Wednesday 22 January 2020
ബാലഭാസ്‌കറിന്റെ ആസ്തി: കളക്ടര്‍ക്കും ബാങ്കുകള്‍ക്കും ക്രൈംബ്രാഞ്ചിന്റെ കത്ത്

By ബി.വി. അരുണ്‍ കുമാര്‍.12 Jun, 2019

imran-azhar


തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആസ്തികളുടെ രേഖകള്‍ ലഭ്യമാക്കാന്‍ കളക്ടര്‍ക്കും ബാങ്കുകള്‍ക്കും ക്രൈംബ്രാഞ്ചിന്റെ കത്ത്. ഇന്നലെയാണ് ഇതുസംബന്ധിച്ച കത്ത് നല്‍കിയത്.


വിദേശ സംഗീത പരിപാടികള്‍ക്കിടെ മറ്റ് ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ആസ്തികള്‍ പരിശോധിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ പ്രകാശന്‍ തമ്പി, വിഷ്ണു എന്നിവര്‍ ബാലുവിന്റെ മാനേജര്‍മാരായിരുന്നു. 
ഇവര്‍ക്ക് ഗള്‍ഫില്‍ വന്‍ ഇടപാടുകള്‍ ഉണ്ടെന്നാണ് ഡിആര്‍ഐ കണ്ടെത്തിയത്. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് ബാലുവിന്റെ അപകട മരണത്തിലെ ദുരൂഹത മാറ്റാണമെന്ന പിതാവ് ഉണ്ണിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നത്.


ഭാര്യ ലക്ഷ്മിയുടെയും സ്വത്തുവിവരങ്ങളെ കുറിച്ച് ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്. കാക്കനാട്ടെ ജയിലില്‍ കഴിയുന്ന ബാലുവിന്റെ പ്രോഗ്രാം മാനേജര്‍ പ്രകാശന്‍ തമ്പിയില്‍ നിന്നും ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണിത്.


ബാലഭാസ്‌കറിന്റെ വിദേശ പര്യടനങ്ങളും അന്വേഷണ പരിധിയിലുണ്ട്. പ്രോഗ്രാമിനായി ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ തവണ ബാലു പോയതായാണ് വിവരം. ഇത് സ്വര്‍ണക്കടത്തിന് മറയായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു. പാലക്കാട് 50 സെന്റ് വസ്തു വാങ്ങിയിട്ടുണ്ടെന്ന് പൂന്തോട്ടത്തെ ഡോ. രവീന്ദ്രനാഥും ഭാര്യ ലതയും വെളിപ്പെടുത്തിയിരുന്നു.


ബാലുവിന്റെ പേരിലാണ് വസ്തു ഉള്ളത്. അതിനു പുറമെ ആശുപത്രിക്കായി ബാലു കുറച്ചു തുക ഇന്‍വെസ്റ്റ് ചെയ്തിരുന്നു. ചെര്‍പ്പുളശേ്ശരി പൊലീസ് സ്റ്റേഷനില്‍ കരാറുകാരന്‍ നല്‍കിയ പരാതിയില്‍ 1.80 കോടി രൂപ നല്‍കിയതായി പറയുന്നുണ്ട്. 
ഇതൊക്കെ പ്രോഗ്രാമിലൂടെ ലഭിച്ച തുകയാണോ എന്നും അന്വേഷിക്കുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ബാലഭാസ്‌കറിന് ഇത്രയധികം സ്വത്തുക്കള്‍ കൈവന്നതെങ്ങനെയെന്നാണ് ഡിആര്‍ഐ അന്വേഷിക്കുന്നത്.


ബാലഭാസ്‌കറിന്റെ ഫിനാന്‍സ് മാനേജരും സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കണ്ണിയുമായ വിഷ്ണു സോമസുന്ദരം ഒളിവിലാണ്. ഇയാളാണ് ഗള്‍ഫില്‍ നിന്നും സ്വര്‍ണം കേരളത്തിലെത്തിച്ചുകൊടുക്കുന്നത്. അതിനായി യാത്രക്കാരെ കാരിയര്‍മാരായി ഉപയോഗിച്ചു.


ബാലുഭാസ്‌കറിനെയും അത്തരത്തില്‍ ഉപയോഗപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന. അതിനിടെ ബാലഭാസ്‌കര്‍ വിഷ്ണുവില്‍ നിന്നല്ലാതെ നേരിട്ടും സ്വര്‍ണം കടത്തിയിട്ടുണ്ടാകാമെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു.


