By Veena Viswan.26 Jan, 2021
അമരാവതി: ആന്ധ്രാപ്രദേശ് ചിറ്റൂരിലെ അന്ധവിശ്വാസ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി യുവതികളുടെ അമ്മ. ഇളയമകള്‍ സായിദിവ്യയെ കൊലപ്പെടുത്തിയത് മൂത്തമകള്‍ ആലേഖ്യയാണെന്നാണ് അവര്‍ പൊലീസിന് നല്കിയ മൊഴി. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടില്ല.
ഇളയമകളെ കൊലപ്പെടുത്തിയതിന് ശേഷം മൂത്തകള്‍ തന്നെ കൊല്ലാന്‍ ആവശ്യപ്പെട്ടെന്നും കൊല്ലപ്പെട്ട് കഴിഞ്ഞാല്‍ സായിദിവ്യയുടെ ആത്മാവുമായി തനിക്ക് കൂടിച്ചേരാമെന്ന് ആലേഖ്യ പറഞ്ഞെന്നും പത്മജ മൊഴി നല്കി.
കലിയുഗം അവസാനിച്ച് തിങ്കളാഴ്ച സത്യയുഗം ആരംഭിക്കുമ്പോള്‍ സഹോദരിക്കൊപ്പം പുനര്‍ജനിക്കാമെന്നും ആലേഖ്യ പറഞ്ഞതായി അവര്‍ പൊലീസിനോട് പറഞ്ഞു. മൃതദേഹം കൊണ്ടുപോകരുതെന്നും തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നും ഇവരും ഭര്‍ത്താവും പൊലീസിനോട് പറഞ്ഞിരുന്നു. മക്കള്‍ തിങ്കളാഴ്ച ജീവനോടെ തിരികെവരുമെന്നായിരുന്നു ദമ്പതിമാരുടെ വാദം. പൊലീസുകാര്‍ ഷൂ ധരിച്ച് വീട്ടില്‍ കയറിയതും ദമ്പതിമാരെ പ്രകോപിപ്പിച്ചു. വീട്ടില്‍ എല്ലായിടത്തും ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്നും ഷൂ ധരിച്ച് നടക്കരുതെന്നുമായിരുന്നു പദ്ജ പറഞ്ഞത്. മൃതദേഹങ്ങള്‍ നഗ്നമാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ പൊലീസുകാരെ പത്മജ തടയാനും ശ്രമിച്ചിരുന്നു.
മക്കളെ കൊലപ്പെടുത്തിയതാണെന്ന് ദമ്പതിമാര്‍ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം. ആത്മീയതയുടെ പരകോടിയിലായ ദമ്പതിമാര്‍ തങ്ങള്‍ ചെയ്തത് കൊലപാതകമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഇരുവരും മക്കളെ ബ്രെയിന്‍വാഷ് ചെയ്ത് അവരുടെ സഹകരണം ഉറപ്പാക്കിയാണ് പൂജയും പിന്നാലെ കൊലപാതകവും നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.