Friday 05 June 2020
മുകളിലിരുന്ന് ഇവർ എല്ലാം കാണുന്നുണ്ട്

By വി.ഡി. ശെൽവരാജ് .28 Mar, 2020

imran-azhar

 

 

തിരുവനന്തപുരം: ഭൂഗോളം മുഴുവന്‍ കൊറോണ ഭീതിയില്‍ വിറയ്ക്കുമ്പോള്‍ ഒട്ടും പേടിയില്ലാതെ മൂന്നു മനുഷ്യര്‍ ഭൂമിയെ ചുറ്റുന്നു. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണവര്‍- അമേരിക്കക്കാരായ ആന്‍ഡ്രൂ മോര്‍ഗനും ജെസ്സിക്കാ മീറും റഷ്യയുടെ ഒലേഗ് സ്‌ക്രിപോച്‌കെയും. ഭൂമിക്ക് പുറത്ത് സ്ഥിരം മനുഷ്യവാസമുള്ള ഏകയിടമാണ് അന്താരാഷ്ട്ര നിലയമെന്ന കൂറ്റന്‍ ബഹിരാകാശ പരീക്ഷണശാല. റഷ്യ, അമേരിക്ക, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളിലെയും യൂറോപ്പിന്റെയും സ്‌പേസ് ഏജന്‍സികളുടെ സംയുക്ത സംരംഭമായ നിലയത്തിന് ഒരു ഫുട്്‌ബോള്‍ ഗ്രൗണ്ടിന്റെ വിസ്തൃതിയും നാലുലക്ഷം കിലോയിലേറെ തൂക്കവുമുണ്ട്.


ഇപ്പോള്‍ സുരക്ഷിതരായി കഴിയുകയാണെങ്കിലും ഏപ്രില്‍ 17ന് ഭൂമിയിലേക്ക് മടങ്ങേണ്ടവരാണിവര്‍. ഇവര്‍ക്ക് പകരമുള്ള മൂന്ന് യാത്രികരുമായി ഏപ്രില്‍ 9ന് റഷ്യയില്‍ നിന്നും സോയൂസ് പേടകം പുറപ്പെടും. അമേരിക്കയുടെ ക്രിസ് കാസിഡി, റഷ്യയുടെ അനാപ്‌റ്റോലി ഇവാനിഷിന്‍, ഇവാന്‍ വാഗ്നര്‍ എന്നിവരാണ് പകരക്കാര്‍. ബഹിരാകാശ യാത്രയ്ക്ക് തയാറെടുക്കുന്നവര്‍ ക്വാറന്റൈനില്‍ ആയതിനാല്‍ വൈറസ് ഭീതിയില്ല. ആറുമാസം കൂടുമ്പോഴാണ് അന്താരാഷ്ട്ര നിലയത്തിലെ ക്രൂ ചെയ്ഞ്ച്. ലോകമാകെ ഭീതിയുണ്ടെങ്കിലും പതിവു രീതിക്ക് മാറ്റം വരുത്തേണ്ടെന്നാണ് അമേരിക്കയുടെയും റഷ്യയുടെയും തീരുമാനം.


ഭൂമിയിലെ അത്യപൂര്‍വ്വ സാഹചര്യം നിലയത്തിന്റെ പ്രവര്‍ത്തനത്തെയും മെല്ലെ ബാധിക്കുന്നുണ്ട്. നിലയത്തിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും പരീക്ഷണ ഉപകരണങ്ങളും ഇടയ്ക്കിടെ ആളില്ലാ പേടകത്തില്‍ എത്തിക്കുന്നുണ്ട്. കൊറോണ ഭീതിക്കിടെ മാര്‍ച്ച് ആറിന് 2000 കിലോ ചരക്കുമായി അമേരിക്കയില്‍ നിന്നും വിക്ഷേപിച്ച സ്‌പെയ്‌സ് എക്‌സ് എന്ന പേടകം ഒന്‍പതിന് നിലയവുമായി സന്ധിച്ചിരുന്നു. വാതില്‍ തുറന്ന് ഈ ചരക്ക് നീക്കുമ്പോള്‍ നിലയത്തിലുള്ളവര്‍ മാസ്‌ക് ധരിച്ചിരുന്നതിന്റെ ചിത്രം നാസ പുറത്തുവിട്ടിരുന്നു. കര്‍ശനമായ ലാബ് പരിശോധനയ്ക്കു ശേഷമാണ് ചരക്ക് അയച്ചതെങ്കിലും വൈറസിനെ കുറിച്ചുള്ള ആശങ്ക നൂറുശതമാനം ഒഴിഞ്ഞിട്ടില്ല.


