Friday 05 June 2020
ബാലഭാസ്‌കറിന്റെ കാര്‍ യാത്ര പുനരാവിഷ്‌കരിച്ച് ക്രൈംബ്രാഞ്ച്

By ബി.വി. അരുണ്‍ കുമാര്‍.15 Jun, 2019

imran-azhar


തിരുവനന്തപുരം: സമയം രാത്രി 11.30. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ ലോഡ്ജ്. മൂന്നംഗ സംഘം ഒരു ഇന്നോവ കാറില്‍ തലസ്ഥാനത്തേക്ക് യാത്ര തിരിച്ചു. 50–60 കിലോമീറ്റര്‍ വേഗതയിലായിരുന്നു ആ വാഹനം. ഇടയ്ക്കുവച്ച് ഡ്രൈവര്‍ ആക്‌സിലേറ്ററില്‍ കാലമര്‍ത്തി. അപ്പോള്‍ കാറിന്റെ വേഗത പൊടുന്നതനെ 100ലേക്ക് കുതിച്ചു. നിമിഷങ്ങള്‍ കഴിയുന്തോളും വേഗതയും കൂടിവന്നു. കാര്‍ കൊല്ലത്തെത്താന്‍ എടുത്തത് മൂന്നു മണിക്കൂറിലേറെ മാത്രം. ജ്യൂസ് കടയ്ക്കു മുന്നില്‍ കാര്‍ ബ്രേക്കിട്ടു. 
കാറില്‍ നിന്നിറങ്ങിയത് ബാലഭാസ്‌കറായിരുന്നില്ല. അവര്‍ മൂന്നുപേരുണ്ടായിരുന്നു. സിവില്‍ വേഷം ധരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് പുറത്തിറങ്ങി. ജ്യൂസ് വാങ്ങി ഇടത് മുന്‍സീറ്റിലും പിന്‍ സീറ്റിലും ഇരുന്ന സഹ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ബാലഭാസ്‌കറിന്റെ അപകടമരണത്തിന്റെ ദുരൂഹത അകറ്റാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആ യാത്ര പുനരാവിഷ്‌കരിക്കുകയായിരുന്നു.


ബാലാഭാസ്‌കറിന്റെ വാഹനം സഞ്ചരിച്ച അതേ വേഗത്തില്‍ സമാനപാതയിലൂടെയായിരുന്നു യാത്ര. ബാലഭാസ്‌കറിന്റെ യാത്രയുടെ അതേ സമയത്തായിരുന്നു ക്രൈംബ്രാഞ്ചിന്റെയും സഞ്ചാരം. വാഹനം കടന്നുപോകുമ്പോള്‍ യാത്ര ക്യാമറയില്‍ പതിയാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, എത്തിചേരാന്‍ വേണ്ടിവന്ന സമയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു. കൊല്ലം പള്ളിമുക്കില്‍ ബാലഭാസ്‌കറും അര്‍ജുനും ജ്യൂസ് കുടിച്ച കടയില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് നടത്തി.


അപകട മരണത്തില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. അതേസമയം ബാലുവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന് ഡിആര്‍ഐയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. സ്വാഭാവിക അപകടമെന്നാണ് നിഗമനമെങ്കിലും സംഭവത്തിലെ മറ്റു വശങ്ങളും പരിശോധിച്ചു വരികയാണ്. ബാലുവുമായി ബന്ധമുണ്ടായിരുന്നതും പിന്നീട് പിണങ്ങിപ്പോയവരുമായവരെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുകയാണ്. വാഹനം ഓടിച്ചത് ആരെന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ അര്‍ജുനാണ് വാഹനം ഓടിച്ചതെന്നാണ് നിഗമനം.


എന്നാല്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി നേരെ തിരിച്ചാണ്. അതിനാല്‍ ഫോറന്‍സിക് പരിശോധനാഫലം വന്നശേഷമേ ഇക്കാര്യത്തില്‍ വ്യക്ത വരുത്താനാകു. ഒരാഴ്ചയ്ക്കുള്ളില്‍ കേസിനെ കുറിച്ചുള്ള ദുരൂഹത മാറുമെന്ന് ഡിവൈഎസ്പി ഹരികൃഷ്ണന്‍ ബിഗ് ന്യൂസിനോടു പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ ഡിആര്‍ഐയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാലുവിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് അന്വേഷിക്കേണ്ടതുണ്ട്. അതിന് ഡിആര്‍ഐയ്ക്ക് ഉടന്‍ കത്ത് കൈമാറും. ഫോറന്‍സിക് റിപ്പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ കോളുകളുടെയും പരിശോധന ഫലം എന്നിവയ്ക്കുവേണ്ടി കാക്കുകയാണ് അന്വേഷക സംഘം. ഇതുവരെയുള്ള അന്വേഷണത്തില്‍ ബാലഭാസ്‌കറിനെ യാത്രക്കിടയില്‍ അപായപ്പെടുത്താന്‍ ശ്രമം നടന്നതിനുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല.


