By Priya.11 May, 2022
തീവ്ര ചുഴലിക്കാറ്റായി രൂപമെടുത്ത അസാനി ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറി. വരും മണിക്കൂറുകളില്‍ അസാനി ആന്ധ്രാതീരത്തിന് അടുത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാത്രിയാകുന്നതോടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് ചുഴലിക്കാറ്റ് പ്രവേശിക്കാന്‍ സാധ്യതയുണ്ട്. മുന്നറിയിപ്പ് വന്നതോടുകൂടി ആന്ധ്രാതീരത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വിശാഖപട്ടണം ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അസാനി ചുഴലിക്കാറ്റായതോടെ ആന്ധ്രാതീരത്ത് അതിശക്തമായ മഴ ഉണ്ടാകും. ഒഡീഷ്, പശ്ചിമബംഗാള്‍ തീരങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.ആന്ധ്രാതീരത്ത് 75 മുതല്‍ 95 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ മുന്നറിയിപ്പ്. അസാനി ഇപ്പോഴുള്ളത് ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തില്‍ നിന്ന് 40 കിലോ മീറ്റര്‍ അകലെയാണ്.
അതേസമയം കേരളത്തില്‍ വ്യാപകമായി കനത്ത ഒറ്റപ്പെട്ട മഴ തുടരുകയാണ്. കോഴിക്കോട് മലയോര മേഖലകളില്‍ മഴ ശക്തമാണ്. തിരുവമ്പാടി ടൗണില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കോട്ടയത്ത് മീനച്ചിലാര്‍ കരകവിഞ്ഞൊഴുകി.കഴിഞ്ഞ ദിവസം കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ പെയ്ത ശക്തമായ മഴയില്‍ മീനച്ചിലാറിലെ ജലനിരപ്പ് പതിനെട്ടടിയോളം ഉയര്‍ന്നു. പാലാ ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയില്‍ വെള്ളം കയറി. ഇടമറ്റം പൈക റോഡില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടതോടെ വാഹന ഗതാഗതം തടസപ്പെട്ടു. മഴ കുറഞ്ഞതുകൊണ്ട് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.