Saturday 24 June 2017

ചന്തകളില്‍ ബീഫ് വാങ്ങാനാളില്ല

By Subha Lekshmi B R.16 Apr, 2017

imran-azhar

കൊച്ചി: കൊച്ചിക്കാര്‍ ബീഫ് വര്‍ജ്ജിച്ചോ? ഈസ്റ്ററായിട്ടും കച്ചവടം മോശമായതിനാലാണ് ഈ ചോദ്യം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ അന്പത് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍, ബീഫ് നിരോധനമല്ല മറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചിയിലെ എടിഎമ്മുകളില്‍ പണമില്ളാത്തതാണ് ബീഫ് കച്ചവടത്തില്‍ ഇടിവുണ്ടാവാന്‍ കാരണം എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. "സാധാരണ ദിവസങ്ങളെ അപേകഷിച്ച് ഇരട്ടി കച്ചവടമാണ് ഈസ്റ്ററിന്‍റെ തലേദിവസം സാധാരണ ഗതിയില്‍ ഉണ്ടാവുക. പത്തുലക്ഷം രൂപയ്ക്ക് വരെ കച്ചവടങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതിന്‍റ പകുതി പോലും ആയിട്ടില്ള. ആള്‍ക്കാരുടെ കൈവശം നോട്ടുകള്‍ ഇല്ളാത്തതാണ് പ്രധാന കാരണം" എറണാകുളം മീറ്റ് വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.യു. കുഞ്ഞുമുഹമ്മദ് പറയുന്നു.

 

ശനിയാഴ്ച്ച കിലോയ്ക്ക് 250 മുതല്‍ 300 രൂപ വരെ വിലയ്ക്കാണ് ബീഫ് വിറ്റിരുന്നത്. വില്‍പ്പന കുറവായതിനാല്‍ത്തന്നെ ഇക്കുറി വില കൂട്ടാന്‍ സാധിച്ചിട്ടില്ളെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മാളുകളിലെ ബീഫ് സ്റ്റാളുകളിലെ വില്‍പ്പന കൂടിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. കറന്‍സിരഹിത പണമിടപാട് ചന്തകളിലെ വില്‍പ്പനശാലകളില്‍ പ്രായോഗികമല്ള എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.