ഏപ്രില്‍ ഒമ്പതിന് ബൈക്കനൂരില്‍ നിന്ന് പുറപ്പെടുന്ന പേടകം ആറുമണിക്കൂര്‍ കഴിഞ്ഞ് നിലയവുമായി സന്ധിക്കും. അതിഥികളെ ആതിഥേയര്‍ ആലിംഗനം ചെയ്ത് സ്വീകരിക്കുന്നതാണ് നിലയത്തിലെ പതിവ്. ഇത്തവണ അതുണ്ടാകുമോ എന്നറിയില്ല. അതിഥികള്‍ എത്തി നിലയവുമായി പരിചയപ്പെട്ട ശേഷം ഏഴാം ദിവസമാണ് ആതിഥേയര്‍ ഭൂമയിലേക്ക് മടങ്ങുന്നത്. ബൈക്കനൂരില്‍ മടങ്ങിയെത്തുന്ന ഇവരെ രണ്ടാഴ്ച നിരീക്ഷണത്തില്‍ പാര്‍പ്പിച്ച ശേഷമേ പുറത്തു വിടൂ എന്നാണ് റിപ്പോര്‍ട്ട്. അതേസമയം അമേരിക്ക വൈറസ് ഭീതിയില്‍ നാസയുടെ കേന്ദ്രങ്ങള്‍ പലതും അടച്ച് പ്രവര്‍ത്തനം പരിമിതമാക്കി. റഷ്യ അത്രമാത്രം ഭീതിയില്‍ അല്ലെങ്കിലും കനത്ത ജാഗ്രതയിലാണ്. സ്‌പേസ് ഷട്ടില്‍ നിര്‍ത്തിയ ശേഷം അമേരിക്കക്കാര്‍ റഷ്യയില്‍ നിന്ന് സോയൂസ് പേടകത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. പരിശീലനവും ഇവിടെത്തന്നെ.


1998ല്‍ പ്രവര്‍ത്തനം തുടങ്ങിയ നിലയത്തില്‍ 20 വര്‍ഷമായി തുടര്‍ച്ചയായി ആള്‍പ്പാര്‍പ്പുണ്ട്. 17 രാജ്യങ്ങളില്‍ നിന്നായി 220 പേര്‍ ഇവിടെ വന്നുപോയിട്ടുണ്ട്. ഒരുതവണ ആറുപേര്‍ക്ക് ഒന്നിച്ച് കഴിയാം. പുതിയ മരുന്ന്, വിത്ത്, ലോഹസങ്കരം എന്നിവ വികസിപ്പിക്കുന്നതടക്കം അനേകം പരീക്ഷണങ്ങളാണ് ഇവിടെ നടക്കുന്നത്. ഒന്നര മണിക്കൂറില്‍ ഭൂമിയെ ഒരുതവണ ചുറ്റിത്തീരുന്ന നിലയം 24 മണിക്കൂറിനിടെ 16 പ്രാവശ്യം നമ്മെ വലംവയ്ക്കുന്നു. അതായത് ഓരോ ഒന്നര മണിക്കൂറിന്റെ ഇടവേളയിലും ബഹിരാകാശ നിലയത്തിലുള്ളവര്‍ ഉദയാസ്തമനങ്ങള്‍ അനുഭവിക്കുന്നു.