Monday 20 January 2020




ബാലഭാസ്‌കറിന്റെ മരണം; വാഹനം ഓടിച്ചയാളെ കണ്ടെത്താന്‍ വീണ്ടും ശാസ്ത്രീയ പരിശോധന

By anju.02 Jun, 2019

imran-azhar

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തെക്കുറിച്ച് ദുരൂഹതയേറിയതോടെ അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചയാളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ശാസ്ത്രീയപരിശോധനകള്‍ വേഗത്തിലാക്കി.

 

അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. എന്നാല്‍ ഡ്രൈവറാണ് വാഹനം ഓടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും മൊഴിനല്‍കി. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്ന വിഷ്ണുവും പ്രകാശന്‍ തമ്പിയും പിടിയിലായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.

 

അപകടത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി പരാതിനല്‍കിയിരുന്നു. ഇതാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഡ്രൈവറെ കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധന നടത്തിയെങ്കിലും ഏറെനാള്‍ കഴിഞ്ഞതിനാല്‍ വാഹനത്തിലെ രക്തസാമ്പിളുകള്‍ കണ്ടെത്താനായില്ല. മുടിനാരുകള്‍ വഴി വാഹനം ഓടിച്ചയാളെ കണ്ടെത്താനുള്ള ഫൊറന്‍സിക് പരിശോധന ഉടന്‍ നടത്തും.

 

2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.