Friday 25 September 2020
ബാലുവിനെ അവര്‍ കൊന്നതാണ്, ഞാനും കൊല്ലപ്പെടും; കലാഭവന്‍ സോബിയുടെ 'മരണമൊഴി' കലാകൗമുദിക്ക്

By ബി.വി. അരുണ്‍ കുമാര്‍.31 Jul, 2020

imran-azhar

 

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ വാഹനം ക്വട്ടേഷന്‍ സംഘം എന്നു തോന്നിപ്പിക്കുന്നവര്‍ അടിച്ചുതകര്‍ക്കുന്നത് കണ്ടതായി കലാഭവന്‍ സോബി. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇതു തന്റെ മരണമൊഴിയാണെന്നും സോബിയുടെ വെളിപ്പെടുത്തല്‍. കലാഭവന്‍ സോബിയുടെ മരണമൊഴി കലാകൗമുദി പുറത്തുവിടുന്നു. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ 3നും 3.05നും ഇടയ്ക്കാണ് ക്വട്ടേഷന്‍ സംഘം ബാലുവിനെ ആക്രമിച്ചത്. വെള്ള ഇന്നോവ കാറിലെത്തിയ ക്വട്ടേഷന്‍ സംഘം ബാലുവിന്റെ കാറില്‍ കയറി. ബാലഭാസ്‌കര്‍ സഞ്ചരിച്ച നീല ഇന്നോവ വന്നുനില്‍ക്കുന്നതും വെള്ള സ്‌കോര്‍പ്പിയോയിലെത്തിയ ക്വട്ടേഷന്‍ സംഘം ഗ്ലാസ് അടിച്ചു തകര്‍ക്കുന്നതും താന്‍ മഞ്ഞ വെളിച്ചത്തില്‍ കണ്ടുവെന്നും സോബി വീഡിയോയില്‍ പറയുന്നു. താന്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നതിനു തൊട്ടു മുമ്പാണ് ബാലുവിന്റെ കാറും നിര്‍ത്തിയിരുന്നത്. അപകടത്തിലല്ല ബാലുവിന് ഗുരുതര പരിക്കുണ്ടായത്. കാറിന്റെ ചില്ല് അപകടത്തില്‍ തകര്‍ന്നതല്ല. ഗുണ്ടകള്‍ അടിച്ചു തകര്‍ത്തതാണ്. അപകടത്തില്‍ ഒരു കാറിന്റെ ചില്ല് ഇങ്ങനെയല്ല തകരുന്നത്. ബാലുവിനെ കൊന്നതാണെന്ന് നൂറുശതമാനവും ഉറപ്പാണെന്ന് കലാഭവന്‍ സോബിയുടെ മരണമൊഴിയില്‍ പറയുന്നു. ഉടന്‍തന്നെ മറ്റൊരു ഇന്നോവ കാറും സംഭവസ്ഥലത്തെത്തി. ആരും അടുത്തേക്ക് വരാതിരിക്കാന്‍ ഗുണ്ടാ സംഘം വടിവാള്‍ ചുഴറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് ആ കാര്‍ അതിവേഗത്തില്‍ തിരുവനന്തപുരം ഭാഗത്തേക്ക് ഓടിച്ചുപോയി. അതിനു ശേഷമാണ് അപകടമുണ്ടായത്. കാറുകളിലെത്തിയവര്‍ റോഡിന്റെ ഇരുവശവും ബ്ലോക്ക് ചെയ്താണ് ബാലുവിനെ കൊലപ്പെടുത്തിയത്. ഗുണ്ടാസംഘം ഇരുവശത്തുനിന്നും ആള്‍ക്കാര്‍ അടുത്തേക്ക് വരാതിരിക്കാന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവശേഷം ഫയര്‍ഫോഴ്‌സും ആംബുലന്‍സും എത്തിയത് മണിക്കൂറുകള്‍ക്കു ശേഷമാണ്. താന്‍ ഇനിയും ജീവിച്ചിരിക്കുമോ എന്ന് ഭയമുണ്ട്. ജീവിച്ചിരിക്കുകയാണെങ്കില്‍ ബാലുവിനെ കൊന്നയാളെ താന്‍ ചൂണ്ടിക്കാട്ടുമെന്നും കലാഭവന്‍ സോബിയുടെ വീഡിയോയില്‍ പറയുന്നു. തന്നെ ബ്രെയിന്‍ മാപ്പിംഗ് നടത്തണം. എല്ലാം തുറന്നുപറയാന്‍ തയാറാണ്. ഇന്ത്യ കണ്ട ഏറ്റവും ആസൂത്രിതമായ കൊലപാതകമാണ് ബാലുവിന്റേതെന്നും കലാഭവന്‍ സോബി പറയുന്നു.

