‍ലൈന്‍ ബുക്ക് സ്റ്റോര്‍ വഴിയാണ് വില്‍പന.

എ കെ ജി എന്ന മനുഷ്യസ്നേഹിയുടെ എന്‍റെ ജീവിതകഥ എന്ന പരസ്യവാചകത്തോടെയാണ് പുസ്തകക്കട പ്രചരണം സംഘടിപ്പിക്കുന്നത്. ഈ പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ വ്യാഖ്യാനിച്ചാണ് തൃത്താല എം എല്‍ എ കൂടിയായ ബല്‍റാം എ കെ ജിയെ ബാലപീഢകനെന്ന് കുറ്റപ്പെടുത്തിയത്.

ബല്‍റാമിന്‍റെ ഫേസ്ബുക് പോസ്റ്റിന്തിരെ സി പി എം പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ നിന്നും രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഒളിവ് ജീവിതവും ഈ കാലയളവില്‍ സുശീലയെ പരിചയപ്പെടുന്നതും അത് ഒന്പത് വര്‍ഷത്തിന് ശേഷം വിവാഹത്തിലെത്തിയതുമെല്ലാം എ കെ ജി എഴുതിയിട്ടുണ്ട്.

ഇതാണ് ബല്‍റാം വിമര്‍ശിക്കാന്‍ തെരഞ്ഞെടുത്തത്. എ കെ ജി എഴുതിയത് വച്ച് സുശീലയെ പത്തോ പന്ത്രണ്ടോ വയസുള്ളപ്പോള്‍ അവരുടെ വീട്ടില്‍ ഒളീവില്‍ താമസിക്കുകയും തുടര്‍ന്ന് അടുപ്പത്തിലാവുകയും ചെയ്ത്തതില്‍ ബാലപീഢനമുണ്ടെന്നാണ് ബല്‍റാമിന്‍റെ ആരോപണം.