By Web Desk.11 May, 2022
ആലപ്പുഴ: എആര്‍ ക്യാംപിനു സമീപം പൊലീസ് ക്വാര്‍ട്ടേഴ്സില്‍ യുവതിയും രണ്ടു മക്കളും ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവായ പൊലീസുകാരന് അറസ്റ്റില്‍. വണ്ടാനം മെഡിക്കല്‍ കോളജ് സിപിഒ റെനീസാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ചയാണ് റെനീസിന്റെ ഭാര്യ നെജ്ല മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാല്‍, പിന്നീട് നെജ്ലയുടെ കുടുംബം നല്കിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ റെനീസിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റവും സ്ത്രീപീഡന കുറ്റവും ചുമത്തി കേസെടുത്തു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
റെനീസ് നെജ്ലയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണ് അയല്‍ക്കാരും ബന്ധുക്കളും പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ കേസ് കൊടുത്തെങ്കിലും പിന്നീട് ഒത്തുതീര്‍പ്പായി. റെനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്.
തൂങ്ങിയ നിലയിലായിരുന്നു നെജ്ലയുടെ മൃതദേഹം കണ്ടെത്തിയത്. ടിപ്പുവിനെ കഴുത്തില്‍ ഷാള്‍ മുറുക്കിയും മലാലയെ ബക്കറ്റില്‍ മുക്കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ജോലിയിലായിരുന്ന റെനീസ് രാവിലെ വീട്ടിലേക്കു വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. അയല്‍വീട്ടില്‍ അറിയിച്ചെങ്കിലും അവര്‍ വിളിച്ചിട്ടും പ്രതികരണമില്ലായിരുന്നു. തുടര്‍ന്ന് റെനീസ് വീട്ടിലെത്തിയ ശേഷം അഗ്നിരക്ഷാസേന വാതില്‍ പൊളിച്ച് കയറിയപ്പോഴാണു മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
ധനാഴ്ച വൈകിട്ട് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇവരുടെ മൃതദേഹം കബറടക്കി.