Thursday 21 November 2019




ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും

By online desk.10 Feb, 2019

imran-azhar

 

 

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. തിരുവനന്തപുരം, പാപ്പനംകോട്, വികാസ് ഭവന്‍, വെള്ളനാട്, പേരൂര്‍ക്കട എന്നീ പ്രദേശങ്ങളില്‍ നിന്ന് പൊങ്കാല മഹോത്സവം ആരംഭിക്കുന്ന നാളെ മുതല്‍ അവസാനിക്കുന്നത് വരെയോ ഭക്തരുടെ തിരക്ക് കുറയുന്നത് വരെയോ സര്‍വീസ് നടത്താനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.

 

ജില്ലയ്ക്ക് പുറത്ത് നിന്നും തിരക്ക് കണക്കിലെടുത്ത് പ്രത്യേക സര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ട്. കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നും ആറ്റുകാലിലേയ്ക്ക് സര്‍വീസുകളുണ്ടാകും. ആറ്റുകാല്‍ ക്ഷേത്രം ബോര്‍ഡ് വെച്ച് സര്‍വീസുകള്‍ നടത്തും. തീര്‍്ത്ഥാടകരുടെ തിരക്ക് അനുസരിച്ച് സര്‍വീസ് നടത്താന്‍ ബന്ധപ്പെട്ട യൂണിറ്റ് അധികാരികളെ നിയോഗിച്ചിട്ടുണ്ട്.

 

പൊങ്കാല ദിവസം ബസുകള്‍ കമലേശ്വരം സ്‌കൂളിന് സമീപത്ത് നിന്ന് പൂവാര്‍ മുതല്‍ വിഴിഞ്ഞം വരെയും ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നിന്ന് പേട്ട, കണ്ണമ്മൂല, കേശവദാസപുരം വഴിയും സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. കിള്ളിപ്പാലം, കരമന,പാപ്പനംകോട് റോഡിലൂടെ തിരുമല,ജഗതി,പാങ്ങോട്,നെയ്യാറ്റിന്‍കര മേഖലയിലൂടെയും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും. കിഴക്കേകോട്ടയില്‍ നിന്ന് വട്ടിയൂര്‍ക്കാവ്,പേരൂര്‍ക്കട ഭാഗത്തേയ്ക്കും തിരുവനന്തപുരം സിറ്റിയില്‍ നിന്ന് കിളിമാനൂര്‍, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കാട്ടാക്കട വരെയും മരുതൂര്‍കടവില്‍ നിന്ന് പാപ്പനംകോട് മേഖല വരെയും ഭക്തര്‍ക്കായി സര്‍വീസുണ്ടായിരിക്കും.

 

പൊലീസിന്റെ നിര്‍ദ്ദേശാനുസരണം ആവശ്യമായ മാറ്റങ്ങള്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് വരുത്താവുന്നതാണ്. പൊങ്കാല ദിവസവും തലേന്നും തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ് നടത്തുന്ന എല്ലാ ബസുകളും പരിശോധിക്കുന്നതിനാവശ്യമായ നടപടികള്‍ വിജിലന്‍സ് ഓഫീസര്‍ക്ക് കൈക്കൊള്ളാന്‍ നിര്‍ദേശമുണ്ട്. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍മാരൊഴികെയുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ നിശ്ചിത യൂണിഫോം ധരിച്ചാണ് ജോലി ചെയ്യേണ്ടത്. ഗതാഗതതടസ്സം നേരിട്ടാല്‍ ബസുകള്‍ റൂട്ട് തിരിച്ചുവിടാന്‍ പൊലീസ് അധികാരികളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ കൈകൊള്ളുന്നതിന് തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവന്‍ എന്നീ യൂണിറ്റധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊങ്കാല നാളിലും തലേന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല.