Tuesday 17 September 2019




ആറ്റുകാല്‍ പൊങ്കാല മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച യോഗം ചേര്‍ന്നു

By Sarath Surendran.19 Oct, 2018

imran-azhar



തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ ഒരുക്കുന്നതിനായി യോഗം ചേര്‍ന്നു. നഗരസഭയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സുരക്ഷ, മാലിന്യ സംസ്‌കരണം, ഗ്രീന്‍ പ്രോട്ടോക്കോള്‍, പാര്‍ക്കിംഗ്, ക്രമസമാധാനം എന്നിവ ഫലപ്രദമായി ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ആറ്റുകാല്‍ ക്ഷേത്ര ഉത്സവ പ്രദേശവുമായി ബന്ധപ്പെട്ട പി.ഡബ്ല്യൂ.ഡി. റോഡുകളുടെ മരാമത്ത് പണികളുടെ എസ്റ്റിമേറ്റ് അടിയന്തിരമായി തയ്യാറാക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതുമായി ബന്ധപ്പെട്ട് ശുചിത്വ മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനും തീരുമാനിച്ചു. കേരള വാട്ടര്‍ അതോറിറ്റിയുടെ ഇനിയും പൂര്‍ത്തീകരിക്കാനുള്ള വര്‍ക്കുകള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. കളക്‌ട്രേറ്റ്, പി.ഡബ്ല്യൂ.ഡി, ഇറിഗേഷന്‍, ഇലക്ട്രിസിറ്റി ബോര്‍ഡ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളും സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ കെ.ശ്രീകുമാര്‍, എസ്.പുഷ്പലത, പാളയം രാജന്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.