By Veena Viswan.27 Jan, 2021
ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ പെണ്മക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിചിത്ര മൊഴികള്‍ നല്കി ദമ്പതികള്‍. തങ്ങളെ നയിക്കുന്ന പ്രകൃതിയുടെ അദൃശ്യ ശക്തിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പെണ്മക്കളെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ പറയുന്നത്.
മദനപ്പള്ളെയില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പത്മജ മക്കളായ ആലേഖ്യയെയും സായിദിവ്യയെയും ത്രിശൂലം കൊണ്ടു കുത്തിയശേഷം ഡംബല്‍ കൊണ്ട് മര്‍ദ്ദിച്ചെന്നാണ് കേസ്. പ്രതിയുടെ ഭര്‍ത്താവ് പുരുഷോത്തം നായിഡു വിമന്‍സ് കോളേജ് പ്രിന്‍സിപ്പലാണ്.
ചോദ്യം ചെയ്യലില്‍ പൊരുത്തമില്ലാത്തതും വിചിത്രവുമായ മൊഴികളാണ് ഇവര്‍ നല്‍കുന്നതെന്ന് പൊലീസ് പറയുന്നു. മക്കളെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു ദിവസത്തെ സമയം നല്‍കണമെന്നും ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടെന്നാണ് വിവരം. ഇരുവരെയും നിരീക്ഷിക്കുകയാണെന്നും മാനസിക പ്രശ്നങ്ങള്‍ക്ക് എന്തെങ്കിലും ചികിത്സ ആവശ്യമുണ്ടോയെന്ന് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അച്ചനും അമ്മയും ചേര്‍ന്ന് മക്കളെ കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
സെന്‍ട്രല്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അലേക്യ ജോലി ചെയ്തിരുന്നത്. സംഗീതത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ദിവ്യ എം.ആര്.റഹ്മാന്റെ സംഗീത അക്കാദമിയില്‍ പരിശീലനം നേടിയിട്ടുണ്ട്.