Sunday 23 February 2020
ഇന്ത്യൻ വംശജനായ അല്‍ഖായിദ തലവന്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടു

By Online desk .10 Oct, 2019

imran-azhar

 

 

ന്യൂഡല്‍ഹി: ഇന്ത്യ ഉപഭൂഖണ്ഡത്തിലെ അല്‍ ഖായിദ തലവന്‍ മൗലാനാ അസിം ഒമറിനെ അഫ്ഗാനിസ്ഥാനില്‍ വധിച്ചു. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനില്‍ യുഎസും അഫ്ഗാനിസ്ഥാന്‍ സേനയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഒമറിനെ വധിച്ചതെന്ന് അഫ്ഗമാന്‍ നാഷനല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സ്ഥിരീകരിച്ചു. കശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയിലൊട്ടാകെ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തുവന്നയാളാണ് കൊല്ലപ്പെട്ട ഒമര്‍.


സെപ്റ്റംബര്‍ 23 രാത്രി മുതല്‍ 24 പകല്‍ വരെ ഹെല്‍മണ്ട് പ്രവിശ്യയില്‍ മുസ ഖ്വാല ജില്ലയിലെ താലിബാന്‍ കേന്ദ്രം ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് ഒമറിനെ വധിച്ചത്. 2014ല്‍ ഇന്ത്യ, ബംഗ്ലദേശ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങള്‍ ലക്ഷ്യമിട്ടു രൂപീകരിച്ച അല്‍ഖായിദയുടെ പോഷക സംഘടന അല്‍ഖായിദ ഇന്‍ ദ് ഇന്ത്യന്‍ സബ്‌കോണ്ടിനന്റിന് (എക്യുഐഎസ്) നേതൃത്വം നല്‍കിവന്നത് ഒമറാണ്. യുപിയിലെ സംഫാല്‍ സ്വദേശിയാണ്. സനാവുല്‍ ഹഖ് എന്നാണ് യഥാര്‍ഥ പേര്. സംഫാലിലെ ദീപാ സരായി പ്രദേശത്ത് താമസിച്ചുവന്ന ഇയാള്‍ 1995 ലാണ് പാക്കിസ്ഥാനിലേക്ക് കടന്നത്. 1991ല്‍ യുപിയിലെ ഡിയോബന്ദിലെ ദാരുല്‍ ഉലൂമില്‍ നിന്ന് ബിരുദം നേടിയ ഒമര്‍ പാക്കിസ്ഥാനിലെത്തിയ ശേഷം 'ജിഹാദിന്റെ സര്‍വകലാശാല' എന്നു കുപ്രസിദ്ധി നേടിയ പാക്കിസ്ഥാനിലെ ദാരുല്‍ ഉലൂം ഹഖാനിയയില്‍ ചേര്‍ന്നു. ഇവിടെ നിന്ന് 'ദീനി', അസ്‌കാരി (ജിഹാദി സാഹിത്യം, ആയുധങ്ങള്‍) പരിശീലനം നേടിയ ശേഷമാണ് പാക്കിസ്ഥാനിലെ ഹര്‍ക്കത്തുല്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നത്. 2004 വരെ പാക്ക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങളില്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2004ല്‍ ഹാറൂണാബാദിലെ ഹര്‍ക്കത്തുല്‍ മുജാഹിദ്ദീന്‍ കേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെട്ടു.


ഒമറിനെ എക്യുഐഎസ് തലവനാക്കിയെന്ന വിവരം 2014 സെപ്റ്റംബറില്‍ വിഡിയോ സന്ദേശത്തിലൂടെ അല്‍ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയാണ് പുറത്തുവിട്ടത്. ആ വര്‍ഷം അഫ്ഗാനിസ്ഥാനിലെ മിറാന്‍ ഷാ പ്രദേശത്ത് നടന്ന ചടങ്ങിലാണ് ഒമര്‍ എക്യുഐഎസ് 'അമീറാ'യി ചുമതലയേറ്റത്. 2015 ല്‍ ഡല്‍ഹി പൊലീസ് പിടിയിലായ മുഹമ്മദ് ആസിഫിലൂടെയാണ് ഒമറിന്റെ സ്ഥാനാരോഹണം സംബന്ധിച്ച വിവരം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്.


അല്‍ഖായിദയില്‍ അണിചേരും മുന്‍പ് തെഹ്‌റീക് ഇ താലിബാന്‍ പാക്കിസ്ഥാന്റെ (ടിടിപി) പോഷക സംഘടനയായ പഞ്ചാബി താലിബാനിലും പ്രവര്‍ത്തിച്ചു. 2018 ജൂലായില്‍ യുഎസ് ആഗോളഭീകരപട്ടികയില്‍ ഇയാളെ ഉള്‍പ്പെടുത്തിയിരുന്നു. യുഎസില്‍ 2001 സെപ്റ്റംബര്‍ 11 നുണ്ടായ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പതിനൊന്നാം വാര്‍ഷികത്തില്‍ അഫ്ഗാനില്‍ ഭീകരര്‍ നടത്തിയ ആഘോഷങ്ങളുടെ വിഡിയോയിലാണ് ഒമറിന്റെ സാന്നിധ്യം വ്യക്തമായത്. ഒമറിനൊപ്പം അല്‍ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹരിയുടെ ദൂതന്‍ റെയ്ഹാന്‍ ഉള്‍പ്പെടെ ആറ് അല്‍ഖായിദ നേതാക്കളും സെപ്റ്റംബര്‍ 23 ലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇവരില്‍ ഏറെയും പാക്കിസ്ഥാന്‍ സ്വദേശികളാണ്. വ്യോമാക്രമണത്തില്‍ സാധാരണക്കാരും കുട്ടികളും ഉള്‍പ്പെടെ നാല്‍പതു പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.


അല്‍ഖായിദയില്‍ ഉമര്‍ അണിചേര്‍ന്ന വിവരം നേരത്തെ തന്നെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. എന്നാല്‍ 2009 ല്‍ ഇക്കാര്യമന്വേഷിച്ച് യുപിയിലെ ദീപ സരായിയിലെ ഒമറിന്റെ വസതിയിലെത്തിയപ്പോഴാണ് കാണാതായ മകന്‍ ഭീകരസംഘടനയിലെത്തിയ വിവരം കുടുംബം അറിഞ്ഞത്. കാണാതായ മകന്‍ മരിച്ചെന്നായിരുന്നു കുടുംബത്തിന്റെ ധാരണ. ബ്രിട്ടിഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത കുടുംബമാണ് ഒമറിന്റേത്. മകന്‍ ഭീകരസംഘടനയില്‍ ചേര്‍ന്നെന്ന വിവരമറിഞ്ഞ പിതാവ് ഇര്‍ഫാന്‍ ഉല്‍ ഹഖ് ഉടന്‍ മകനെ താന്‍ കൈവിട്ടെന്ന വിവരം പത്രപരസ്യങ്ങളിലൂടെ വ്യക്തമാക്കുകയും ചെയ്തു. 1995 ല്‍ കാണാതാകുന്നതിനു മുന്‍പ് മക്ക തീര്‍ഥാടനത്തിനെന്ന പേരില്‍ മകന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിവരവും പിതാവ് രഹസ്യാന്വേഷണ വിഭാഗത്തിന് നല്‍കിയിരുന്നു.