Thursday 21 November 2019




അയോദ്ധ്യ: ഒത്തുതീർപ്പിനില്ലെന്ന് മുസ്ലിം സംഘടനകൾ

By Online Desk.18 Oct, 2019

imran-azhar

 

 

ന്യൂഡല്‍ഹി: അയോദ്ധ്യക്കേസില്‍ മധ്യസ്ഥസമിതി തയ്യാറാക്കിയ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ മുസ്ലിം സംഘടനകള്‍ തള്ളി. കേസിലെ എല്ലാ കക്ഷികളുടെയും പങ്കാളിത്തത്തോടെയല്ല ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയതെന്ന് ഇവര്‍ വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഉത്തരവ് ലംഘിച്ച് മധ്യസ്ഥസമിതിയുടെ ശുപാര്‍ശകള്‍ ചിലര്‍ മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ഈ സംഘടനകള്‍ ആരോപിച്ചു. മദ്ധ്യസ്ഥ സമിതിയുടെ ഒത്ത് തീര്‍പ്പ് നിര്‍ദ്ദേശങ്ങളോട് യോജിപ്പില്ലെന്നും ശുപാര്‍ശകള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് കത്ത് നല്‍കി. അയോദ്ധ്യ തര്‍ക്കത്തിലെ വിധി എന്തായാലും അംഗീകരിക്കുമെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു.


അയോദ്ധ്യ തര്‍ക്ക പരിഹാരത്തിന് ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ സമിതി ചില വിഷയങ്ങളില്‍ സമവായം തയ്യാറാക്കിയതായി സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ എസ് റിസ്‌വി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കേസിലെ മുസ്ലിം സംഘടനകള്‍ക്ക് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി അഭിഭാഷകന്‍ ഇജാസ് മഖ്ബൂല്‍ ഇന്നലെ പ്രസ്താവന ഇറക്കുകയായിരുന്നു. മദ്ധ്യസ്ഥസമിതി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഘാഡ, ഹിന്ദു മഹാസഭ എന്നീ സംഘടനകള്‍ക്ക് പുറമെ മറ്റു രണ്ട് സംഘടനകള്‍ മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. കേസിലെ എല്ലാ കക്ഷികളുടെയും അംഗീകാരം ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ക്കില്ലായെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടെ ശുപാര്‍ശകള്‍ ചോര്‍ത്തി നല്‍കിയത് മദ്ധ്യസ്ഥസമിതി അംഗമായ അഭിഭാഷകന്‍ ശ്രീറാം പഞ്ചുവാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.


അയോദ്ധ്യക്കേസില്‍ വിധി എഴുതുന്നതിന്റെ ഭാഗമായി ഭരണഘടന ബെഞ്ചിലെ അംഗങ്ങള്‍ കഴിഞ്ഞ ദിവസം രണ്ടുതവണ ചേമ്പറില്‍ യോഗം ചേര്‍ന്ന് മധ്യസ്ഥസമിതിയുടെ സമവായ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. മധ്യസ്ഥ സമിതിയുടെ പ്രധാന ശുപാര്‍ശകള്‍ അയോദ്ധ്യയിലെ തര്‍ക്കഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് രാമക്ഷേത്രം നിര്‍മ്മിക്കുക. തര്‍ക്കഭൂമിയിലെ അവകാശവാദം ഉപേക്ഷിക്കുന്നതിന് പകരമായി മസ്ജിദ് പണിയുന്നതിന് പുതിയസ്ഥലം അനുവദിക്കുക. സുന്നി വഖഫ് ബോര്‍ഡ് പുതിയ പള്ളി നിര്‍മ്മിക്കും.


1991ലെ ആരാധനാലയ നിയമം ശക്തമാക്കണം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസം ആരാധനാലയങ്ങള്‍ ആരുടെയൊക്കെ പക്കല്‍ ആയിരുന്നുവോ ആ സ്ഥിതി തുടരണം. അയോദ്ധ്യയിലെ തര്‍ക്ക ഭൂമി ഒഴികെ മറ്റൊരു പള്ളിയിലും ഹിന്ദു സംഘടനകള്‍ അവകാശം ഉന്നയിക്കരുത്.അയോദ്ധ്യയിലെ 22 മസ്ജിദുകള്‍ സര്‍ക്കാര്‍ പുനരുദ്ധരിക്കണം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പക്കലുള്ള ചില പള്ളികളില്‍ നമാസിന് അനുമതി ഇല്ല. സംരക്ഷിത കെട്ടിടങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് നമാസ് അനുവദിക്കാത്തത്. എന്നാല്‍ സുപ്രീംകോടതി സമിതി രൂപീകരിച്ച് ഇക്കാര്യം പരിശോധിച്ച് ചില പള്ളികള്‍ എങ്കിലും ആരാധനയ്ക്ക് തുറന്ന് കൊടുക്കണം.