 

സോബി കലാകൗമുദിക്ക് അയച്ച വീഡിയോ സംഭാഷണത്തില്‍ നിന്നും-

 

ജൂലൈ 16നാണ് സോബി വീഡിയോ റെക്കോഡ് ചെയ്തത്. തന്റെ അഭിഭാഷകന്‍ രാമന്‍ കര്‍ത്തയ്ക്കും ബാലഭാസ്‌കറിന്റെ കസിന്‍ സിസ്റ്റര്‍ പ്രിയ വേണുഗോപാലിനും കൈമാറുന്നതിനു വേണ്ടിയാണ് വീഡിയോയെന്നും സോബി ഫപറയുന്നു. അപകടത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് പറയാന്‍ ബാക്കിവച്ച കാര്യങ്ങളാണിവയെന്നും അദ്ദേഹം പറയുന്നു. നേരിട്ട് ഇക്കാര്യങ്ങള്‍ പറയണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതുവരെ താനുണ്ടാകില്ലെന്നു മനസിലാക്കിയാണ് വീഡിയോ റെക്കോഡ് ചെയ്തതെന്നും സോബി പറയുന്നു.

 

2018 സെപ്റ്റംബര്‍ 24ന് സോബിയുടെ മകളുടെ വിവാഹനിശ്ചയം ചാലക്കുയില്‍ വച്ച് നടന്നിരുന്നു. അതിനു ശേഷം വൈകിട്ട് അഞ്ചുമണിയോടെ അവിടെനിന്നും തിരുനെല്‍വേലിയിലേക്ക് തന്റെ ബെന്‍സ് കാറിലേക്ക് പോവുകയായിരുന്നു. കൊല്ലത്തെത്തിയ സോബി അവിടെ ഒരു റസ്‌റ്റോറന്റില്‍ നിന്നും രാത്രി കാപ്പികുടിച്ചു. താനാണ് ആ ഹോട്ടലില്‍ നിന്നും അവസാനം ആഹാരം കഴിച്ചയാളെന്നും സോബി പറയുന്നു. യാത്ര തുടര്‍ന്ന സോബിക്ക് പള്ളിപ്പുറം-മംഗലപുരം പാതയിലെത്തിയപ്പോള്‍ ഉറപ്പം വന്നു. ഇതേത്തുടര്‍ന്ന് റോഡുവക്കില്‍ കണ്ട ഒരു പെട്രോള്‍ പമ്പില്‍ വാഹനം ഒതുക്കി വിശ്രമിച്ചു. പമ്പിലെ ക്യാമറയ്ക്കു സമീപമാണ് കാര്‍ ഒതുക്കിയതെന്നും അവിടെ കുറച്ചു ബസുകളും പാര്‍ക്ക് ചെയ്തിരുന്നുവെന്നും സോബി പറയുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ വലിയൊരു ശബ്ദം കേട്ടാണ് ഉണര്‍ന്നത്. വേഗതയിലെത്തിയ ഒരു കാര്‍ പെട്ടെന്ന ബ്രേക്ക് ചെയ്ത ശബ്ദമായിരുന്നു കേട്ടത്. വെള്ള സ്‌കോര്‍പ്പിയോയായിരുന്നു ബ്രേക്കിട്ടത്. അതിനകത്ത് അഞ്ചാറ് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഉണ്ടായിരുന്നു. മങ്ങിയ വെളിച്ചത്തിലാണ് ഇതൊക്കെ കണ്ടതെന്നും സോബി വീഡിയോയില്‍ പറയുന്നു. ഈ സമയം ബാലു സഞ്ചരിച്ചെന്നു പറയുന്ന നീല നിറത്തിലുള്ള ഇന്നോവ കാര്‍ സ്‌കോര്‍പ്പിയോ വന്നുനിന്നു. സ്‌കോര്‍പ്പിയോയില്‍ നിന്നും ഗുണ്ടാസംഘം പുറത്തിറങ്ങി ബാലുവിന്റെ വാഹനത്തിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുന്നത് താന്‍ നേരിട്ടു കണ്ടെന്ന് സോബി പറയുന്നു. രണ്ടു വശത്തും ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ നിന്ന് അടിച്ചു തകര്‍ക്കുകയായിരുന്നു. അല്ലാതെ വാഹനാപകടത്തിലല്ല ഗ്ലാസുകള്‍ തകര്‍ന്നത്. പല ചര്‍ച്ചകളിലും ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇത്തരത്തിലല്ല ഗ്ലാസുകള്‍ പൊട്ടുന്നത്. നിരവധി അപകടങ്ങള്‍ നേരിട്ടു കണ്ടിട്ടുണ്ടെന്നും സോബി പറയുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ ആരും മുഖവിലയ്‌ക്കെടുത്തില്ല. ഈ സംഭവം കഴിഞ്ഞ് അഞ്ചുമിനിറ്റിനു ശേഷം ഒരു വെള്ള നിറത്തിലുള്ള മറ്റൊരു ഇന്നോവ അവിടെയെത്തി. അതില്‍ നിന്ന് കുറച്ചുപേര്‍ പുറത്തേക്കും നേരത്തെ പുറത്തിറങ്ങിയ ക്വട്ടേഷന്‍ സംഘങ്ങളില്‍ ചിലര്‍ വാഹനത്തിനകത്തേക്കും കയറി.

