By Ameena Shirin s.23 Jun, 2022
തിരുവനന്തപുരം : മോണ്സണ് മാവുങ്കല്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയില്‍ ലോകകേരള സഭ നടക്കുമ്പോള്‍ നിയമസഭാ മന്ദിരത്തിലെത്തിയത് സഭാ ടീവിക്ക് ഒടിടി സഹായം നല്കുന്ന ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയെന്ന് ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട്.
സഭാ ടിവി ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അനിതയുടെ കൈവശം ഉള്ളത് കൊണ്ടാണ് കടത്തിവിട്ടതെന്നാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴി . സ്പീക്കര്‍ക്ക് കൈമാറിയ റിപ്പോര്ട്ടിന്മേല് നാളെ നടപടി ഉണ്ടാകും.
ലോക കേരള സഭക്കിടെ അനിതാ പുല്ലയില്‍ നിയമസഭാ മന്ദിരത്തിലെത്തിയത് വന്‍ വിവാദമായതോടെയാണ് അന്വേഷണത്തിന് സ്പീക്കര്‍ നിയമസഭാ ചീഫ് മാര്‍ഷലിനെ ചുമതലപ്പെടുത്തിയത്. അനിത സഭാമന്ദിരത്തിലേക്ക് വരുന്നത് മുതലുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
സഭാ ടിവിക്ക് ഒടിടി സഹായം നല്കുന്ന ബിട്രെയിറ്റ് സൊലൂഷനിലെ രണ്ട് ജീവനക്കാരാണ് അനിതക്ക് സഹായം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. രണ്ട് ജീവനക്കാരാണ് സഭാ മന്ദിരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് അനിതയെ കൊണ്ടുപോയത്.
അതേ സമയം അനിത പ്രധാന ഗേറ്റ് കടന്നത് പാസ് ഉപയോഗിച്ചാണെനനാണ് സുരക്ഷാ ചുമതലയുള്ള വാച്ച് ആന്റ് വാര്‍ഡിന്റെ മൊഴി. ലോക കേരള സഭായുട ഭാഗമായ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്താണ് അനിത കാണിച്ചതെന്നാമ് മൊഴി. ഇത് അനിതക്ക് എങ്ങിനെ കിട്ടി എന്നതിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
ഓപ്പണ്‍ ഫോറത്തിലെ അതിഥികള്‍ക്കുള്ള ക്ഷണക്കത്ത് നോര്‍ക്ക വിവിധ പ്രവാസി സംഘടനകള്‍ക്കായിരുന്നു നല്‍കിയത്. ഈ സംഘടനകള്‍ വഴിയായിരിക്കും ക്ഷണക്കത്ത് അനിതക്ക് കിട്ടാന്‍ സാധ്യത.
തുടര്‍ച്ചയായ രണ്ട് ദിവസവും അനിത സമ്മേളന സമയത്ത് എത്തിയതിനെ ഗൗരവത്തോടെയാണ് നിയമസഭാ സെക്രട്ടറിയേറ്റ് കാണുന്നത്. രണ്ട് ദിവസം വന്നതില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടെയെന്നാണ് വിലയിരുത്തല്‍. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് അനിതയെ മന്ദിരത്തില്‍ നിന്നും മാറ്റിയത്.
അനിതക്ക് സഹായം നല്കിയ ബിട്രെയ്റ്റ് സൊലൂഷനുമായുള്ള കരാര്‍ റദ്ദാക്കാനും സാധ്യതയുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നാളെ വാര്‍ത്താസമ്മേളനത്തില്‍ സ്പീക്കര്‍ നടപടി പ്രഖ്യാപിക്കും. അനിത നിയമസഭാ മന്ദിരത്തിലെത്തിയത് നിയമസഭാ സെക്രട്ടറിയേറ്രിനും സര്‍ക്കാറിനും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.