ഇതുസംബന്ധിച്ച് ബാലുവും വിഷ്ണുവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്ന് തമ്പി മൊഴിനല്‍കിയതായാണ് വിവരം. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് വിഷ്ണുവിന്റെ സുഹൃത്തായ അര്‍ജുനാണ്. ഒരുപക്ഷേ സ്വര്‍ണക്കടത്ത് സംബന്ധിച്ച തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.


വിമാനത്താവളത്തിന് പുറത്ത് എത്തിക്കുന്ന സ്വര്‍ണം ഇടപാടുകാര്‍ക്ക് എത്തിച്ചിരുന്നത് തമ്പിയാണ്. ദുബായ് കേന്ദ്രീകരിച്ചാണ് കൂടുതലും സ്വര്‍ണക്കടത്ത് നടത്തിയിട്ടുള്ളത്. ഇവിടെ ബാലഭാസ്‌കര്‍ നിരവധി തവണ പ്രോഗ്രാം അവതരിപ്പിക്കാനായി പോയിട്ടുണ്ട്. 
ചില ഇവിന്റ് മാനേജ്‌മെന്റുകളാണ് പ്രോഗ്രാം ഏര്‍പ്പാടാക്കിയിരുന്നത്. ഇവന്റ് മാനേജ്‌മെന്റുകളുമായി വിഷ്ണുവിന് നല്ല ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. പ്രോഗ്രാമിനായി ബാലു വിദേശത്ത് പോയിവരുമ്പോള്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് തമ്പി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സ്വര്‍ണക്കടത്ത് സംബന്ധിച്ച് ബാലുവിന് അറിയാമായിരുന്നുവെന്നാണ് ഡിആര്‍ഐയും നല്‍കുന്ന സൂചന. ഒരുപക്ഷേ അദ്ദേഹത്തിന്റെ മൗനാനുവാദത്തോടെ വിഷ്ണു കടത്ത് തുടരുകയായിരുന്നോ എന്നും സംശയിക്കുന്നുണ്ട്.


മരിക്കുന്നതിനു മുമ്പ് ബാലഭാസ്‌കര്‍ ഒരു ബിഎംഡബ്‌ള്യു കാര്‍ ബുക്ക് ചെയ്തിരുന്നു. അതിനു പുറമെ ഒരു ബെന്‍സും, ഇന്നോവയും ബാലുവിന് സ്വന്തമായുണ്ട്. 
മാത്രമല്ല തിരുമലയില്‍ സ്റ്റുഡിയോയോട് കൂടിയ വീട്, കാര്യവട്ടത്ത് ഒരു ഫ്‌ളാറ്റ്, ഭാര്യ ലക്ഷ്മിയുടെ വീടിനു സമീപം പത്തു സെന്റോളം വസ്തു എന്നിവയും ബാലുവിനുണ്ട്. ഇതിനു പുറമെയാണ് പാലക്കാട്ടെ 50 സെന്റ് സ്ഥലവും ആശുപത്രിക്കു വേണ്ടിയുള്ള നിക്ഷേപവും.


ബാലു ഉപയോഗിച്ചിരുന്ന വയലിന് ഏകദേശം നാലുലക്ഷത്തോളം രൂപ വിലവരും. ഇതൊക്കെ നേരായ രീതിയിലാണോ സമ്പാദിച്ചതെന്നാണ് ക്രൈംബ്രാഞ്ചും ഡിആര്‍ഐയും അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ചു വ്യക്തത വരുത്താന്‍ ഭാര്യ ലക്ഷ്മിയെയും വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന. ബാലുവിന്റെ ഇടപാടുകള്‍ അറിയാവുന്ന വ്യക്തിയെന്ന നിലയിലാണ് ലക്ഷ്മിയെ ചോദ്യം ചെയ്യുക.


അതേസമയം അവര്‍ അപകടം തരണം ചെയ്ത് ചികിത്സയിലാണ്. ബാലുവിന്റെ മരണത്തെ തുടര്‍ന്ന് മാനസികമായി തളര്‍ന്നിരിക്കുകയുമാണ്. അതിനാല്‍ പൊടുന്നനെയുള്ള ചോദ്യംചെയ്യല്‍ അസാധ്യമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ബാങ്ക് ഇടപാടുകളും വിശദമായി പരിശോധിക്കുന്നുണ്ട്. എവിടെനിന്നൊക്കെ ബാലുവിന്റെ അക്കൗണ്ടില്‍ പണം വന്നിട്ടുണ്ടെന്നാണ് അന്വേഷിക്കുന്നത്.