25ല്‍ അധികം പേരുടെ കോള്‍ വിശദാംശങ്ങാണ് സൈബര്‍വിഭാഗത്തിന്റെ സഹായത്തോടെ പരിശോധിക്കുന്നത്. ഫോറന്‍സിക് പരിശോധന ഫലം ലഭ്യമാകുന്നതോടെ വാഹനം ഓടിച്ചത് ആരെന്ന് വ്യക്തമാകും. അപകടശേഷം മൂന്നുതവണയാണ് അര്‍ജുന്‍ മൊഴിമാറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേളയില്‍ വാഹനം ഓടിച്ചത് താനാണെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ പൊലീസിന് മുന്നില്‍ ബാലഭാസ്‌കറാണെന്ന് തിരുത്തി. പിന്നീട് ക്രൈംബ്രാഞ്ചിന് മുന്നില്‍ എത്തിയപ്പോള്‍ വാഹനം ഓടിച്ചത് ആരെന്ന് ഓര്‍മയില്ലെന്ന് മൊഴിനല്‍കി. ബാലുവിന്റെ മരണശേഷം ഒളിവിലായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ നാട്ടിലെത്തിയെങ്കിലും ചോദ്യംചെയ്തിട്ടില്ല. ഫോറന്‍സിക് ഫലം വന്നശേഷമേ അതില്‍ തീരുമാനമെടുക്കൂവെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. പാലക്കാട് പൂന്തോട്ടത്തെ ഡോക്ടറുടെ മകന്‍ ജിഷ്ണുവും നാട്ടിലെത്തിയിട്ടുണ്ട്. ഏതുസമയത്തും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്താമെന്ന് അറിയിച്ചതായി ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു.


അതേസമയം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ക്രൈംബ്രാഞ്ചില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്നലെ ഡിവൈഎസ്പി ഹരികൃഷ്ണനില്‍ നിന്നും ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി ചോദിച്ചറിഞ്ഞു. വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ബാലുവിന്റെ പ്രോഗ്രാം മാനേജര്‍ പ്രകാശന്‍ തമ്പിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാത്രമല്ല കേസിലെ മുഖ്യ പ്രതിയും കഴക്കൂട്ടം സ്വദേശിയുമായ അഡ്വ. ബിജുവില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ഡിആര്‍ഐയ്ക്ക് ലഭിച്ചിട്ടുണ്ട്. ബാലഭാസ്‌കറിന്റെ ഫിനാന്‍സ് മാനേജര്‍ വിഷ്ണുവിലേക്കാണ് അന്വേഷണം നീങ്ങുന്നത്. എന്നാല്‍ ഇയാളെ പിടികൂടാന്‍ ഡിആര്‍ഐയ്ക്ക് സാധിച്ചിട്ടില്ല.


ഗള്‍ഫില്‍ നിന്നും സ്വര്‍ണം വാങ്ങി ബിജുവിനും സെറീനയ്ക്കും നല്‍കിയിരുന്നത് വിഷ്ണുവാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഡിആര്‍ഐയ്ക്ക് ലഭിച്ചിട്ടുണ്ട്. ബാലഭാസ്‌കര്‍ ഗള്‍ഫില്‍ ഷോയ്ക്ക് പോയിവരുമ്പോഴും സ്വര്‍ണം കടത്തിയതായാണ് വിവരം. ഇത് ബാലു അറിഞ്ഞിട്ടാണോ എന്നറിയാന്‍ വിഷ്ണുവിനെ കൂടി പിടികൂടേണ്ടതുണ്ട്. ബാലുവില്‍ നിന്നാണ് സ്വര്‍ണക്കടത്ത് ബിസിനസിനായുള്ള പണം വിഷ്ണു കടംവാങ്ങിയത്. ബാലഭാസ്‌കറും സ്വര്‍ണക്കടത്തിന്റെ ഭാഗമായിട്ടുണ്ടോയെന്നും സംഘം അന്വേഷിക്കുന്നുണ്ട്. ബാലഭാസ്‌കറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. രണ്ടു ദിവസത്തിനകം ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കും.