Friday 05 June 2020
ബാലഭാസ്‌കറിന്റെ മരണം: പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി

By Online Desk .07 Jun, 2019

imran-azhar

 

 

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് പ്രോഗ്രാം മാനേജര്‍ പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് കോടതിയുടെ അനുമതി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തമ്പി ഇപ്പോള്‍ കാക്കനാട് ജയിലിലാണ്. രണ്ടു ദിവസത്തിനകം അദ്ദേഹത്തെ ചോദ്യം ചെയ്യും. ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹതയുണ്ടെന്നും മാനേജര്‍മാരായ പ്രകാശ് തമ്പിക്കും വിഷ്ണുവിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പിതാവ് ഉണ്ണിയും ബന്ധുക്കളും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തമ്പിയെ ചോദ്യം ചെയ്യുന്നത്. ആസൂത്രിത കൊലപാതകമെന്നാണ് ആരോപണം. സ്വര്‍ണക്കടത്ത് കേസില്‍ പ്രകാശ് തമ്പിയും വിഷ്ണുവും പ്രതിയാണ്. തമ്പി മാത്രമാണ് പിടിയിലായിട്ടുള്ളത്. വിഷ്ണു ഇപ്പോഴും ഒളിവിലാണ്. ഇവര്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഉണ്ണി ആരോപണമുന്നയിച്ചിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ബാലുവും കുടുംബവും കൊല്ലത്തെ ജ്യൂസ് കടയില്‍ നിന്നും ജ്യൂസ് കഴിച്ചിരുന്നു. ആ കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ തമ്പി ശേഖരിക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ അന്വേഷണത്തിനു പുറമെ തമ്പിയും സമാന്തര അന്വേഷണം നടത്തിയതായി ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു. ഇതുസംബന്ധിച്ച് പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ ഇയാള്‍ ഒളിവില്‍ പോയത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയിലാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയത്. ജയിലിലെ സൗകര്യം നോക്കി സൂപ്രണ്ടിന്റെ അനുമതിയോടെ ചോദ്യം ചെയ്യാമെന്നാണ് കോടതി നല്‍കിയ നിര്‍ദ്ദേശം. രണ്ടു ദിവസത്തിനകം ജയിലില്‍ വച്ചുതന്നെ തമ്പിയെ ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ഒളിവില്‍ കഴിയുന്ന വിഷ്ണുവിനെ കൂടി പിടികൂടിയാലേ കേസില്‍ ദുരൂഹത മാറുകയുള്ളുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

 

അതേസമയം ബാലഭാസ്‌കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ തമ്പി എടുത്തുകൊണ്ടു പോയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ജ്യൂസ് കടയുടമ ഷംനാദ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. നിര്‍ണായക സിസി ടിവി ദൃശ്യങ്ങള്‍ തമ്പി പരിശോധിച്ചിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന് ഇയാള്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. ഷംനാദിന്റെ സുഹൃത്തിന്റെ സഹായത്തോടെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തിരികെ ഏല്‍പ്പിച്ചെന്നായിരുന്നു മൊഴി. എന്നാല്‍ ഇതാണ് ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിഷേധിച്ചത്. പൊലീസിന് ബദലായി തമ്പിയും സമാന്തര അന്വേഷണം നടത്തിയിരുന്നുവെന്ന് ബാലുവിന്റെ സുഹൃത്ത് സുഹാസ് പറഞ്ഞു. ബാലുവിന്റെ ഡ്രൈവര്‍ അര്‍ജുന്റെ മൊഴി ശരിയാണോ എന്നു പരിശോധിക്കാനാണ് ദൃശ്യങ്ങള്‍ വാങ്ങിയതെന്നായിരുന്നു തമ്പി ക്രൈംബ്രാഞ്ചി നല്‍കിയ മൊഴി. അപകടസമയം ബാലുവാണ് വാഹനം ഓടിച്ചതെന്നാണ് അര്‍ജുന്റെ മൊഴി. എന്നാല്‍ ഇത് ഭാര്യ ലക്ഷ്മി നിഷേധിച്ചു. അര്‍ജുന്റെ വാദങ്ങള്‍ തള്ളുന്ന തരത്തിലാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. അപകടം സംബന്ധിച്ച ഫോറന്‍സിക് ഫലം കൂടി വന്നാലേ അവ്യക്തത മാറൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനിടെ അര്‍ജുന്‍ കേരളം വിട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസമിലേക്കു കടന്നതായാണ് വിവരം. ക്രൈംബ്രാഞ്ച് ഇന്നലെ മൊഴിയെടുക്കാനായി തൃശൂരിലെ ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് കേരളം വിട്ട വിവരം അറിഞ്ഞത്. സെപ്റ്റംബര്‍ 24ന് രാത്രി 11.30ഓടെയാണ് ബാലുവും കുടുംബവും തൃശൂരില്‍ നിന്നും യാത്ര തുടങ്ങിയത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടമുണ്ടായത്.

