By സൂരജ് സുരേന്ദ്രന്.30 Dec, 2021
തിരുവനന്തപുരം: പേട്ട അനീഷ് ജോർജിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി സൈമൺ ലാലിൻറെ മൊഴിക്ക് വിരുദ്ധമായ വിവരങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
വ്യക്തമായ ഗൂഢാലോചനയ്ക്ക് ശേഷമാണ് സൈമൺ ലാലു അനീഷിനെ കുത്തി കൊലപ്പെടുത്തിയതെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. സംഭവം നടക്കുന്ന ദിവസം അനീഷിനെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
അനീഷിന്റെ മാതാവ് ഡോളിയുടെ ഫോണിലേക്കും പ്രതി വിളിച്ചിരുന്നു. അനീഷിനെ ആക്രമിക്കുന്നത് കണ്ടു മകളും, ഭാര്യയും തടയാൻ ശ്രമിച്ചെങ്കിലും പ്രതി ആക്രമണം തുടരുകയായിരുന്നു.
"സൈമണ്‍ ലാലിന്റെ കുടുംബവുമായി അനീഷിന് നേരത്തെ ബന്ധമുണ്ടായിരുന്നു. പലതവണ അവിടെ പ്രശ്നങ്ങളുണ്ടായപ്പോളെല്ലാം അനീഷ് ഇടപെട്ടിരുന്നു. അതെല്ലാമാകാം വൈരാഗ്യത്തിന് കാരണം" അനീഷിന്റെ പിതാവ് ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കള്ളനാണെന്ന് തെറ്റിദ്ധരിച്ചാണ് കുത്തിയതെന്നാണ് പ്രതി പൊലീസിന് ആദ്യം നൽകിയ മൊഴി.
കൃത്യം നടക്കുന്നതിന് മുൻപ് ഉറക്കം എഴുന്നേറ്റപ്പോഴാണ് ഒരാൾ ഓടിമറയുന്നത് കണ്ടത്. ഇയാൾ ബാത്റൂമിൽ കയറി കതകടച്ചു.
പിന്നാലെയുണ്ടായ പിടിവലിയിലാണ് അനീഷ് കൊല്ലപ്പെട്ടതെന്നാണ് മൊഴി നൽകിയത്. ഈ മൊഴി പോലീസ് നേരത്തെ തള്ളിയിരുന്നു.