Sunday 22 September 2019




ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇത്തവണയും കര്‍ശന ഹരിതചട്ടം പാലിക്കും

By Online Desk .02 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ഹരിതചട്ടം പാലിക്കാന്‍ നിര്‍ദേശം. പൊങ്കാലയോട് അനുബന്ധിച്ച് നഗരസഭാതല മുന്നൊരുക്കം സംബന്ധിച്ച് മേയറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിന് ആവശ്യമായ നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിച്ച് മുന്നോട്ടുപോകുന്നതിന് യോഗം തീരുമാനിച്ചു.

 

ട്രസ്റ്റിന്റെ കീഴില്‍വരുന്ന സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് ആവശ്യമായ കര്‍ശന നിര്‍ദ്ദേശം നല്‍കുന്നതിന് ട്രസ്റ്റിനെ ചുമതലപ്പെടുത്തി. പൊങ്കാലയുമായി ബന്ധപ്പെട്ട് ഭക്ഷണ വിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന വ്യാപാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും അന്നദാനം നടത്തുന്ന സംഘടനകള്‍ക്കും കച്ചവടക്കാര്‍ക്കും താല്ക്കാലിക രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനായി കേരളത്തിലെ റെയില്‍വെ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

 

മുന്‍ വര്‍ഷത്തെപ്പോലെ പൊങ്കാലയ്ക്ക് ശേഷമുള്ള ചുടുകല്‍ നഗരസഭ ശേഖരിച്ച് വീട് നിര്‍മ്മാണത്തിനായി കൈമാറും. ഉത്സവമേഖലാ പ്രദേശങ്ങളിലെ ഭക്ഷണ സാധനങ്ങള്‍ ശുചിയായി വിതരണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് സംവിധാനം ഏര്‍പ്പെടുത്തും.

 

പൊങ്കാലദിനത്തില്‍ ആറ്റുകാല്‍ അമ്പല പരിസരത്ത് അഗ്നിശമന സേനയുടെ സേവനം ഉണ്ടാകും. കച്ചവടം നടത്തുന്ന സ്ഥാപനങ്ങളും വെടിവഴിപാട് കരാറുകാരനും സുരക്ഷയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതിന് ഫയര്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇടപെട്ട് പ്രവര്‍ത്തിക്കും. പൊങ്കാലദിനത്തിലും കുത്തിയോട്ട ദിനത്തിലും ഒരു മെഡിക്കല്‍ ടീമിനെ സജ്ജീകരിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി. ഉത്സവദിനങ്ങളില്‍ പ്രത്യേകിച്ച് പൊങ്കാലദിനത്തില്‍ സുരക്ഷയുടെ ഭാഗമായി ട്രാഫിക് സംവിധാനമടക്കമുള്ള ക്രമീകരണം പൊലീസ് നിര്‍വ്വഹിക്കും.

 

കെ.എസ്.ആര്‍.ടി.സി പൊങ്കാല ദിനത്തില്‍ പ്രത്യേകം ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം അധികം ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം കെ.എസ്.ആര്‍.ടി.സി. അറിയിച്ചിട്ടുണ്ട്. വ്യാപാരികള്‍, അന്നദാനം നടത്തുന്ന സംഘടനകള്‍ എന്നിവരുടെ പ്രത്യേക യോഗം വിളിക്കാനും തീരുമാനമായി. അന്നദാനം ഗ്രീന്‍ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്ന സംഘടനകള്‍ക്ക് അവാര്‍ഡ് നല്കുമെന്ന് മേയര്‍ അറിയിച്ചു.