 

ബാലുവിനെ അവർ കൊന്നതാണ്, ഞാനും കൊല്ലപ്പെടും; കലാഭവൻ സോബിയുടെ 'മരണമൊഴി' കലാകൗമുദിക്ക്#EXCLUSIVENEWS

 

 

ഈസമയം തിരുവനന്തപുരം ഭാഗത്തേക്കോ, കൊല്ലം ഭാഗത്തേക്കോ ഒരു വാഹനവും പോയരുന്നില്ല എന്നതാണ് അവരുടെ വിജയം. പക്ഷേ ഞാന്‍ അവിടെ ഒരു വാഹനത്തിലിരുന്ന കാര്യം സംഘാംഗങ്ങള്‍ ആരുംതന്നെ കണ്ടില്ല. ആക്രമണശേഷം വാഹനങ്ങള്‍ അമിത വേഗതയില്‍ മുന്നോട്ടു പോയി. ഇതിനു ശേഷം താന്‍ മുഖം കഴുകിയ ശേഷം എന്തോ പന്തികേടുണ്ടെന്നു മനസിലാക്കി അവിടെനിന്നും രക്ഷപ്പെട്ടു പോവുകയായിരുന്നുവെന്നും സോബി പറയുന്നു. ഞാന്‍ അവിടെയുണ്ടെന്ന് ഒരുപക്ഷേ അവര്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ തന്നെ വച്ചേക്കില്ലായിരുന്നുവെന്നും സോബി. വാഹനവുമായി താന്‍ തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന സമയത്താണ് കുറച്ചു ദൂരം ചെന്നപ്പോള്‍ വലിയൊരു ശബ്ദം കേട്ടത്. അവിടെ കുറേ വാഹനങ്ങള്‍ ആ സമയത്തുണ്ടായിരുന്നു. പിന്നീടാണ് മനസിലായത് ഇവരാണ് നേരത്തെ കണ്ട ആള്‍ക്കാരാണെന്ന്. ഒരു വാഹനം ഡബിള്‍ ഇന്‍ഡിക്കേറ്ററിട്ട് കൊല്ലം ഭാഗത്തേക്ക് അമിത വേഗതയില്‍ ഓടിച്ചുപോയി. എന്റെ വാഹനം കണ്ടയുടന്‍ അവിടെയുണ്ടായിരുന്ന സംഘാംഗങ്ങള്‍ വടിവാളും വീശിക്കൊണ്ട്, ഇവന്‍ എവിടുന്നാടാ വന്നതെന്നു പറഞ്ഞ് വടിവാളുമായി വെട്ടടാ എന്നാക്രോശിച്ച് ഓടിയെത്തി. അവിടെനിന്നും എങ്ങനെ രക്ഷപ്പെട്ടെന്ന് തനിക്കേ അറിയൂവെന്നും സോബി പറയുന്നു. ഈ സമയം ഒരാള്‍ ബൈക്ക് തള്ളിക്കൊണ്ടു പോകുന്നതും കണ്ടു. തനിക്കു മുന്നിലായി കുറച്ചു വാഹനങ്ങള്‍ വേഗതകുറച്ച് പോകുന്നുണ്ടായിരുന്നു. തന്റെ വാഹനത്തെ കടത്തിവിടാന്‍ അവര്‍ തയാറായില്ല. ഈസമയം ഒരു ആംബുലന്‍സ് എതിര്‍വശത്തുനിന്നും വന്നു. അത് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്തേക്ക് വന്നതായിരുന്നില്ല. മറ്റെവിടേക്കോ പോയതായിരുന്നു. ഈസമയം തന്നെ തടയാന്‍ ശ്രമിച്ച വാഹനങ്ങള്‍ പെട്ടെന്ന് സൈഡൊതുക്കി. തന്റെ വാഹനത്തെ പിന്തുടര്‍ന്ന് ഒരു ക്വാളിസ് വാഹനവുമുണ്ടായിരുന്നു. ഇവരെല്ലാം നേരത്തെ റോഡില്‍ കണ്ട ആള്‍ക്കാരായിരുന്നുവെന്നും സോബി പറയുന്നു. ആംബുലന്‍സ് പോയതിനു പിന്നാലെ വേഗതയില്‍ സോബിയും മുന്നോട്ടു പോയി.

