Saturday 24 September 2022




കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് അശോക് ഗെഹ്ലോട്ട്

By priya.23 Sep, 2022

imran-azhar

 

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സ്ഥിരീകരിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. എന്നാല്‍ താന്‍ ഒരിക്കലും രാജസ്ഥാനില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കും. എല്ലാം ഭാവിയെ ആശ്രയിച്ചിരിക്കുന്നുവെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.

 

'ഞാന്‍ പ്രത്യേകിച്ച് ആരോടും അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല. രാജസ്ഥാനില്‍ എന്ത് സാഹചര്യമാണ് സംഭവിക്കുന്നത്, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്ത് തീരുമാനമാണ് എടുക്കുന്നത്, രാജസ്ഥാന്‍ എംഎല്‍എമാര്‍ എന്താണ് ചിന്തിക്കുന്നത്, ഇതെല്ലാം നോക്കിക്കാണേണ്ടവയാണ് ''കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കവെ അശോക് ഗെലോട്ട് പറഞ്ഞു.

 

അശോക് ഗെഹ്ലോട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സ്ഥിരീകരിച്ചതോടെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള മത്സരം ചൂടുപിടിച്ചിരിക്കുകയാണ്. അതേസമയം എംപി ശശി തരൂരിനും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സോണിയാ ഗാന്ധി അനുമതി നല്‍കിയെന്നാണ് വിവരം.

 

സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബര്‍ ഒന്നിനാണ്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 8 ആണ്.