 

അപകടത്തില്‍ പരിക്കേറ്റയാള്‍ ദൂരയാത്രക്ക് പോയത് സംശയകരമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ജുന്‍ സംസ്ഥാനം വിട്ടതെന്ന് അന്വേഷിക്കും. അന്വേഷണം തന്റെ നേര്‍ക്ക് നീങ്ങുന്നുവെന്ന് മനസിലായതോടെ അര്‍ജുന്‍ ഒളിവില്‍ പോകയാതാമെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. അര്‍ജുന്റെ മൊഴി മാറ്റവും സംശയകരമായിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. അപകടദിവസം ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ചത് അമിതവേഗത്തിലാണെന്നും കണ്ടെത്തല്‍. ചാലക്കുടിയില്‍ 1.08ന് കാര്‍ സ്പീഡ് ക്യാമറയില്‍ കുടുങ്ങി. 3.45ന് പള്ളിപ്പുറത്തെത്തി. 231 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ വെറും 2.37 മണിക്കൂര്‍ മാത്രമാണെടുത്തത്. ഡിവൈഎസ്പി കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള തെളിവെടുപ്പിലാണ് വിവരങ്ങള്‍ ലഭിച്ചത്. അത്രയും വേഗത്തില്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തേണ്ട സാഹചര്യം എന്തായിരുന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൂന്തോട്ടം ആശുപത്രി ഉടമ ഡോക്ടര്‍ രവീന്ദ്രന്റെ മകന്‍ ജിഷ്ണുവും ഒളിവിലെന്നാണ് സംശയം. ഇക്കാര്യവും ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും.

 

സ്വര്‍ണക്കടത്ത് കേസിലെ പ്രതി വിഷ്ണുവിന്റെ ഉറ്റ സുഹൃത്താണ് അര്‍ജുന്‍. വിഷ്ണുവും ഒളിവിലാണ്. ബാലഭാസ്‌കറിന് അര്‍ജുനെ പരിചയപ്പെടുത്തിക്കൊടുത്തത് വിഷ്ണുവാണെന്ന് ബാലുവിന്റെ ബന്ധുക്കള്‍ പറയുന്നു. തിരുവനന്തപുരത്തുള്ളപ്പോള്‍ അര്‍ജുന്‍ വിഷ്ണുവിന്റെ വീട്ടിലാണ് താമസമെന്നും ബന്ധുക്കള്‍ പറഞ്ഞു

 

കഴിഞ്ഞ ദിവസം പൂന്തോട്ടത്തെ ഡോ. രവീന്ദ്രനില്‍ നിന്നും ഭാര്യ ലതയില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഉദ്യോഗസ്ഥരോടും വെളിപ്പെടുത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ റിമാന്‍ഡിലുള്ള പ്രകാശ് തമ്പിയും ബാലഭാസ്‌ക്കറും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട പൂന്തോട്ടം ആശുപത്രി ഉടമ രവീന്ദ്രനും ഭാര്യ ലതയും പറഞ്ഞു. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ തെളിവെടുപ്പ് നടത്തി. ക്ഷേത്രത്തിലെത്തിയ സംഘം ദേവസ്വം അധികൃതര്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചു. ബാലഭാസ്‌കര്‍ ക്ഷേത്രത്തില്‍ ചെലവഴിച്ച സമയം, നടത്തിയ വഴിപാടുകള്‍ എന്നിവയെക്കുറിച്ചും കൂടെ ആരൊക്കെയുണ്ടായിരുന്നു എന്നതു സംബന്ധിച്ചുമുള്ള വിശദാംശങ്ങളുമാണ് ശേഖരിച്ചത്. തൃശൂരില്‍ ബാലഭാസ്‌കര്‍ താമസിച്ച ലോഡ്ജ്, ഭക്ഷണം കഴിച്ച ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

 

ബാലഭാസ്‌ക്കറിന് അപകടം സംഭവിക്കുന്നതിന് തലേദിവസം തിരുവനന്തപുരത്തെത്തിയ മകന്‍ ജിഷ്ണു പ്രകാശ് തമ്പിക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും രവീന്ദ്രന്‍ മൊഴി നല്‍കിയിട്ടുണ്ട്. അര്‍ജുന്‍ ലതയുടെ സഹോദരന്റെ മകനാണെന്നും ഇയാള്‍ തൃശൂര്‍ ഉണ്ടെന്നും രവീന്ദ്രന്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അധികൃതര്‍ ഇയാളെ തേടി തൃശൂരെത്തിയത്. ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ക്രൈംബ്രാഞ്ച് ഇന്നലെ പരിശോധന നടത്തിയിരുന്നു. ബാലഭാസ്‌ക്കറും കുടുംബവും താമസിച്ചിരുന്ന ഹോട്ടലിലും പരിശോധന നടത്തിയിരുന്നു.