Friday 24 September 2021




രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങിയതായി പഠനം; പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം; ഒരു ആശ്വാസ വാര്‍ത്തയും

By RK.14 Sep, 2021

imran-azhar

 


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങിയതായി ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ (പിജിഐഎംഇആര്‍) ഡയറക്ടര്‍ ഡോ. ജഗത് റാം അറിയിച്ചു. മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടിട്ടുണ്ടെന്നതാണ് കാരണം.

 

27,000 കുട്ടികളില്‍ പിജിഐഎംഇആര്‍ നടത്തിയ പഠനത്തില്‍ 70 ശതമാനം പേരിലും കോവിഡ് ആന്റിബോഡി കണ്ടെത്തി. കുട്ടികളെ മൂന്നാം തരംഗം വല്ലാതെ ബാധിക്കില്ലെന്നാണ് ഇത് കാണിക്കുന്നത്.

 

മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നടത്തിയ സിറോ സര്‍വേയില്‍ 50 മുതല്‍ 75 ശതമാനം വരെ കുട്ടികളില്‍ കോവിഡിനെതിരായ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്.

 

കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ആന്റിബോഡികള്‍ കോവിഡ് മൂലം രൂപപ്പെട്ടതാണ്. അതിനാല്‍ തന്നെ മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് ഡോ. ജഗത് റാം.

 

മൂന്നാം തരംഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നത് താമസിച്ചേക്കും. ജനങ്ങള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

ഇതിനിടെ മൂന്നാം തരംഗത്തില്‍ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കി.