Friday 16 November 2018


'അമ്മ' ദിലീപിനെ തിരിച്ചെടുക്കൽ വിഷയം; ശക്തമായി തുറന്നടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

By Sooraj S.29 Jun, 2018

imran-azhar

 

 

കൊച്ചി: മലയാള സിനിമ താര സംഘടനയായ അമ്മയിൽ നടിയെ ആക്രമിക്കപ്പെട്ട വിഷയത്തിൽ പുറത്താക്കിയ ദിലീപിനെ വീണ്ടും അമ്മയിലേക്ക് തിരിച്ചെടുത്തത് ഏറെ ചർച്ച വിഷയമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്. അമ്മയിലുണ്ടായ വിവാദ വിഷയത്തിൽ ജനപ്രതിനിധികളായ മുകേഷും ഇന്നസെന്റും കെ ബി ഗണേഷ്‌കുമാറും പ്രതികരിക്കാതിരുന്നത് സമൂഹത്തോട് ചെയ്ത ഒരു വലിയ തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല അമ്മ എടുക്കന്ന തീരുമാനങ്ങളിൽ സർക്കാർ ഇടപെടില്ലെന്നും അതേസമയം സർക്കാരിന് നിഷ്പക്ഷമായ നിലപാടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ സംഭവത്തിൽ സർക്കാർ ഇരയായ നടിക്കൊപ്പമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം എന്താണെന്നും ജനപ്രതിനിധികൾ ഉൾപ്പെടുന്ന അമ്മ എന്ന സംഘടന പൊതു സമൂഹത്തിന് മാതൃകാപരമായ തീരുമാനങ്ങൾ എടുക്കാൻ ബാധ്യസ്ഥരാണെന്നും ഇരയായ നടിക്ക് കൊടുക്കേണ്ട സാമാന്യമര്യാദ പോലും കൊടുക്കാതെ അമ്മ എടുത്ത തീരുമാനം അപഹാസ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

 

അമ്മയിലെ അംഗങ്ങളായ ഇടത് ജനപ്രതിനിധികളെ ജനങ്ങൾ പൂർണമായും തള്ളിപ്പറയരുതെന്നും ഇവർ അംഗങ്ങളായിരുന്നപ്പോൾ ആണ് ദിലീപിനെ നടിയെ ആക്രമിച്ച കേസിൽ പോലീസ് പിടികൂടിയതെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്. അതിനാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഏകപക്ഷീയമായ തീരുമാനങ്ങൾ അല്ല നേരെ മറിച്ച് നിഷ്പക്ഷമായ തീരുമാങ്ങൾ ആകും ഉണ്ടാകുക എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.