Friday 05 June 2020




കോവിഡ് ചികിത്സയ്ക്ക് ആയുര്‍വേദവും?

By വി.ഡി. ശെല്‍വരാജ്.30 Mar, 2020

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ആയുര്‍വേദ ഡോക്ടര്‍മാരെ അനുവദിക്കണമെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ അടിയന്തര ചര്‍ച്ച നടത്തും. നിലവില്‍ കോവിഡ് രോഗികള്‍ക്ക് അലോപ്പതി ചികിത്സ മാത്രമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും ചൈന അലോപ്പതിയോടൊപ്പം തങ്ങളുടെ പാരമ്പര്യ വൈദ്യവും വ്യാപകമായി പ്രയോഗിച്ച് വിജയം വരിച്ചത് ചൂണ്ടിക്കാട്ടി സംസ്ഥാന ഗവണ്‍മെന്റ് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് നിവേദനം നല്‍കിയിരുന്നു. പാരമ്പര്യ വൈദ്യം രോഗികള്‍ക്ക് രക്ഷാകവചം ആയതിന്റെ നൂറോളം ചൈനീസ് ഔദ്യോഗിക രേഖകള്‍ നിവേദനത്തില്‍ എടുത്തുകാട്ടിയിരുന്നു.


''ചൈനീസ് പാരമ്പര്യ വൈദ്യം (ടിഎംസി- ട്രഡീഷണല്‍ മെഡിസിന്‍ ഓഫ് ചൈന) പോലെ ആയിരക്കണക്കിന് വര്‍ഷം പാരമ്പര്യമുള്ളതാണ് ഇന്ത്യയിലെ ആയുര്‍വേദവും. മാത്രമല്ല ജ്വരത്തിന് (പനിക്ക്) പ്രത്യേക പ്രാധാന്യം നല്‍കുന്നുമുണ്ട് ആയുര്‍വേദം. മഹാജ്വരത്തിന് (മാരകമായ പനി) സൂര്യപ്രഭ ഗുളിക പോലെ ഒട്ടേറെ ആയുര്‍വേദ മരുന്നുകള്‍ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് അലോപ്പതിക്കൊപ്പം ആയുര്‍വേദ മരുന്നും നല്‍കാം. അതേസമയം കോവിഡിന് മരുന്നില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന അലോപ്പതി വിഭാഗത്തില്‍ തന്നെ ഇത്തരം രോഗികളെ ചികിത്സിക്കുന്ന വൈരുദ്ധ്യവും നിലനില്‍ക്കുന്നു.''- തിരുവനന്തപുരം ആയുര്‍വേദ കോളേജ് സൂപ്രണ്ട് ഡോ. രഘുനാഥന്‍ നായര്‍ ചൂണ്ടിക്കാട്ടി.


രോഗികള്‍ക്ക് പ്രത്യേക ആശുപത്രി ഒരുക്കിയതും പാരമ്പര്യ മരുന്നിന്റെ പ്രയോഗവുമാണ് ചൈനയെ ഇത്രവേഗം രക്ഷിച്ചത് എന്ന നിഗമനം ഇന്ത്യയില്‍ ഉറച്ചുവരുന്നുണ്ട്. ആയുര്‍വേദം ഉള്‍പ്പെടെ ആയുഷ് വിഭാഗങ്ങളെ കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിംഗ് ട്രസ്റ്റി ഡോ. പി.ആര്‍. കൃഷ്ണകുമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ക്വാറന്റൈനില്‍ കഴിയുന്ന രോഗികള്‍ക്ക് ആയുര്‍വേദ മരുന്ന് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണം. നൂറ്റാണ്ടുകളായി ക്ലിനിക്കല്‍ ടെസ്റ്റില്‍ വിജയിച്ചതും വളരെ എളുപ്പം നല്‍കാന്‍ കഴിയുന്നതുമായ നിരവധി ഔഷധക്കൂട്ടുകളും ഒറ്റമൂലികളും ആയുര്‍വേദത്തിലുണ്ടെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. നേരത്തെ ഡെംഗി, ചിക്കുന്‍ഗുനിയ എന്നിവ പടര്‍ന്നപ്പോള്‍ ആയുര്‍വേദ ചികിത്സയ്ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. അത് ഫലപ്രദമാണെന്ന് തെളിയുകയുണ്ടായി. ഇപ്പോള്‍ ആയുര്‍വേദത്തെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല.