Tuesday 15 October 2019
അന്വേഷണം അട്ടിമറിച്ചാൽ സോബിൻ കോടതിയിലേക്ക്

By Online desk .17 Jun, 2019

imran-azhar

 

 

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകട മരണം സ്വാഭാവികമെന്ന ക്രൈംബ്രാഞ്ച് നിഗമനത്തിനെതിരെ കലാഭവന്‍ സോബിന്‍. അപകടം അസ്വഭാവികമാണെന്നും അതിനു തക്ക തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സോബിന്‍ കലാകൗമുദിയോടു പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത സംബന്ധിച്ച് കലാകൗമുദി റിപ്പോര്‍ട്ട് ചെയ്‌പ്പോഴാണ് ക്രൈംബ്രാഞ്ച് രണ്ടാമത് പുനരന്വേഷണത്തിന് തയാറായത്. അപകടസമയത്ത് അസ്വാഭാവികമായി കണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിനോട് തുറന്നു പറഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ നടുറോഡില്‍ ഡിജെ പാര്‍ട്ടി നടത്തിയവര്‍ ആരൊക്കെയാണെന്ന് ഇപ്പോഴും വ്യക്തമായി അറിയാം. കേരളത്തിലെ അറിയപ്പെടുന്ന ഗുണ്ടാ സംഘത്തില്‍പ്പെട്ട 15ഓളം പേരാണ് അവിടെ ഉണ്ടായിരുന്നത്. അവര്‍ക്ക് ആ പ്രദേശത്ത് വരേണ്ട യാതൊരു കാര്യവും ഉണ്ടെന്നു തോന്നുന്നില്ല. എന്തോ ഗൂഡലക്ഷ്യത്തോടെയാണ് അവര്‍ എത്തിയത്. പൊലീസുകാര്‍ക്ക് വരെ അറിയാവുന്ന ഗുണ്ടാസംഘമാണ് അവര്‍. ഒരു ലക്ഷ്യമില്ലാതെ ഒരിക്കലും ഇത്തരം സംഘങ്ങള്‍ ഒരിടത്തേക്കും പോകാറില്ല. ഇവര്‍ ആരൊക്കെയാണെന്ന് ഞാന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ സമയത്ത് പറഞ്ഞിരുന്നതാണ്. അവരുമായി എനിക്ക് എന്ത് ബന്ധമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ ആദ്യം ചോദിച്ചത്. അതിനുള്ള ഉത്തരവും ഞാന്‍ നല്‍കിയിട്ടുണ്ട്. മറുപടി കേട്ടയുടനെ അവര്‍ പറഞ്ഞത് ഇതൊക്കെ അന്വേഷിച്ചു പോയാല്‍ തലവേദനയാകുമെന്നാണ്. ഇങ്ങനെ പറഞ്ഞാല്‍ കേസിന്റെ ഗതി മാറ്റുന്നുവെന്ന് ചിലര്‍ ആരോപിക്കുമെന്നും അവര്‍ പറഞ്ഞതായി കലാഭവന്‍ സോബിന്‍ വ്യക്തമാക്കി.


