Wednesday 10 August 2022




അല്‍ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചു; കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തില്‍

By Web Desk.02 Aug, 2022

imran-azhar

 


വാഷിങ്ടന്‍: ഭീകര സംഘടന അല്‍ ഖായിദയുടെ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ (71) ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ടെലിവിഷനിലൂടെ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചത്. 2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളാണ് അയ്മന്‍ അല്‍ സവാഹിരി.

 

ഞായറാഴ്ച അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സവാഹിരിയെ വധിച്ചതെന്ന് യുഎസ് സമയം തിങ്കളാഴ്ച വൈകിട്ട് 7.30ന് വൈറ്റ്ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ ബൈഡന്‍ വിശദീകരിച്ചു.

 

സവാഹിരിയെ വധിച്ചെന്ന ബൈഡന്റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ആക്രമണമുണ്ടായെന്നത് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് സ്ഥിരീകരിച്ചു. ആക്രമണത്തെ അപലപിക്കുകയും ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും താലിബാന്‍ വക്താവ് കുറ്റപ്പെടുത്തി.

 

2020 നവംബറില്‍ സവാഹിരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും 2021ല്‍ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷികദിനത്തില്‍ സവാഹിരിയുടെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള വിഡിയോ പുറത്തുവന്നിരുന്നു.