Wednesday 23 October 2019




ബാലഭാസ്‌കറിന്റെ മരണം: പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് തുടങ്ങി

By anju.08 Jun, 2019

imran-azhar


തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരുന്നതിനായി സ്വര്‍ണകടത്തുകേസില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് തുടങ്ങി. കാക്കനാട് ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പ്രകാശ് തമ്പിയെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡിആര്‍ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രകാശ് ജയിലില്‍ കഴിയുന്നത്.

 

അപകടം നടക്കുന്നതിന് മുമ്പ് ബാലഭാസ്‌ക്കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതോടെ മരണത്തിലെ ദുരൂഹത ഏറിയിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യം പിന്നീട് കടയുടമ നിഷേധിച്ചു. ഇത് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍.

 

ഡിആര്‍ഐയുടെ കസ്റ്റഡിയിലുള്ള പ്രകാശ് തമ്പിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി ഹരികൃഷ്ണന്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകാശ് തമ്പിയുടെ മൊഴിയെടുക്കാന്‍ കോടതി അനുമതി നല്‍കിയത്.

 

പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സിസിടിവി പരിശോധിച്ചത് എന്തിന്, ബാലഭാസ്‌കറുമായുള്ള സാമ്പത്തിക ബന്ധം, ബാലഭാസ്‌കറിന്റെ മരണശേഷം മൊബൈല്‍ ഫോണ്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവ ആരാണ് കൈകാര്യം ചെയ്തത് ഇക്കാര്യത്തെക്കുറിച്ചാകും ക്രൈംബ്രാഞ്ച് വ്യക്തത വരുത്തുക.