ഒരുകാര്യം ഉറപ്പാണ്, ബാലുവിന്റേത് മനഃപൂര്‍വ്വം വരുത്തിവച്ച അപകടമാണ്. സംശയമുള്ള ചിലരുടെ പട്ടിക ക്രൈംബ്രാഞ്ചിന്റെ കൈയിലുണ്ട്. അവരെ വിശദമായി ചോദ്യംചെയ്താല്‍ കൃത്യമായ കാര്യങ്ങള്‍ പുറത്തു വരും. അതിന് അവര്‍ തയാറാകുന്നില്ല. എങ്ങെയെങ്കിലും അന്വേഷണം അവസാനിപ്പിച്ച് സ്വാഭാവികമരണമെന്നാണ് റിപ്പോര്‍ട്ടെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സോബിന്‍ പറഞ്ഞു. അഭിഭാഷകനുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്നു പുലര്‍ച്ചെ റോഡില്‍ ഉണ്ടായിരുന്ന 15 പേരെയും നല്ലപോലെ അറിയാം. ഇവര്‍ ആരൊക്കെയാണെന്ന് അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ പറയുന്നില്ല. പക്ഷേ ബാലുവിന്റെ പിതാവ് ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തോട് അവരുടെ വ്യക്തമായ വിവരം നല്‍കും. ഗുണ്ടാ സംഘം വെറുതെ ആവഴിക്ക് പോയപ്പോള്‍ ആഘോഷം നടത്തിയെന്നു പറഞ്ഞാലും അവിശ്വസനീയമാണ്. പക്ഷേ ആ ദിശയിലേക്ക് അന്വേഷണം നീങ്ങിയിട്ടില്ല. ഇപ്പോഴും ഡ്രൈവര്‍ അര്‍ജുന്‍, പൂന്തോട്ടത്തെ ഡോക്ടറും കുടുംബവും, മാനേജര്‍മാരും ഉള്‍പ്പെടെയുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എനിക്ക് ഒരിക്കലും കള്ളം പറയേണ്ട കാര്യമില്ല. ഒരവസരം വരുമ്പോള്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞ് മാധ്യമ ശ്രദ്ധ നേടേണ്ട ആവശ്യവുമില്ല. ക്രൈംബ്രാഞ്ച് അന്വേഷണം നേരായ ദിശയില്‍ അല്ലെങ്കില്‍ കോടതിയെ സമീപിക്കും. നുണ പരിശോധന ഉള്‍പ്പെടെയുള്ളയുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് ഞാന്‍ തയാറാണെന്ന് കോടതിയെ അറിയിക്കും. ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ കള്ളം കാണിക്കില്ലെന്നാണ് വിശ്വാസമെന്നും സോബിന്‍ പറഞ്ഞു.അതേസമയം ഡ്രൈവര്‍ അര്‍ജനിന്‍രെയും പൂന്തോട്ടത്തെ ഡോക്ടറുടെ മകന്‍ ജിഷ്ണുവിന്റെയും മൊഴിയെടുപ്പ് ശാസ്ത്രീയ പരിശോധനാഫലം കിട്ടിയ ശേഷമേ ഉണ്ടാകൂവെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. കേസ് ഏറ്റെടുത്ത ആദ്യ നാളുകളില്‍ തന്നെ അര്‍ജുനെ വിശദമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന വാദത്തില്‍ ഉറച്ച് നിന്ന അര്‍ജുനെതിരെ കൃത്യമായ തെളിവുകളാണ് അന്വേഷണ സംഘം പിന്നീട് ശേഖരിച്ചത്. ഇതിനിടെ സംശയത്തിന്റെ നിഴലില്‍ ഉണ്ടായിരുന്ന പൂന്തോട്ടം ആശുപത്രി ഉടമകളെയും ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. ബാലഭാസ്‌കറിന് പാലക്കാട് ഭൂമിയുള്ള കാര്യവും കെട്ടിട നിര്‍മ്മാണത്തിന് പണം ബാലുവില്‍ നിന്ന് കടമായി വാങ്ങിയിരുന്നതായും ആദ്യ ഘട്ടത്തില്‍ തന്നെ ഡോ രവീന്ദ്രന്‍ ക്രൈം ബ്രാഞ്ച് സംഘത്തോട് പറഞ്ഞിരുന്നുവെന്നാണ് വിവരം. എന്നാല്‍ തമ്പി, വിഷ്ണു എന്നിവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായതോടെയാണ് ബാലഭാസ്‌കറിന്റെ അപകടമരണത്തെക്കുറിച്ചുള്ള അന്വേഷണവും സങ്കീര്‍ണമായതെന്ന് ക്രൈം ബ്രാഞ്ച് സംഘം പറയുന്നു.ഇതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. കൂടാതെ സംശയത്തിന്റെ നിഴലിലുള്ള തമ്പി, വിഷ്ണു, പൂന്തോട്ടം ആശുപത്രി ഉടമകളെന്നിവര്‍ക്ക് ബാലഭാസ്‌കറിനെ ഇല്ലാതാക്കിയതുകൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാനാനിടയില്ല. ബാലഭാസ്‌കര്‍ ജീവിച്ചിരുന്നാല്‍ മാത്രമെ അദ്ദേഹത്തില്‍ നിന്ന് ഇവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാനിടയുള്ളൂവെന്നും ക്രൈം ബ്രാഞ്ച് അനുമാനിക്കുന്നു. ഫോണ്‍ രേഖകളുടെ പരിശോധന തുടരുകയാണ്, സംശയത്തിന്റെ നിഴലിലുള്ളവരും ദൃക്‌സാക്ഷികളും അപകടം നടന്ന ലൊക്കേഷനില്‍ ഉണ്ടായിരുന്നോ എന്ന് ഉറപ്പുവരുത്താന്‍ ഫോണ്‍ രേഖകളുടെ പരിശോധന അനിവാര്യമാണ്.അതേ സമയം ലോക്കല്‍ പൊലീസ് കേസ് അന്വേഷണത്തില്‍ വരുത്തി വീഴ്ച്ചകള്‍ ക്രൈം ബ്രാഞ്ചിനും തലവേദന സൃഷ്ടിക്കുന്നുണ്ടെന്നാണ് വിവരം.