Friday 19 July 2019




ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ടത് സ്വര്‍ഗാരോഹണ കഥകണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍

By ബി.വി. അരുണ്‍ കുമാര്‍.13 Jun, 2019

imran-azhar


തിരുവനന്തപുരം: ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ടത് സ്വര്‍ഗാരോഹണ കഥകണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്തായിരുന്നു (മത്തവിലാസം കൂത്ത്) ബാലഭാസ്‌കര്‍ മകള്‍ തേജസ്വിനിക്കു വേണ്ടി നേര്‍ച്ചയായി നടത്തിയത്. പാലക്കാട് പൂന്തോട്ടത്തിലെ ഡോ. രവീന്ദ്രനാഥിന്റെ ഭാര്യ ലതയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നേര്‍ച്ച. അപകടത്തെ തുടര്‍ന്ന് ബാലഭാസ്‌കര്‍ ആശുപത്രിയിലായിരുന്ന സമയം ലതയുടെ സഹോദരി രമണിയും ഭര്‍ത്താവ് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടും അവിടെ എത്തിയിരുന്നു.

 

അവരുടെ മകള്‍ ഓസ്‌ട്രേലിയയിലാണ് താമസം. അവര്‍ക്ക് ബാലുവിന്റെ മകള്‍ തേജസ്വിനിയുടെ പ്രായത്തിലുള്ള കുട്ടിയുണ്ട്. അവള്‍ക്കു വേണ്ടി ക്ഷേത്രത്തില്‍ മത്തവിലാസം കൂത്ത് നേര്‍ച്ച നടത്തിയിരുന്നതായി രമണി ബാലുവിന്റെ പിതാവ് ഉണ്ണിയോടു പറഞ്ഞു. അക്കൂട്ടത്തില്‍ ബാലുവിന്റെ മകള്‍ക്കും നേര്‍ച്ച നടത്തുകയായിരുന്നുവെന്നാണ് അവര്‍ അറിയിച്ചതെന്നും ബാലുവിന്റെ മാതൃസഹോദരി പൂത്രി പ്രിയ വേണുഗോപാല്‍ പറഞ്ഞു. അവസാന ദിവസം സ്വര്‍ഗാരോഹണ കഥയായിരുന്നു നേര്‍ച്ചയായി നടന്നത്. അത് പൂര്‍ത്തിയായപ്പോള്‍ രാത്രിയായി.


തുടര്‍ന്ന് ക്ഷേത്രത്തിനു സമീപത്തെ തങ്ങളുടെ വീട്ടിലെത്തി ബാലുവും കുടുംബവും കുഞ്ഞും ആഹാരം കഴിച്ച ശേഷമാണ് റൂമിലേക്ക് പോയതെന്നും രമണി പറഞ്ഞിരുന്നു. ഈസമയം ഭാര്യ ലക്ഷ്മി റൂമിലായിരുന്നു. ക്ഷേത്രത്തില്‍ കയറാന്‍ പറ്റാത്ത സാഹചര്യമായതിനാലാണ് അവര്‍ മുറിയില്‍ കഴിഞ്ഞിരുന്നതെന്ന് രമണി പറഞ്ഞപ്പോഴാണ് തങ്ങള്‍ അറിയുന്നതെന്നും പ്രിയ പറഞ്ഞു.


ഈ വിവരമറിഞ്ഞ് ബാലുവിന്റെ പിതാവ് ഉണ്ണി അവരെ വഴക്കുപറഞ്ഞിരുന്നു. ക്ഷേത്രത്തില്‍ കറാന്‍ പാടില്ലാത്തപ്പോള്‍ ആ നേര്‍ച്ച വേണമായിരുന്നോ എന്ന് ബാലുവിന്റെ മാതാവ് ശാന്തയും ചോദിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ കേട്ട് രമണിയും ഭര്‍ത്താവും കരഞ്ഞുകൊണ്ട് മുറിവിട്ടു പോയെന്ന് പ്രിയ പറഞ്ഞു.