By Veena Viswan.27 Jan, 2021
ചെന്നൈ: തമിഴ്നാട് മയിലാടുതുറൈക്ക് സമീപം ജൂവലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി അഞ്ചംഗ സംഘം 16കിലോ സ്വര്‍ണം കവര്‍ന്നു. പ്രതികളിലൊരാളെ പൊലീസ് വെടിവച്ച് കൊന്നു.
സിര്‍ക്കാരി റെയില്‍വേ റോഡിലെ ജൂവലറി ഉടമ ധന്‍രാജിന്റെ വീട്ടിലാണ് കൊലപാതകവും കവര്‍ച്ചയും നടന്നത്. ധന്‍രാജിന്റെ ഭാര്യ ആശ, മകന് അഖില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഘത്തിലെ ബാക്കിയുള്ളവരെല്ലാം പൊലീസ് പിടിയിലായി. കവര്‍ച്ചയ്ക്കും കൊലപാതകത്തിനും പിന്നില്‍ രാജസ്ഥാനില്‍നിന്നുള്ള സംഘമാണെന്നും ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് പ്രതികള്‍ കവര്‍ച്ച നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ ആറുമണിക്കാണ് സംഭവങ്ങളുടെ തുടക്കം. ധന്‍രാജിന്റെ വീട്ടിലേക്ക് അതിക്രമിച്ച കയറിയ അക്രമികള്‍ ആശയെയും മകനെയും വെട്ടിക്കൊന്നതിന് ശേഷം സ്വര്‍ണവുമായി രക്ഷപ്പെട്ടു.
വിവരമറിഞ്ഞെത്തിയ പൊലീസ് സംഭവ സ്ഥലത്തിന് സമീപമുള്ള ഇരിക്കൂര്‍ എന്ന പ്രദേശത്ത് വയലില്‍ ഒളിച്ചിരുന്ന പ്രതികളുമായി ഏറ്റുമുട്ടി. കൊള്ള സംഘം ആക്രമണം നടത്തിയതോടെയാണ് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്.
സംഘത്തിലെ മൂന്നു പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. ഒരാളെ പരിക്കൊന്നുമില്ലാതെ പിടികൂടി. ഇവരില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്.