Wednesday 07 December 2022




അങ്കിത കൊലപാതക കേസ്; ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ട് പൊളിച്ച് ബിജെപി സര്‍ക്കാര്‍

By priya.24 Sep, 2022

imran-azhar

 

ഹരിദ്വാര്‍: റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവിന്റെ മകന്‍ ഉള്‍പ്പടെ 3 പേര്‍ അറസ്റ്റിലായതിനു പിന്നാലെ ഇവരുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് പൊളിച്ച് ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ ഉത്തരവ് അനുസരിച്ചാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഋഷികേശിലുള്ള വനതാര റിസോര്‍ട്ട് പൊളിച്ചത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ റിസോര്‍ട്ട് കെട്ടിടത്തിനു തീയിടുകയും ചെയ്തു.

 

കഴിഞ്ഞ ദിവസം മുന്‍ ഉത്തരാഖണ്ഡ് മന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി. മാനേഷര്‍ അങ്കിത് ഗുപ്ത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 6 ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

 

റിസോര്‍ട്ടില്‍ എത്തിയവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന. പെണ്‍കുട്ടിയുടെ പിതാവ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. കൊലപാതകത്തില്‍ പങ്കാളികളായത് ആരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.

 


പെണ്‍കുട്ടിയെ കാണാനില്ലെന്ന് പുല്‍കിത് തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തിലാണ് റിസോര്‍ട്ടിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ പുല്‍കിത് കൊന്നതാണെന്ന് കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു. ഋഷികേശി ല്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന റിസോര്‍ട്ട്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കേസ് റജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു.