Friday 24 September 2021




സീനിയറായ സന്ധ്യക്ക് എ.ഡി.ജി.പി റാങ്കും, ജൂനിയറായ അനില്‍കാന്തിന് ഡി.ജി.പി റാങ്കും; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

By Sooraj Surendran.04 Jul, 2021

imran-azhar

 

 

തിരുവനന്തപുരം: പോലീസ് മേധാവി നിയമനത്തില്‍ സീനിയോരിറ്റി മറികടന്നെന്ന ആക്ഷേപം വ്യാപകമായി ഉയരുന്ന പശ്ചാത്തലത്തിൽ ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യക്ക് ഡി.ജി.പി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് നല്‍കി. നിലവിൽ സീനിയറായ സന്ധ്യക്ക് എ.ഡി.ജി.പി റാങ്കും, ജൂനിയറായ അനില്‍കാന്തിന് ഡി.ജി.പി റാങ്കുമാണ് നൽകിയിരിക്കുന്നത്.

 

ബി.സന്ധ്യക്ക് ലഭിക്കേണ്ട ഡി.ജി.പി റാങ്കാണ് അനില്‍കാന്തിന് നല്‍കിയത്. സീനിയോറിറ്റിയിൽ സുദേഷ്കുമാറിനെയും, ബി. സന്ധ്യയെയും ഒഴിവാക്കിയാണ് അനിൽകാന്തിനെ സംസ്ഥാന പോലീസ് മേധാവിയായി സർക്കാർ തിരഞ്ഞെടുത്തത്.

 

എന്നാൽ ഇവർ മൂവരും യു.പി.എസ്.സി അംഗീകരിച്ച പട്ടികയിലുള്ളവരായതിനാല്‍ നിയമതടസങ്ങൾ വരില്ല. നിലവിൽ ഇത് സംബന്ധിച്ച് ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ രണ്ടാഴ്ചക്കുള്ളിൽ തന്നെ അഴിച്ചുപണി ഉണ്ടാകാനാണ് സാധ്യത.

 

അതേസമയം ഋഷിരാജ് സിങ് ഈ മാസം വിരമിക്കുന്നതോടെ ബി.സന്ധ്യക്ക് സ്വാഭിവകമായും ഡിജിപി റാങ്ക് ലഭിക്കും. എന്നിരുന്നാലും താല്‍കാലിക ഉത്തരവ് വഴി റാങ്ക് അനുവദിക്കണമെന്നാണ് അനിൽകാന്ത് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

 

മാത്രമല്ല എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, വിജയ് സാഖറെ, എസ്.ശ്രീജിത്ത് എന്നിവരെ പ്രധാനപദവികള്‍ നിലനിര്‍ത്തിയാവും അഴിച്ചുപണി എന്നും സൂചനയുണ്ട്.