 

ഇടയ്ക്കു വച്ച് മറ്റൊരു റോഡിലൂടെ രക്ഷപ്പെടുകയായിരുന്നു. ഈസമയം തന്നെ പിന്തുടര്‍ന്നു വന്ന വാഹനങ്ങള്‍ തിരുവനന്തപുരം ഭാഗത്തേക്കു പോയി. ഒരു വിജനമായ സ്ഥലത്താണ് എത്തിച്ചേര്‍ന്നതെന്ന് സോബി പറയുന്നു. അപ്പോഴേക്കും സമയം അഞ്ചരയായിരുന്നു. അവിടെവച്ച് തന്റെ ഡ്രൈവറെ വിളിച്ച് സംഭവം അറിയിച്ചെന്നും സോബി പറഞ്ഞു. ഈ സമയത്താണ് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സും ആംബുലന്‍സും പോകുന്ന ശബ്ദം താന്‍ കേട്ടതെന്നും സോബി. ബാലഭാസ്‌കറിനെ കൊന്നതാണെന്ന് നൂറുശതമാനം സത്യമാണ്. കാറിലുണ്ടായിരുന്ന കേടുപാടുകളെല്ലാം അപകടത്തിനു മുമ്പുണ്ടാക്കിയതാണ്. റോഡിന്റെ രണ്ടുവശത്തും ക്വട്ടേഷന്‍ സംഘങ്ങള്‍ ആളുകളെ തടഞ്ഞുനിര്‍ത്തി. സംഭവസ്ഥലത്തേക്ക് പോകാന്‍ ആരെയും അനുവദിച്ചില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രിതമായ കൊലപാതകമാണ് ഇതെന്ന് കാലം തെളിയിക്കും. വാഹനം റോഡരികില്‍ മറിഞ്ഞുകിടക്കുന്നതാണ് താന്‍ കണ്ടത്. പിന്നെ അതെങ്ങനെയാണ് മരത്തില്‍ ഇടിച്ച് തകര്‍ന്ന നിലയിലായതെന്ന് അറിയില്ല. ഇതൊക്കെ ആരുടെ മുന്നിലും തുറന്നുപറയാന്‍ തയാറാണ്. തന്നെ ബ്രെയിന്‍ മാപ്പിംഗിന് വിധേയമാക്കണമെന്നും സോബി വീഡിയോയില്‍ ആവശ്യപ്പെടുന്നു.