Thursday 23 January 2020




വളപട്ടണത്ത് നിയന്ത്രണം വിട്ട ആംബുലന്‍സ് ഇടിച്ച് രണ്ടുപേര്‍ മരിച്ചു,രണ്ട് പേര്‍ക്ക് പരിക്ക്

By anju.06 Jul, 2019

imran-azhar

കണ്ണൂര്‍: നിയന്ത്രണം വിട്ട ആംബുലന്‍സ് വാനിടിച്ച് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. രോഗിയുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വളപട്ടണം കീരിയാട് ലക്ഷംവീട് കോളനിയിലെ ബുഖാരി മസ്ജിദിനടുത്ത് താമസിക്കുന്ന കെ.എന്‍ ഹൗസില്‍ അഷ്റഫ്, ആശാരിപ്പണിക്കാരനായ തിരുവനന്തപുരം സ്വദേശി ബീരയ്യന്‍ സ്വാമി (60) എന്നിവരാണ് മരിച്ചത്.


രാവിലെ എട്ടുമണിയോടെ വളപട്ടണം ബൂത്തിനടുത്ത് വെച്ചാണ് അപകടം. കാന്‍സര്‍ രോഗിയെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സ് വളപട്ടണത്ത് വെച്ചാണ് നിയന്ത്രണം വിട്ടത്. തുടര്‍ന്ന് ആംബുലന്‍സ് കാറിലുരസിയ ശേഷം റോഡരികില്‍ നിന്ന് സംസാരിക്കുകയായിരുന്ന ബീരയ്യ സ്വാമിയേയും അഷ്റഫിനേയും ഇടിക്കുകയായിരുന്നു. സമീപത്തെ പൂട്ടിയിട്ട തട്ടുകടയിലിടിച്ചാണ് ആംബുലന്‍സ് നിന്നത്.


പരിക്കേറ്റവരെ ഉടന്‍ എ.കെ.ജി ആശുപത്രിയിലെത്തിച്ചെങ്കിലും ബീരയ്യന്‍ സ്വാമി മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഷ്‌റഫിനെയും ആംബുലന്‍സിലുണ്ടായിരുന്നവരേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഷറഫ് മരണപ്പെടുകയായിരുന്നു.രാജപുരത്തെ ഫിലിപ്പ് കുര്യന്‍(60)് ഭാര്യ മിനി ഫിലിപ്പ്(46) എന്നിവരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്.


വളപട്ടണം മത്സ്യമാര്‍ക്കറ്റിലെ വ്യാപാരിയായ തട്ടാമുറ്റത്ത് മഹമൂദ്-ആസീമ ദമ്പതികളുടെ മകനാണ് അഷറഫ്. സഹോദരങ്ങള്‍: നസീമ, സക്കീന.ചിത്രയാണ് ബീരയ്യന്‍ സ്വാമിയുടെ ഭാര്യ. രണ്ട് മക്കളുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി കീരിയാട്ടെ ഫര്‍ണിച്ചര്‍ നിര്‍മ്മാണക്കടയില്‍ ജോലി ചെയ്തുവരികയാണ് ബീരയ്യന്‍ സ്വാമി.